X

ഇന്ന് ഒരു എഴുത്തുകാരനാണു നിശബ്ദനാക്കപ്പെട്ടിരിക്കുന്നത്. നാളെ അത് ആരും ആകാം; എന്‍ എസ് മാധവന്‍

തങ്ങളുടേതുമായി യോജിക്കാത്ത നിലപാടുകള്‍ എടുക്കുന്നവര്‍ക്ക് മരണവും നിര്‍ബന്ധിത ‘ ഒളിച്ചോടലും’ വിധിക്കുന്ന വര്‍ഗീയ ഭീഷണിയെ മൗനം കൊണ്ടു നേരിടുന്ന ഒരു സമൂഹമാണ് കേരളത്തില്‍ ഉള്ളതെന്നു പറയേണ്ടി വരികയാണ് നിലവിലെ സാഹചര്യത്തില്‍. ധബോല്‍ക്കറും പന്‍സേരയും ഇപ്പോള്‍ കല്‍ബുര്‍ഗിയുമൊക്കെ വെടിയേറ്റു വീണതും പെരുമാള്‍ മുരുഗനെപ്പോലുള്ളവര്‍ തങ്ങളിലെ എഴുത്തുകാരനെ സ്വയം പ്രഖ്യാപിത മരണത്തിന് വിധേയരാക്കിയതുമെല്ലാം അവര്‍ സ്വതന്ത്രമായി ചിന്തിച്ചു, പ്രവര്‍ത്തിച്ചു, പറഞ്ഞു എന്നീ ‘കുറ്റ’ങ്ങളുടെ പേരിലാണ്. തങ്ങളുടെ വിരല്‍ ചൂണ്ടലില്‍ തളര്‍ന്നു നില്‍ക്കുന്നവര്‍ക്ക് മാത്രം അതിജീവനവും എതിര്‍പ്പുകളുയര്‍ത്തുന്നവര്‍ക്ക് തിരുനെറ്റിയില്‍ വെടിയുണ്ട സമ്മാനം നല്‍കുകയും ചെയ്യുന്ന പുതിയകാല സംഘിരാഷ്ട്രീയം ഇപ്പോള്‍ സാംസ്‌കാരിക കേരളത്തിലേക്കും തങ്ങളുടെ ഭീഷണി വ്യാപിപ്പിക്കുമ്പോള്‍ അതിനെതിരെ ഒരു ശബ്ദവും ഉയരുന്നില്ലെന്നത് അത്യന്തം വേദാനാജനകമാണ്. ഭയത്തിന്റേതുമാത്രമായൊരു കാലത്തിന്റെ സാമിപ്യം അനുഭവിച്ചു തുടങ്ങിയോ നമ്മള്‍? ഡോ. എം എം ബഷീറിന്റെ രാമായണലേഖനത്തിനെതിരെ അസ്വസ്ഥത പ്രകടിപ്പിച്ച് അദ്ദേഹത്തിനെതിരെ ഭീഷണിയുയര്‍ത്തിയ തീവ്രഹൈന്ദവ സംഘടനകളുടെ നടപടികളെ ചോദ്യം ചെയ്യേണ്ട ഉത്തവാദിത്വം നമ്മള്‍ കാണിക്കേണ്ടതില്ലേ? ഈ ചോദ്യത്തോട് പ്രശസ്ത
സാഹിത്യകാരന്‍ എന്‍ എസ് മാധവന്‍ പ്രതികരിക്കുന്നു
.

വ്യക്തികള്‍ നിസ്സഹായകരാണ്; അവര്‍ക്ക് ആക്രമം ഒറ്റയ്ക്ക് നേരിടാന്‍ പറ്റില്ല. ഇത് മുതലെടുക്കുകയാണു ഹനുമാന്‍ സേന തുടങ്ങിയ സംഘടനകള്‍. അത്തരക്കാരെ നിലയ്ക്ക് നിര്‍ത്താന്‍ പൊതുസമൂഹത്തിനെ പറ്റൂ. പൊതുസമൂഹത്തിലേയ്ക്ക് ഇത്തരം കാര്യങ്ങളെത്തിക്കേണ്ടത് മാധ്യമങ്ങളും. കോഴിക്കോട് നടന്ന സംഭവത്തില്‍ ഇവ രണ്ടും നിശബ്ദരാണ്. വാര്‍ത്ത പുറത്തുകൊണ്ടുവരാന്‍ ദില്ലിയിലിരിക്കുന്ന ഒരു പത്രപ്രവര്‍ത്തകന്‍ വേണ്ടി വന്നു. അതും കേരളത്തില്‍ വിതരണം ചെയ്യാത്ത ഇന്ത്യന്‍ എക്‌സ്പ്രസ്സില്‍. കേരളത്തിലെ ഈ നിശബ്ദത ഉത്കണ്ഠാജനകമാണ്.

ഡോക്ടര്‍ എം എം ബഷീറിന്റെ രാമായണലേഖനങ്ങള്‍ പണ്ഡിതോചിതമായിരുന്നു. അവ ആരുടെയും വികാരങ്ങള്‍ വ്രണപ്പെടുത്തുകയില്ല. അദ്ദേഹത്തിന്റെ ലേഖനങ്ങളല്ല, അദ്ദേഹം ധരിക്കുന്ന നാമം ആണു പ്രശ്‌നമാക്കിയിരിക്കുന്നത്. ഇന്ന് ഒരു എഴുത്തുകാരനാണു നിശബ്ദനാക്കപ്പെട്ടിരിക്കുന്നത്. നാളെ അത് ആരും ആകാം. പൊതുസമൂഹവും മാധ്യമങ്ങളും ഒരു കാര്യം മനസ്സിലാക്കുന്നത് നന്നായിരിക്കും എന്ന് തോന്നുന്നു. ഇത്തരം കുത്സിതപ്രവര്‍ത്തികളില്‍ നിന്ന് ആരും ഒഴിവാക്കിപ്പെടുന്നില്ല.

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

This post was last modified on September 6, 2015 11:21 am