X

ഹിലാരി ക്ലിന്റന്‍ ഇ-മെയില്‍ അന്വേഷണം: ചില നിര്‍ണായക ചോദ്യങ്ങള്‍

ഗ്ലെന്‍ കെസ്ലെര്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)

പൊടുന്നനെ വരുന്ന വാര്‍ത്തകള്‍, പ്രത്യേകിച്ചും നിയമപാലന സംവിധാങ്ങളുമായി ബന്ധപ്പെട്ടവ, പരസ്പരവിരുദ്ധവും ആശയക്കുഴപ്പം ഉണ്ടാക്കുന്നതും, അപൂര്‍ണവുമാകാനുള്ള സാധ്യതകള്‍ വളരെ കൂടുതലാണ്. കാരണം സ്രോതസുകളുടെ വിശ്വാസ്യത ഉറപ്പാക്കാതെ തന്നെ ലേഖകര്‍ വാര്‍ത്തകള്‍ക്കായി തിരക്കുകൂട്ടും. കുറച്ചു ദിവസങ്ങളോ ആഴ്ച്ചകളോ തന്നെ എടുക്കും പലപ്പോഴും പൂര്‍ണമായൊരു ചിത്രം ലഭിക്കാന്‍.

ഹിലാരി ക്ലിന്‍റനുമായി ബന്ധപ്പെട്ട ഈ മെയില്‍ അന്വേഷണങ്ങളില്‍ നിര്‍ണായകമെന്ന് കരുതുന്ന ചില പുതിയ ഇ-മെയിലുകള്‍ ലഭിച്ചിട്ടുണ്ടെന്ന എഫ് ബി ഐ ഡയറക്ടര്‍ ജെയിംസ് ബി കോമിയുടെ പ്രഖ്യാപനം അത്തരത്തില്‍ ഒന്നാണ്. അയാള്‍ കോണ്‍ഗ്രസിനയച്ച കത്ത് നിഗൂഢവും വാര്‍ത്താലേഖകര്‍ക്ക് വിശദാംശങ്ങള്‍ക്കായി തപ്പിത്തടയേണ്ട തരത്തിലുള്ള ഒന്നുമാണ്. ഏറെ കൊടുമ്പിരികൊള്ളുന്ന ഒരു പ്രസിഡണ്ട് തെരഞ്ഞെടുപ്പിന് കേവലം 11 ദിവസങ്ങള്‍ ശേഷിക്കവേ വന്ന പ്രഖ്യാപനം ഇരുഭാഗത്തും രാഷ്ട്രീയ നീക്കങ്ങളെ ഇളക്കിമറിച്ചു.

ചില നിര്‍ണായക ചോദ്യങ്ങളും ഉത്തരങ്ങളും ഇതാ:

എന്താണ് സംഭവിച്ചത്?
വിദേശകാര്യ സെക്രട്ടറിയായിരിക്കവേ സ്വകാര്യ സെര്‍വര്‍ ഉപയോഗിച്ച് ഇ-മെയില്‍ അയച്ചതിന്റെ പേരില്‍ നടത്തിയ അന്വേഷണത്തില്‍ ഹിലാരിയും സഹായികളും കടുത്ത അശ്രദ്ധ കാണിച്ചുവെങ്കിലും കുറ്റവിചാരണ നേരിടാന്‍ കാര്യമില്ലെന്ന് ജൂലൈയില്‍ അന്വേഷണം പൂര്‍ത്തിയാക്കിക്കൊണ്ട് എഫ് ബി ഐ പ്രഖ്യാപിച്ചിരുന്നു. രഹസ്യവിവരങ്ങള്‍ മനഃപൂര്‍വം ദുരുപയോഗം ചെയ്തു എന്നു കാണിക്കാന്‍ തെളിവില്ലാത്തതിനാല്‍ കുറ്റവിചാരണ നടത്താനാവില്ല എന്ന് കോമി പറഞ്ഞിരുന്നു.

ഉപേക്ഷിക്കപ്പെട്ട ഒരു സര്‍വറില്‍ നിന്നടക്കമുള്ള വിവരങ്ങള്‍ ശേഖരിച്ചു എന്നാണ് കോമി പറഞ്ഞത്. എന്നാല്‍ ഒക്ടോബര്‍ 28-നു കോണ്‍ഗ്രസിന് അയച്ച കത്തില്‍ നിര്‍ണായകമായേക്കാവുന്ന ചില വിവരങ്ങള്‍ ലഭിച്ചു എന്ന് പറയുന്നു.

പുതിയ ഇ-മെയിലുകളെക്കുറിച്ച് എന്തറിയാം
അധികമൊന്നുമില്ല. അവയെക്കുറിച്ച് എഫ് ബി ഐ തന്നെ വേണ്ടത്ര പരിശോധിച്ചിട്ടില്ല എന്നാണ് തോന്നുന്നത്. പുതിയ കത്തുകള്‍ പഴയ അന്വേഷണവുമായി ബന്ധപ്പെട്ടതാണെന്ന് തോന്നുന്നതായി കോമി പറയുന്നു. എന്നാല്‍ രഹസ്യ വിവരങ്ങള്‍ ഉണ്ടോ എന്നതടക്കം ഇവ പ്രധാനമാണോ എന്ന് എഫ് ബി ഐക്ക് ഇപ്പോള്‍ പറയാനാകില്ല എന്നും കോമി പറയുന്നുണ്ട്.

ഇതിനര്‍ത്ഥം, ഒരിക്കല്‍ എഫ് ബി ഐ ഈ ഇ-മെയിലുകള്‍ പരിശോധിച്ചാല്‍ അവ നേരത്തെ അന്വേഷണത്തില്‍ നോക്കിയതാണെന്ന് മനസിലാക്കാം. അല്ലെങ്കില്‍ ആദ്യം നോക്കാതെ വിട്ടവയാകാം ഇവ. അങ്ങനെയാണെങ്കിലും രഹസ്യവിവരങ്ങള്‍ ഉണ്ടാവുകയോ ഇല്ലാതിരിക്കുകയോ ചെയ്യാം.

എത്ര ഇ-മെയിലുകളുണ്ട്?
മുന്‍ കോണ്‍ഗ്രസ് അംഗം ആന്തണി വെയ്നറുടെയും അയാളുടെ മുന്‍ ഭാര്യയും വിദേശകാര്യ വകുപ്പില്‍ ക്ലിന്‍റന്റെ deputy chief of staff ആയിരുന്ന ഹ്യൂമ ആബേദിന്റെയും കമ്പ്യൂട്ടറില്‍ നിന്നാണ് ഇ-മെയിലുകള്‍ കിട്ടിയതെന്ന് അന്വേഷകര്‍ മാധ്യമങ്ങളോട് പറഞ്ഞു. ലൈംഗികാരോപണത്തില്‍ വെയ്നര്‍ക്കെതിരെ നടക്കുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് കമ്പ്യൂട്ടര്‍ പിടിച്ചെടുത്തത്.

വെയ്നെറെക്കുറിച്ച് അന്വേഷിക്കുന്ന പ്രോസിക്യൂട്ടര്‍മാര്‍ ക്ലിന്റന്‍ അന്വേഷണത്തില്‍ ഭാഗമായിരുന്നില്ല. എന്നാല്‍ വിദേശകാര്യ വകുപ്പിന്റെ ഇ-മെയിലുകള്‍ കണ്ടതോടെ അവര്‍ വിവരം എഫ് ബി ഐയെ അറിയിക്കുകയായിരുന്നു. ഇനി പഴയ അന്വേഷകര്‍ ഇ-മെയിലുകള്‍ പരിശോധിക്കും.

എങ്ങനെയാണ് വിദേശകാര്യ വകുപ്പിന്റെ കത്തുകള്‍ ആബേദിന്റെ കമ്പ്യൂട്ടറില്‍ വന്നത്?
ഇ-മെയില്‍ പകര്‍പ്പെടുത്തു നല്കാന്‍ ഹിലാരി ക്ലിന്റന്‍ ആവശ്യപ്പെട്ടാല്‍ താനത് തന്റെ സ്വകാര്യ എക്കൌണ്ടിലേക്ക് അയച്ചാണ് ചെയ്തിരുന്നതെന്നും വിദേശകാര്യവകുപ്പിന്റെ കമ്പ്യൂട്ടര്‍ സംവിധാനം ഏറെ സമയമെടുത്തിരുന്നതിനാലാണ് അതെന്നും ആബേദ് എഫ് ബി ഐയോടു പറഞ്ഞിരുന്നു. വെയ്നറുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിനായും താനൊരു ഇ-മെയില്‍ എക്കൌണ്ട് തുറന്നിരുന്നതായി അവര്‍ പറഞ്ഞു. പുതിയ ഇ മെയിലുകള്‍ എഫ് ബി ഐ-യോട് വെളിപ്പെടുത്താത്തതാണോ അതോ ഹാര്‍ഡ് ഡ്രൈവില്‍ കേറിപറ്റിയതാണോ എന്നത് വ്യക്തമല്ല.

ക്ലിന്റന്‍ നേരിടുന്ന നിയമഭീഷണി
രഹസ്യ വിവരങ്ങള്‍ മനഃപൂര്‍വം ദുരുപയോഗം ചെയ്തതായി തെളിവ് കിട്ടിയില്ലെന്ന് കോമി പറഞ്ഞിരുന്നു. ഇ-മെയിലുകള്‍ മുമ്പ് പരിശോധിച്ചവയാണെങ്കില്‍ നിയമപരമായി ക്ലിന്‍റന് ബാധ്യതകളൊന്നുമില്ല. മുമ്പ് വെളിപ്പെടുത്താത്തവയാണെങ്കിലും, ക്ലിന്‍റന്റെ കൈവശമില്ലാത്തവയുടെ കാര്യത്തിലാണെങ്കില്‍ പ്രത്യേകിച്ചും, കണക്കുകൂട്ടലുകളെ മാറ്റണമെന്നില.

മുന്‍ അന്വേഷങ്ങളും ക്ലിന്‍റന്റെ അടുത്ത സഹായികളെ കേന്ദ്രീകരിച്ചായിരുന്നു. അതുകൊണ്ട് സ്വന്തം കമ്പ്യൂട്ടറില്‍ രഹസ്യവിവരങ്ങള്‍ ശേഖരിച്ചു എന്നു വന്നാല്‍ ആബേദിന്‍ പുതിയ പരിശോധന നേരിടേണ്ടിവരും. വിദേശകാര്യ വകുപ്പ് വിടുന്ന സമയത്ത് എല്ലാ രഹസ്യവിവരങ്ങളും തിരിച്ചേല്‍പ്പിച്ചു എന്നു കാണിക്കുന്ന OF-109 എന്ന ഒരു സമ്മതപത്രം ആബേദിന്‍ ഒപ്പിട്ടു നല്‍കിയിരുന്നു.

പല തലത്തിലുള്ള രഹസ്യവിവരങ്ങളുണ്ട്. ക്ലിന്‍റന്‍ അന്വേഷണത്തിലെ 2000 ഇ-മെയിലുകള്‍ ‘up-classified’ മുതല്‍ താഴെ തട്ടിലുള്ള ‘confidential’ ഗണത്തില്‍പ്പെട്ടവയടക്കം ആയിരുന്നു. അവ പലതും അയക്കുന്ന സമയത്ത് രഹസ്യരേഖകള്‍ ആയിരുന്നില്ല. പക്ഷേ ഇതില്‍ പലതും പിന്നീട് അതീവ രഹസ്യമായി കണക്കാക്കിയവയാണ്. എന്തായാലും തങ്ങളുടെ പക്കല്‍ രഹസ്യരേഖകളാണോ അല്ലയോ എന്നു സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് അവ അങ്ങനെ രേഖപ്പെടുത്തിയില്ലെങ്കില്‍പ്പോലും ധാരണയുണ്ടാകണം.

അന്വേഷണം റിപ്പബ്ലിക്കന്‍ ആരോപണങ്ങളെ പുനരുജ്ജീവിപ്പിക്കുമോ?
ഇതൊരു ഭാഷാപരമായ പ്രശ്നം കൂടിയാണ്. അന്വേഷണം ഔദ്യോഗികമായി അവസാനിച്ചിട്ടില്ല. പക്ഷേ അത് തീര്‍ച്ചയായും പൂര്‍ത്തിയായിരിക്കുന്നു. കോമിയുടെ കത്ത് സൂചിപ്പിക്കുന്നത് വിവരങ്ങള്‍ കണ്ടെന്നും അത് പ്രസക്തമാണോ എന്നു പരിശോധിക്കണമെന്നുമാണ്. അതിന്റെ ഫലം ഏത് രീതിയില്‍ വന്നാലും ഒരു രാഷ്ട്രീയ പരിപ്രേക്ഷ്യത്തില്‍ ഇ-മെയില്‍ പ്രശ്നം ക്ലിന്‍റനെ സംബന്ധിച്ച് വീണ്ടും തുറന്നിരിക്കുന്നു.

ക്ലിന്‍റന്‍ ആരോപിക്കും പോലെ കോമി റിപ്പബ്ലിക്കന്‍മാര്‍ക്ക് മാത്രമാണോ എഴുതിയത്?
അല്ല. കോമി കത്ത് പ്രസക്ത സമിതികളുടെ റിപ്പബ്ലിക്കന്‍ അദ്ധ്യക്ഷന്‍മാര്‍ക്കാണ് സംബോധന അയച്ചത്. രണ്ടാം പുറത്തില്‍ പകര്‍പ്പ് ഡെമോക്രാറ്റുകള്‍ക്കും വെച്ചിരുന്നു. ആദ്യപുറം മാത്രം കേന്ദ്രീകരിച്ചു ക്ലിന്‍റന്‍ സംസാരത്തില്‍ പിഴച്ചുപോയതാണെന്ന് അവരുടെ വക്താവ് പറയുന്നു.

കോമിക്ക് ഈ കത്ത് ഇപ്പോള്‍ എഴുതേണ്ടതുണ്ടായിരുന്നോ?
അത് ഓരോരുത്തരുടെയും തീര്‍പ്പുപോലെ ഇരിക്കും. ഒരു റിപ്പബ്ലിക്കനായ കോമിയെ 10 കൊല്ലക്കാലത്തേക്ക് മൂന്നുവര്‍ഷം മുമ്പ് പ്രസിഡണ്ട് ഒബാമയാണ് നിയമിച്ചത്. അതുകൊണ്ട് അയാള്‍ തീര്‍ത്തും സ്വതന്ത്രനാണ്.

അന്വേഷണത്തില്‍ ക്ലിന്‍റനെ കുറ്റവിമുക്തയാക്കിയതിന് റിപ്പബ്ലിക്കന്‍മാരും, അന്വേഷണത്തിന്റെ അവസാനം ക്ലിന്‍റനെയും സഹായികളെയും കുറ്റപ്പെടുത്തിയ നീളന്‍ പ്രസ്താവനയുടെ പേരില്‍ ഡെമോക്രാറ്റുകളും കോമിയെ വിമര്‍ശിച്ചിരുന്നു.

തെരഞ്ഞെടുപ്പ് അടുത്ത ഈ സമയത്ത് ഈ വിവരം പരസ്യമാക്കരുതെന്നും അത് സര്‍ക്കാര്‍ നയമല്ലെന്നും നിയമ വകുപ്പ് അയാളോട് പറഞ്ഞു. അയാളത് പരസ്യമാക്കിയില്ല, അത് ചോര്‍ന്നതാകാം. വെയ്നര്‍ അന്വേഷണത്തിലെ വിവരങ്ങള്‍ മറ്റൊരു അന്വേഷണത്തില്‍ ഉപയോഗിക്കാന്‍ പ്രോസിക്യൂട്ടര്‍മാര്‍ക്ക് കോടതിയുടെ അനുമതി വേണ്ടിവരും. തന്റെ കത്തില്‍ ക്ലിന്‍റന്‍ ഇ-മെയില്‍ സംബന്ധിച്ച അന്വേഷണം പൂര്‍ത്തിയാക്കിയെന്നും എന്നാല്‍ തന്റെ മൊഴി പുതുക്കുക മാത്രമാണു ചെയ്യുന്നതെന്നും കോമി പറഞ്ഞു.

This post was last modified on November 1, 2016 8:27 am