X

1945 ഏപ്രില്‍ 22: മഹാത്മ ഗാന്ധിയുടെ കൊച്ചുമകന്‍ ഗോപാലകൃഷ്ണ ഗാന്ധി ജനിച്ചു

2005 ഏപ്രില്‍ 22: രണ്ടാം ലോക മഹായുദ്ധത്തിലെ ചെയ്തികള്‍ക്ക് ജപ്പാന്‍ പ്രധാനമന്ത്രി ജുനിചിരോ കൊയിസൂമി മാപ്പ് പറഞ്ഞു

ഇന്ത്യ

ഇന്ത്യന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനും രാഷ്ട്രീയക്കാരനും പശ്ചിമ ബംഗാളിന്റെ 22-ാം ഗവര്‍ണറുമായിരുന്ന ഗോപാലകൃഷ്ണ ഗാന്ധി 1945 ഏപ്രില്‍ 22ന് ജനിച്ചു. അദ്ദേഹത്തിന്റെ പിതാവിന്റെ അച്ഛന്‍ മഹാത്മ ഗാന്ധിയും മാതാവിന്റെ അച്ഛന്‍ സി രാജഗോപാലാചാരിയുമായിരുന്നു. ഡല്‍ഹി സര്‍വകലാശാലയിലെ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ നിന്നും അദ്ദേഹം ഇംഗ്ലീഷില്‍ മാസ്റ്റര്‍ ബിരുദം നേടി. 1968ല്‍ ഐഎഎസില്‍ ചേര്‍ന്ന അദ്ദേഹം 1985 വരെ തമിഴ്‌നാട്ടില്‍ സേവനം അനുഷ്ഠിച്ചു. അതിന് ശേഷം 1985 മുതല്‍ 1987 വരെ ഉപരാഷ്ട്രപതിയുടെ സെക്രട്ടറിയായും 1987 മുതല്‍ 1992 വരെ രാഷ്ട്രപതിയുടെ ജോയിന്റ് സെക്രട്ടറിയായും അദ്ദേഹം പ്രവര്‍ത്തിച്ചു. 1992ല്‍ അദ്ദേഹം യുകെയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനിലെ സാംസ്‌കാരിക വകുപ്പിന്റെ ചുമതലയില്‍ നിയമിതനായി. ഒപ്പം ലണ്ടനിലെ നെഹ്രു സെന്ററിന്റെ ഡയറക്ടറായും. തുടര്‍ന്ന് വിവിധ നയതന്ത്ര, ഭരണപരമായ തസ്തികകളില്‍ അദ്ദേഹം സേവനം അനുഷ്ഠിച്ചു. ദക്ഷിണാഫ്രിക്കയിലെയും ലെസോതോയിലെയും ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ (1996), രാഷ്ട്രപതിയുടെ സെക്രട്ടറി (1997-2000), ശ്രീലങ്കന്‍ ഹൈക്കമ്മീഷണര്‍ (2000), നോര്‍വെയിലെയും ഐസ്ലന്റിലെയും ഇന്ത്യന്‍ അംബാസിഡര്‍ (2002) എന്നീ നിലകളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചു. 2003ല്‍ സര്‍വീസില്‍ നിന്നും പിരിഞ്ഞ ശേഷം 2014 ഡിസംബര്‍ 14ന്, അന്നത്തെ ഗവര്‍ണര്‍ വീരന്‍ ജെ സിംഗിന്റെ കാലാവധി പൂര്‍ത്തിയാതിനെ തുടര്‍ന്ന് അദ്ദേഹം പശ്ചിമ ബംഗാള്‍ ഗവര്‍ണറായി നിയമിതനായി.

ലോകം

2005 ഏപ്രില്‍ 22: രണ്ടാം ലോക മഹായുദ്ധത്തിലെ ചെയ്തികള്‍ക്ക് ജപ്പാന്‍ പ്രധാനമന്ത്രി ജുനിചിരോ കൊയിസൂമി മാപ്പ് പറഞ്ഞു

2005 ഏപ്രില്‍ 22ന് രണ്ടാം ലോക മഹായുദ്ധത്തിലെ ജപ്പാന്റെ ചെയ്തികള്‍ക്ക് പ്രധാനമന്ത്രി ജുനിചിരോ കൊയിസൂമി മാപ്പ് പറഞ്ഞു. ജക്കാര്‍ത്തയില്‍ നടന്ന ഏഷ്യ-ആഫ്രിക്ക ഉച്ചകോടിയില്‍ വച്ച്, ഏഷ്യയിലെ അയല്‍രാജ്യങ്ങളോട് രണ്ടാം ലോക മഹായുദ്ധത്തില്‍ തന്റ രാജ്യം നടത്തിയ ആക്രമണോത്സുകതയില്‍ ജപ്പാന്‍ പ്രധാനമന്ത്രി ‘അഗാധമായ ഖേദം’ രേഖപ്പെടുത്തി. ‘ജപ്പാന്‍ അതിന്റെ ഭൂതകാല കോളനി ഭരണത്തിലൂടെയും ആക്രമണങ്ങളിലൂടെയും നിരവധി രാജ്യങ്ങളെ പ്രത്യേകിച്ച് ഏഷ്യന്‍ രാജ്യങ്ങളിലെ ജനങ്ങള്‍ക്ക് കനത്ത നാശനഷ്ടങ്ങളും ദുരിതങ്ങളും വരുത്തി,’ എന്ന് ജക്കാര്‍ത്തയിലെ ഉത്ഘാടന സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് ജപ്പാന്‍ പ്രധാനമന്ത്രി ജുനിചിറോ കൊയിസൂമി പറഞ്ഞു. ‘കാപട്യമില്ലാത്ത വിനയത്തോടെയാണ് ജപ്പാന്‍ ഈ ചരിത്ര യാഥാര്‍ത്ഥ്യത്ത നേരിടുന്നത്.’ ജപ്പാന്റെ സാമ്രാജ്യവാഴ്ചയുടെ കാലത്ത്, പ്രത്യേകിച്ചു സിനോ-ജപ്പാന്‍ യുദ്ധത്തിലും രണ്ടാം ലോക മഹായുദ്ധത്തിലും, ഏഷ്യയിലെയും പസഫിക്കിലെയും രാജ്യങ്ങളിലാണ് പ്രധാനമായും ജപ്പാന്റെ യുദ്ധ കുറ്റകൃത്യങ്ങള്‍ അരങ്ങേറിയത്. ഏഷ്യന്‍ ഹോളോക്കോസ്റ്റ് എന്നാണ് ഈ സംഭവങ്ങള്‍ വിശേഷിപ്പിക്കപ്പെടുന്നത്. ജപ്പാന്‍ സാമ്രാജ്യത്വ കരസേനയും ജപ്പാന്‍ സാമ്രാജ്യത്വ നാവികസേനയും ജപ്പാന്‍ സാമ്രാജ്യത്വ ഭരണകൂടവുമാണ് 3,000,000നും 14,000,000 ഇടയില്‍ എന്ന് കണക്കാക്കപ്പെടുന്ന സാധാരണ മനുഷ്യരുടെയും യുദ്ധകുറ്റവാളികളുടെയും കൂട്ടക്കൊലയ്ക്ക് ഉത്തരവാദികള്‍ എന്നാണ് ചില ചരിത്രകാരന്മാരും സര്‍ക്കാരുകളും ചൂണ്ടിക്കാട്ടുന്നു. ഹിരോഹിതോ ചക്രവര്‍ത്തിയുടെ കാലഘട്ടത്തിലാണ് ക്രൂരതകള്‍ ഏറ്റവും കൂടുതല്‍ അരങ്ങേറിയത്. കൂട്ടക്കൊല, മനുഷ്യനെ വച്ച് പരീക്ഷണങ്ങള്‍ നടത്തല്‍, പട്ടിണിക്കിടല്‍, അടിമപ്പണി തുടങ്ങിയ ഉള്‍പ്പെടെയുള്ള ക്രൂരകൃത്യങ്ങല്‍ ഈ ജാപ്പനീസ് സായുധസേനയും സര്‍ക്കാരും നേരിട്ടാണ് നടപ്പിലാക്കിയത്.