X

ഹോക്കി ലോകകപ്പില്‍ അട്ടിമറി: അര്‍ജന്റീനയെ വീഴ്ത്തി ഫ്രാന്‍സ്; സ്‌പെയിനിനെതിരെ ന്യൂസിലന്‍ഡിന് സമനില

ഒരു ജയവും ഒരു സമനിലയുമായി ന്യൂസിലന്‍ഡിനും ഫ്രാന്‍സിനും പൂളില്‍ തുല്യ പോയന്റാണ്. ക്വാര്‍ട്ടറില്‍ ഇടംനേടാന്‍ ഇരുവരും ക്രോസ് ഓവര്‍ മാച്ചുകള്‍ കളിക്കും.

ഒഡീഷയിലെ ഭുവനേശ്വറില്‍  പതിനാലാമത് ഹോക്കി ലോകകപ്പില്‍ അപ്രതീക്ഷിത ജയങ്ങളും പരാജയങ്ങളും. പൂള്‍ എ പോരാട്ടത്തില്‍ ഒളിംപിക് ചാമ്പ്യന്‍മാരായാ അര്‍ജന്റീനയെ മൂന്നിനെതിരെ അഞ്ചു ഗോളുകള്‍ക്ക് ഫ്രാന്‍സ് വീഴ്ത്തിയപ്പോള്‍ മൂന്നാം മത്സരത്തില്‍ സ്പെയിനിനെ ന്യൂസിലന്‍ഡ് 2-2 സമനിലയില്‍ തളച്ചു.

ലോക റാങ്കിംഗില്‍ ഇരുപതാം സ്ഥാനക്കാരായ ഫ്രാന്‍സ് രണ്ടാം സ്ഥാനക്കാരായ അര്‍ജന്റീനയെ അട്ടിമറിച്ചതോടെ സ്‌പെയിന്‍ ക്വാര്‍ട്ടര്‍ കാണാതെ പുറത്തായി. ആറു പോയന്റുമായി അര്‍ജന്റീന നേരത്തെ ക്വാര്‍ട്ടര്‍ ഉറപ്പിച്ചിരുന്നു. പൂള്‍ എയില്‍ നാലു പോയന്റ് വീതമുള്ള ഫ്രാന്‍സും ന്യൂസിലന്‍ഡുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. മികച്ച ഗോള്‍ശരാശരി ഫ്രാന്‍സിന് അനുകൂലഘടകമാണ്. 28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഫ്രാന്‍സ് ലോകകപ്പിന് യോഗ്യത നേടുന്നത്. അര്‍ജന്റീനയെ ഫ്രാന്‍സ് 5-3 എന്ന നിലയിലാണ് തകര്‍ത്തത്.

കരുത്തരായ സ്പെയിനിനെതിരായ സമനില ന്യൂസിലന്‍ഡിന് ക്വാര്‍ട്ടര്‍ പ്രതീക്ഷ നല്‍കുന്നതാണ്. ഗ്രൂപ്പില്‍ ഒന്നാംസ്ഥാനക്കാരായ അര്‍ജന്റീന നേരിട്ട് ക്വാര്‍ട്ടറില്‍ ഇടം പിടിക്കുമ്പോള്‍ രണ്ടാം സ്ഥാനക്കാരായ ന്യൂസിലന്‍ഡിന് ഇനിയും കാത്തിരിക്കണം. ഒരു തോല്‍വിയും ഒരു സമനിലയുമായിറങ്ങിയ സ്പെയിനിന് അവസാന മിനിറ്റുകളിലാണ് ജയം കൈവിട്ടത്. 9-ാം മിനിറ്റില്‍ ബെല്‍ട്രാനും 27-ാം മിനിറ്റില്‍ ഇഗ്ലേസിയോസും നേടിയ ഗോളിന് മുന്നില്‍ കടന്ന സ്പെയിനിനെ 50-ാം മിനിറ്റില്‍ ഫിലിപ്സ്, 56-ാം മിനിറ്റില്‍ റസ്സല്‍ എന്നിവരുടെ ഗോളിലൂടെയാണ് ന്യൂസിലന്‍ഡ് ഒപ്പം പിടിച്ചത്. ഒരു ജയവും ഒരു സമനിലയുമായി ന്യൂസിലന്‍ഡിനും ഫ്രാന്‍സിനും പൂളില്‍ തുല്യ പോയന്റാണ്. ക്വാര്‍ട്ടറില്‍ ഇടംനേടാന്‍ ഇരുവരും ക്രോസ് ഓവര്‍ മാച്ചുകള്‍ കളിക്കും.