X

മധുര പ്രിയരേ.. മധുരത്തിന് ഒരു ഹൃദയ ബന്ധവുമുണ്ട്!

മധുരമുള്ള ഭക്ഷണവും പ്രമേഹവും തമ്മില്‍ മാത്രമല്ല ബന്ധമുള്ളത്

മധുരപലഹാരങ്ങള്‍ ഇഷ്ടമില്ലാത്തവരായി ആരുമില്ല. കൃത്രിമമധുരം കലര്‍ത്തിയ പാനീയങ്ങള്‍ കഴിക്കാത്തവരും എണ്ണത്തില്‍ കുറവാണ്. മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പ്രശ്നങ്ങളില്ലാത്ത ധൈര്യത്തില്‍ നിയന്ത്രണമില്ലാതെ മധുരം കഴിക്കുന്നവര്‍ ഇനിയെങ്കിലും ശ്രദ്ധിക്കണമെന്ന് ഒരു പഠനറിപ്പോര്‍ട്ട് പറയുന്നു. നിങ്ങള്‍ക്ക് ഹൃദ്രോഗം വരാനുള്ള സാധ്യത വളരെ കൂടുതലാണത്രെ!

യു.കെ ആസ്ഥാനമായ സര്‍വ്വകലാശാല(university of surrey)യാണ് പഠനം നടത്തിയത്. ക്ലിനിക്കല്‍ സയന്‍സ് ജേണലി(clinical science journal)ലാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. പഠനത്തിന് വിധേയരായവരില്‍ ഒരു വിഭാഗത്തിന്റെ രക്തത്തിലെയും കരളിലെയും കൊഴുപ്പിന്റെ സാന്നിധ്യം വളരെ കൂടുതലാണ്. ഇവര്‍ മധുരം കഴിക്കാന്‍ ഏറെ ഇഷ്ടപ്പെടുന്നവരാണെന്ന് കണ്ടെത്തി.

കരളിലെ കൊഴുപ്പിന്റെ അംശം കൂടുതലാണെന്ന് കണ്ടെത്തിയവരില്‍ മധുരം ചേര്‍ന്ന ഭക്ഷണത്തിന്റെ അളവ് ദിവസവും 140 കലോറിയെന്ന അളവില്‍ നിയന്ത്രിച്ചു. കൊഴുപ്പിന്റെ സാന്നിധ്യം താരതമ്യേന കുറവായവര്‍ക്ക് മധുരം കൂടുതലായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തി; 650 കലോറി വരെ. കരളിലെ കൊഴുപ്പിന്റെ സാന്നിധ്യം ഞെട്ടിക്കുന്ന മാറ്റമാണ് ഇവരുടെ ഹൃദയാരോഗ്യത്തില്‍ പ്രകടിപ്പിച്ചത്.

12 ആഴ്ച നീണ്ടുനിന്ന പരീക്ഷണത്തില്‍, മധുരം ക്രമാതീതമായി ഉപയോഗിച്ചവരില്‍ കൊഴുപ്പിന്റെ അംശം ഉയര്‍ന്ന തോതിലായി. നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസി(nafld)ന്റെ സാന്നിധ്യവും ഇവരില്‍ പ്രകടമായി. മാത്രമല്ല, ഹൃദയാരോഗ്യം കുറയുന്നത് ഇവരില്‍ ഹാര്‍ട്ട് അറ്റാക്കും സ്ട്രോക്കും സംഭവിക്കുന്നതിന് കാരണമാകുമെന്നും കണ്ടെത്തി.

കൊഴുപ്പിന്റെ അംശം രക്തത്തിലും കോശങ്ങളിലും ആഗിരണം ചെയ്യപ്പെടുന്നത് (fat metabolism) ഗുരുതരമായ രോഗാവസ്ഥകള്‍ക്കാണ് വഴിതുറക്കുന്നത്.

കരളില്‍ കൊഴുപ്പിന്റെ അംശം കുറഞ്ഞ അളവില്‍ കാണപ്പെട്ടവര്‍ പോലും ചുരുങ്ങിയ സമയത്ത് മധുരം അനിയന്ത്രിതമായി കഴിച്ചത്, അവരില്‍ നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ രോഗമുണ്ടാവാന്‍ കാരണമായിട്ടുണ്ട്.

നിയന്ത്രണമില്ലാതെയുള്ള മധുരത്തിന്റെ ഉപയോഗവും ഹൃദയാരോഗ്യവും തമ്മില്‍ വലിയ ബന്ധമുണ്ടെന്നതിന് തെളിവാണ് ഈ പഠനറിപ്പോര്‍ട്ടെന്ന് ഗവേഷകസംഘത്തിന്റെ തലവന്‍ കൂടിയായ പ്രൊഫ. ബ്രൂസ് ഗ്രിഫിന്‍(bruce griffin) പറയുന്നു. മധുരമുള്ള ഭക്ഷണവും പ്രമേഹവും തമ്മില്‍ മാത്രമല്ല ബന്ധമുള്ളത്. ഹൃദയത്തിന്റെ നല്ല പ്രവര്‍ത്തനത്തിനും മധുരം നിയന്ത്രിക്കുന്നതാണുചിതം.

 

This post was last modified on January 24, 2018 5:14 pm