X

1995 ഏപ്രില്‍ 10: മൊറാര്‍ജി ദേശായ് അന്തരിച്ചു

ഇന്ത്യയിലെ ആദ്യത്തെ കോണ്‍ഗ്രസിതര പ്രധാനമന്ത്രിയായി 1977 മാര്‍ച്ച് നാലിന് ചുമതലയേറ്റ അദ്ദേഹം, 1979 ജൂലൈ 28 വരെ ആ പദവിയില്‍ തുടര്‍ന്നു.

ഇന്ത്യ
1995 ഏപ്രില്‍ പത്തിന്, ഇന്ത്യയിലെ നാലാമത്തെ പ്രധാനമന്ത്രിയായിരുന്ന മൊറാര്‍ജി ദേശായി 99-ാം വയസില്‍ അന്തരിച്ചു. 1896 ഫെബ്രുവരി 29ന് ജനിച്ച അദ്ദേഹം മുംബെയിലെ വില്‍സണ്‍ കോളേജില്‍ നിന്നും ബിരുദം നേടുകയും തുടര്‍ന്ന് ഗുജറാത്തില്‍ സിവില്‍ സര്‍വീസില്‍ ജോലിക്ക് ചേരുകയും ചെയ്തു. 1927-28 കാലഘട്ടത്തില്‍ ഗോധ്രയില്‍ നടന്ന കലാപത്തില്‍ ഹിന്ദുക്കളോട് അദ്ദേഹം മൃദുസമീപനം സ്വീകരിച്ചു എന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് 1930 മേയില്‍ ഗോധ്ര ഡപ്യൂട്ടി കളക്ടര്‍ പദവി രാജിവെച്ചുകൊണ്ട് സര്‍വീസില്‍ നിന്നും ദേശായി സ്വയം വിരമിച്ചു. പിന്നീട് മഹാത്മ ഗാന്ധിയുടെ നേതൃത്വത്തില്‍ സ്വാതന്ത്ര്യ സമരത്തില്‍ അണിചേര്‍ന്ന അദ്ദേഹം, ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിനെതിരായ നിസഹകരണ പ്രസ്ഥാനത്തില്‍ പങ്കെടുത്തു.

ഇന്ത്യയിലെ ആദ്യത്തെ കോണ്‍ഗ്രസിതര പ്രധാനമന്ത്രിയായി 1977 മാര്‍ച്ച് നാലിന് ചുമതലയേറ്റ അദ്ദേഹം, 1979 ജൂലൈ 28 വരെ ആ പദവിയില്‍ തുടര്‍ന്നു. 1974ലെ ഇന്ത്യയുടെ ആദ്യത്തെ ആണവപരീക്ഷണത്തിന് ശേഷം വഷളായിരുന്ന പാകിസ്ഥാനും ചൈനയുമായുള്ള ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് മൊറാര്‍ജി പരിശ്രമിക്കുകയും 1971ലെ ഇന്ത്യ-പാക് യുദ്ധം പോലെയുള്ള സായുധ യുദ്ധങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് പ്രതിജ്ഞ ചെയ്യുകയും ചെയ്തു. പാകിസ്ഥാനിലെ ഏറ്റവും വലിയ പൗരബഹുമതിയായ നിഷാന്‍-ഇ-പാകിസ്ഥാന്‍ ലഭിച്ച ഒരേ ഒരു ഇന്ത്യന്‍ രാഷ്ട്രീയക്കാരനായിരുന്നു അദ്ദേഹം. 1990 മേയിലാണ് പുരസ്‌കാരം സമ്മാനിച്ചത്.


ലോകം

ബ്രിട്ടനും വടക്കന്‍ അയര്‍ലന്‍ഡും ‘ദുഖവെള്ളി കരാര്‍’ ഒപ്പ് വച്ചു

1998 ഏപ്രില്‍ പത്തിന് യുണൈറ്റഡ് കിംഗ്ഡവും വടക്കന്‍ അയര്‍ലന്റും തമ്മില്‍ ചരിത്രപരമായ ഒരു കരാറില്‍ ഒപ്പുവച്ചു. 30 വര്‍ഷം നീണ്ട തര്‍ക്കം പരിഹരിക്കു്‌നനതിനായി രണ്ട് വര്‍ഷം നീണ്ട ചര്‍ച്ചകളുടെ സമാപനമായിരുന്നു ദുഃഖ വെള്ളി കരാര്‍ എന്ന് അറിയപ്പെടുന്ന ഒത്തുതീര്‍പ്പ്. ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലയറുടെയും ഐറിഷ് നേതാവ് ബെര്‍ട്ടി അഹെമിന്റെയും വിജയമായി അത് വാഴ്ത്തപ്പെട്ടു. വടക്കന്‍ അയര്‍ലന്റ് അസംബ്ലിയുടെ സ്ഥാപനം, ഐറിഷ് റിപബ്ലിക്കിനെ ഉള്‍പ്പെടുത്തിക്കൊണ്ട് പുതിയ അതിര്‍ത്തി സ്ഥാപന രൂപീകരണം, വെസ്മിനിസ്റ്ററും ഡബ്ലിനും തമ്മില്‍ ബന്ധങ്ങള്‍ ഉണ്ടാക്കല്‍ എന്നിവയായിരുന്നു കരാറിന്റെ മുഖ്യസവിശേഷതകള്‍.

1998 മേയ് 22ന് നടന്ന രണ്ട് ഹിതപരിശോധനകളിലും കരാറിന് അനുകൂലമായി അയര്‍ലന്റ് ദ്വീപില്‍ എമ്പാടുമുള്ള വോട്ടര്‍മാര്‍ വിധിയെഴുതി. വടക്കന്‍ അയര്‍ലന്റില്‍ വോട്ടര്‍മാരോട് ബഹുപാര്‍ട്ടി കരാറിനെ അനുകൂലിക്കുന്നോ എന്നായിരുന്നു ചോദിച്ചതെങ്കില്‍, രാജ്യത്തിനെ കരാറില്‍ ഒപ്പിടാന്‍ അനുവദിക്കുമോ എന്നും അങ്ങനെയാണെങ്കില്‍ അത് നടപ്പിലാക്കാന്‍ ആവശ്യമായി വരുന്ന ഭരണഘടന ഭേദഗതികള്‍ വരുത്താന്‍ സമ്മതമാണോ എന്നീ ചോദ്യങ്ങളായിരുന്നു റിപബ്ലിക് ഓഫ് അയര്‍ലന്റിലെ സമ്മതിദായകരോട് ചോദിച്ചത്. കരാറ് നടപ്പിലാക്കുന്നതിന് രണ്ട് അധികാരപരിധികളിലും വരുന്ന ജനങ്ങള്‍ അതിന് അനുകൂലമായി വോട്ട് ചെയ്യണമായിരുന്നു. 1999 ഡിസംബര്‍ രണ്ടിന് ദുഃഖ വെള്ളി കരാര്‍ നിലവില്‍ വന്നു.

This post was last modified on April 10, 2017 5:20 pm