X

ചരിത്രത്തില്‍ ഇന്ന്: ചാള്‍സ് -ഡയാന വേര്‍പിരിയലും ഹെലിഗോലാന്‍ഡ് യുദ്ധവും

1914 ആഗസ്ത് 28
ഹെലിഗോലാന്‍ഡ് ഉള്‍ക്കടല്‍ യുദ്ധം

ഒന്നാം ലോക മഹായുദ്ധം കരയില്‍ നിന്ന് കടലിലേക്കും വ്യാപിച്ച ദിവസമാണ് 1914 ആഗസ്ത് 28. ജര്‍മ്മനിയുടെ വടക്ക് ഹെലിഗോലാന്‍ഡ് ഉള്‍ക്കടലില്‍ വച്ച് ബ്രിട്ടന്റെയും ജര്‍മ്മനിയുടെയും പടക്കപ്പലുകള്‍ മുഖാമുഖം വന്നപ്പോള്‍ അത് ഒരു കടല്‍ യുദ്ധത്തിന്റെ തുടക്കമായി. ഈ ഭാഗം ജര്‍മ്മനി തങ്ങളുടെ പടക്കപ്പല്‍ കേന്ദ്രമായി ഉപയോഗപ്പെടുത്തി വരികയായിരുന്നു.

ബ്രിട്ടീഷ് കമാന്‍ഡറായ റെയ്‌നോള്‍ഡ് റ്റയ്ര്‍വിറ്റ് ജര്‍മ്മനിയുടെ പടക്കപ്പലുകളെ നീക്കങ്ങള്‍ മനസ്സിലാക്കി. ജര്‍മ്മന്‍ കപ്പലുകളുടെ വരവും പ്രതീക്ഷിച്ച് ഇംഗ്ലീഷ് കപ്പലുകള്‍ കാത്തുകിടന്നു. അവര്‍ രണ്ട് ജര്‍മ്മന്‍ ബോട്ടുകള്‍ മുക്കി.പ്രതികാരം ചെയ്യാന്‍ ജര്‍മ്മനി തയ്യാറായി. അവര്‍ റ്റിയ്ര്‍വിറ്റിന്റെ കപ്പല്‍ക്കൂട്ടങ്ങളെ വളഞ്ഞു.

എന്നാല്‍ ശക്തമായ ആക്രമണമാണ് ബ്രിട്ടീഷ് കപ്പലുകളില്‍ നിന്ന് ജര്‍മ്മനിക്ക് നേരിടേണ്ടി വന്നത്. 1200 പേര്‍ക്ക് ആ ആക്രമണത്തില്‍ പരുക്കേറ്റു. ഒടുവില്‍ ഈ കടല്‍ യുദ്ധത്തില്‍ ബ്രിട്ടന് വിജയം സ്വന്തമായി.

1996 ആഗസ്ത് 28
ചാള്‍സും ഡയാനയും വേര്‍പിരിഞ്ഞു

ഇരുപതാം നൂറ്റാണ്ടിലെ പ്രശസ്തരായ ദമ്പതികള്‍; ചാള്‍സ് രാജകുമാരനും ഡയാന രാജകുമാരിയും 1996 ആഗസ്ത് 28 ന് വിവാഹമോചിതരായി. കോടിക്കണക്കിന് ജനങ്ങള്‍ ടെലിവിഷനിലൂടെ വീക്ഷിച്ച, ലോകം ആഘോഷിച്ച വിവാഹമായിരുന്നു ഇവരുടേത്. ഒരു ഇംഗ്ലീഷ് സ്‌കൂള്‍ ടീച്ചറായിരുന്ന യുവതിയും വെയില്‍സിലെ രാജകുമാരനും തമ്മില്‍ നടന്ന വിവാഹം ഒരു മുത്തശ്ശി കഥയിലേതെന്നപോലെയാണ് ലോകം കണ്ടത്. സെന്റ് പോള്‍സ് കത്തീഡ്രല്‍ ആയിരുന്നു വിവാഹ വേദി.

എന്നാല്‍ കൊട്ടിഘോഷിക്കപ്പെട്ട ഈ വിവാഹ ജീവിതത്തിന് 1996 ആഗസ്തില്‍ വിരാമം വീഴുകയായുരുന്നു. ചാള്‍സിന്റെ അമ്മ, എലിസബത്ത് രാജ്ഞിയാണ് ഇരുവരോടും വിവാഹമോചനം തേടാന്‍ ആവശ്യപ്പെട്ടത്. വിവാഹമോചനത്തിന് ശേഷവും വെയ്ല്‍സിന്റെ രാജകുമാരി എന്ന സ്ഥാനവും കെന്‍സിംഗ് പാലസിലെ അപ്പാര്‍ട്ടുമെന്റും ഉപയോഗിക്കാന്‍ അനുവാദമുണ്ടായിരുന്നെങ്കിലും ഡയാന എല്ലാം വേണ്ടെന്നു വച്ചു. തന്റെ പേരിനു മുന്നിലെ ബഹുമാന സൂചികയും അവര്‍ ഉപേക്ഷിച്ചു.

വിവാഹമോചിതയായി ഒരു വര്‍ഷം കഴിഞ്ഞ് 1997 ആഗസ്ത് 31 ന് കാര്‍ അപകടത്തില്‍പ്പെട്ട് ഡയാന കൊല്ലപ്പെട്ടു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഡോഡി ഫയേദും കൊല്ലപ്പെട്ടിരുന്നു. ചാള്‍സ് രാജകുമാരന്‍ 2005 ഏപ്രില്‍ 9 ന് കാമില പാര്‍ക്കര്‍ ബൗലെസിനെ വിവാഹം കഴിച്ചു.

 

This post was last modified on August 28, 2014 8:01 am