X

രണ്ടാം ലോക മഹായുദ്ധത്തിനുശേഷം ബ്രിട്ടനില്‍ ഉയര്‍ന്നുവരുന്ന ഏറ്റവും വലിയ നിർമ്മാണ പദ്ധതി ഹിങ്ക്ലി പോയിന്റ് ന്യൂക്ലിയർ പവർ സ്റ്റേഷൻ കടുത്ത ‘മനോരോഗ’ പ്രതിസന്ധിയിലാണ്

2019-ലെ ആദ്യ നാല് മാസങ്ങളിൽ മാത്രം 10 പേരാണ് ആത്മഹത്യക്ക് ശ്രമിച്ചത്

രണ്ടാം ലോക മഹായുദ്ധത്തിനുശേഷം ബ്രിട്ടനില്‍ ഉയര്‍ന്നുവരുന്ന ഏറ്റവും വലിയ നിർമ്മാണ പദ്ധതിയാണ് ഹിങ്ക്ലി പോയിന്റ് ന്യൂക്ലിയർ പവർ സ്റ്റേഷൻ. അതിപ്പോള്‍ കടുത്ത ‘മനോരോഗ’ പ്രതിസന്ധി നേരിടുകയാണ്. 2016-ൽ ഇവിടെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ ആരംഭിച്ചതിനുശേഷം നിരവധി പേര്‍ ആത്മഹത്യ ചെയ്തതായി ‘ദ ഗാർഡിയൻ’ റിപ്പോര്‍ട്ടു ചെയ്യുന്നു. നാലായിരത്തിലധികം തൊഴിലാളികളാണ് ഒരു ദശാബ്ദക്കാലം നീണ്ടു നിന്നേക്കാവുന്ന വിശാലമായ കെട്ടിട നിർമ്മാണത്തിന്‍റെ ഭാഗമാകുന്നത്. ഭാവിയില്‍ ബ്രിട്ടണിലെ വൈദ്യുതി വിതരണത്തിന്‍റെ പ്രധാന കേന്ദ്രമാകും ഹിങ്ക്ലി പോയിന്റ്.

ഈ വർഷം ഇതുവരെ തൊഴിലാളികള്‍ക്കിടയില്‍ ആത്മഹത്യാശ്രമങ്ങളുടെ എണ്ണത്തില്‍ വർധനവുണ്ടായതായി യൂണിയൻ ഭാരവാഹികള്‍ പറയുന്നു. സമ്മർദ്ദം, ഉത്കണ്ഠ, വിഷാദം തുടങ്ങിയ രോഗങ്ങളടക്കം മാനസിക പിരിമുറുക്കം അനുഭവിക്കുന്ന തൊഴിലാളികളുടെ എണ്ണത്തിലും ഗണ്യമായ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. 2019-ലെ ആദ്യ നാല് മാസങ്ങളിൽ മാത്രം 10 പേരാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ‘തൊഴിലാലുകളുടെ മാനസികാരോഗ്യത്തെയും, അവര്‍ക്കിടയില്‍ നടക്കുന്ന ആത്മഹത്യാ പ്രവണതകളേയും കുറിച്ചുള്ള സ്ഥിതിവിവരക്കണക്കുകൾ ഞെട്ടലുളവാക്കുന്നതാണെന്ന്’ യുണൈറ്റ് യൂണിയന്‍ കൺവീനർ മാൽക്കം ഡേവിസ് പറയുന്നു.

ഏകാന്തത, സ്വകാര്യ ബന്ധങ്ങളിലെ സംഘര്‍ഷങ്ങള്‍, ചിലപ്പോൾ കുടുംബത്തിൽ നിന്നും നൂറുകണക്കിന് മൈലുകൾ മാറി ഒരിടത്ത് ജോലി ചെയ്യേണ്ടി വരുന്നത് എന്നിവയൊക്കെയാണ് ദുരിതത്തിന്‍റെ പ്രധാന കാരണങ്ങൾ. എന്നാല്‍ ആണവ നിലയത്തിന്‍റെ നിർമ്മാണ ചുമതലയുള്ള ഫ്രഞ്ച് കമ്പനി ഈ വാര്‍ത്തക്കെതിരെ രംഗത്തെത്തി. പ്രവര്‍ത്തനം തുടങ്ങിയതിനു ശേഷം വെറും രണ്ടു ആത്മഹത്യകള്‍ മാത്രമാണ് നടന്നതെന്നും, അതില്‍ത്തന്നെ ഒരാള്‍ ജോലിയില്‍നിന്നും രാജിവെച്ചു പോയ ആളാണെന്നും കമ്പനി അവകാശപ്പെടുന്നു.

അതേസമയം, തൊഴിലാളികള്‍ക്കിടയില്‍ ആത്മഹത്യാ പ്രവണതയുണ്ടെന്നു കമ്പനി അധികൃതര്‍ സമ്മതിക്കുന്നുമുണ്ട്. 200 മാനസികാരോഗ്യ വിദഗ്ധരെ നിയമിക്കുക, അവര്‍ക്ക് പരസ്പരം സംസാരിക്കുവാനുള്ള കേന്ദ്രങ്ങള്‍ സ്ഥാപിക്കുക തുടങ്ങിയ കുറച്ചു നിര്‍ദ്ദേശങ്ങളും അവര്‍ പ്രശ്ന പരിഹാരത്തിനായി മുന്നോട്ട്‌ വയ്ക്കുന്നു.

This post was last modified on August 14, 2019 6:52 pm