X

ഷൈന്‍ എസ് പി: പേരുപോലെ സ്‌പെഷ്യല്‍

ഇരുചക്രവാഹനവിപണിയെ തികഞ്ഞ മത്സരബുദ്ധിയോടെ സമീപിക്കുന്ന വാഹനനിര്‍മ്മാതാക്കളിലൊന്നാണ് ഹോണ്ട മോട്ടോര്‍ സൈക്കിള്‍സ്. ഇങ്ങനെ പറയുവാന്‍ തക്കതായ കാരണമുണ്ട്. സബ് 200 മുതല്‍ ലീറ്റര്‍ ക്ലാസ്സ് വരെ സര്‍വ്വ വിഭാഗങ്ങളിലും എത്രയെത്ര പുത്തന്‍ മോഡലുകളാണ് പ്രതിവര്‍ഷം ഹോണ്ടയുടേതായി പുത്തിറങ്ങുന്നത്!. ഇന്ത്യന്‍ വിപണിയുടെ കാര്യത്തിലും ഇവരുടെ നയം ഭിന്നമല്ല.

പുത്തന്‍ വാഹനങ്ങളും ഫേസ്‌ലിഫ്റ്റഡ് മോഡലുകളുമൊക്കെയായി പോയ വര്‍ഷം ഏറ്റവുമധികം ബൈക്കുകള്‍ പുറത്തിറക്കിയത് ഹോണ്ട തന്നെയായിരിക്കണം. സാധാരണക്കാരനേറ്റവും പ്രിയപ്പെട്ട ‘കമ്യൂട്ടര്‍’ വിഭാഗത്തില്‍ തരംഗമാവാനൊരുങ്ങുന്ന ഷൈന്‍ എസ്പിയാവാം ഇത്തവണ സ്മാര്‍ട്ട് ഡ്രൈവിലെ ടെസ്റ്റ് ഡ്രൈവ്.

ഷൈന്‍ എസ് പി

ഇന്ത്യയില്‍ ഹോണ്ടയുടെ ഭാഗ്യ മോഡലുകളിലൊന്നായിരുന്നു സി ബി ഷൈന്‍. 2006-ല്‍ ഇന്ത്യയിലവതരിപ്പിക്കപ്പെട്ട സി ബി ഷൈന്‍ തന്റെ മികച്ച ഇന്ധക്ഷമതയോടു കൂടിയ 125 സിസി എഞ്ചിനും മാന്യമായ രൂപകല്പനയും കുറഞ്ഞ വിലയും ഹോണ്ടയുടെ വിശ്വാസ്യതയുമൊക്കെയായി വിപണിയില്‍ ശരിക്കും ‘ഷൈന്‍’ ചെയ്തുപോന്നു. ഷൈന്‍ എസ് പി എന്ന വാഹനത്തിലൂടെ ‘ഹോണ്ട ഷൈന്‍’ എന്ന ‘ബ്രാന്റിനു’ പുതുജീവന്‍ നല്കാനൊരുങ്ങുകയാണ് കമ്പനി. ‘സ്‌പെഷ്യല്‍’ എന്നതിന്റെ ചുരുക്കെഴുത്താണ് ‘എസ് പി’. അത്ര ചെറിയൊരു ഫേസ്‌ലിഫ്‌റ്റൊന്നുമല്ല. ട്രാന്‍സ്മിഷനിലുള്‍പ്പെടെ അടിമുടി മാറ്റങ്ങളാണ് ഹോണ്ട വരുത്തിയിരിക്കുന്നത്.

കാഴ്ച

രൂപകല്പനയില്‍ സി ബി ഷൈന്‍ എന്ന മുന്‍ഗാമിയോടു നാമമാത്രമായ സാദൃശ്യം മാത്രം. ലിവോ, സി ബി ഹോണറ്റ് എന്നിവയില്‍ നാം കണ്ട കമ്പനിയുടെ ഏറ്റവും പുതിയ ഡിസൈന്‍ തീമില്‍ തന്നെയാണ് എസ് പിയേയും അണിയിച്ചൊരുക്കിയിരിക്കുന്നത്.

രൂപത്തിലുടനീളം ഷാര്‍പ്പ് ലൈനുകള്‍ പ്രകടമാണ്. എസ് പിയുടെ ഹെഡ്‌ലാമ്പിനു ലിവോയുടേതിനോടു സാദൃശ്യമേറെയാണ്. കറുപ്പ് നിറമുള്ള അഴകൊത്ത വൈസര്‍. വശക്കാഴ്ചയില്‍ ആദ്യം കണ്ണെത്തുക മസ്‌ക്കുലറായ ഫ്യുവല്‍ ടാങ്കിലാവും. അതില്‍ ഹോണ്ടയുടെ 3ഡി ലോഗോ…

ടാങ്കിനും പിന്‍ പാനലിനും ഇടയിലായുള്ള സില്‍വര്‍ ഫിനിഷുള്ള ഭാഗം വാഹനത്തിന്റെ ആകെ രൂപത്തോടു നല്ല ഇണക്കത്തിലാണ്. 5 സ്‌പോക്ക് സ്പ്ലിറ്റ്‌ അലോയ്കളുടെ രൂപകല്പന അഴകുള്ളത്. പിന്‍ പാനലില്‍ സ്റ്റിക്കറിങ്ങിനൊപ്പം ‘ഷൈന്‍ എസ് പി’ എന്ന എഴുത്തും കാണാം.

പുത്തന്‍ പിന്‍ ഗ്രാബ് റെയില്‍ മൃദുവായ പി വി സി മെറ്റീരിയലില്‍ പൊതിഞ്ഞിരിക്കുന്നു. പ്രായോഗികത മുന്നില്‍ക്കണ്ടാവണം, നീളമേറിയതും സുഖപ്രദവുമായ സീറ്റുകളാണ് ഹോണ്ട എസ് പിക്ക് നല്‍കിയിരിക്കുന്നത്.

ഡിസൈന്‍ ഗിമ്മിക്കുകളില്ലാത്ത, വളരെ ലളിതമായ പിന്‍ഭാഗം. ടെയില്‍ ലാമ്പിന്റെ രൂപം മാന്യവും മനോഹരവും. ലളിതമായ സ്വിച്ച്ഗിയര്‍ കളറില്‍ ‘പാസ്സ് ലാമ്പ്’ അടക്കമുള്ള സ്വിച്ചുകള്‍. ഇവയില്‍ ഉപയോഗിച്ചിരിക്കുന്ന പ്ലാസ്റ്റിക്കും ശരാശാരിക്കും മേലെ നിലവാരമുള്ളത്. അനലോഗ് ഡിജിറ്റല്‍ സങ്കരമാണ് മീറ്റര്‍ കളര്‍.

റൈഡ്

പഴയ ഷൈനില്‍ കണ്ടുവന്ന അതേ 125 സിസി 4 സ്‌ട്രോക്ക് എയര്‍ കൂള്‍ഡ് എഞ്ചിന്‍ തന്നെയാണ് എസ് പിയിലും. 8400 ആര്‍ പി എമ്മില്‍ ലഭിക്കുന്ന 10.3 ബി എച്ച് പിയാണ് പരമാവധി കരുത്ത്. 7000 ആര്‍ പി എമ്മില്‍ ലഭിക്കുന്ന 1.1 കി.ഗ്രാം മീറ്റര്‍ പീക്ക് ടോര്‍ക്കും. വളരെ സ്മൂത്തും റിഫൈന്‍ഡും ആണിവന്‍. എസ് പിയിലെത്തുമ്പോള്‍ റിഫൈന്‍മെന്റ് ലെവലുകള്‍ തന്റെ മുന്‍ഗാമിയേക്കാള്‍ മെച്ചപ്പെട്ടിട്ടുണ്ടെന്ന് പറയാം.

മികച്ച ലോമിഡ് റേഞ്ചുകള്‍. വൈഡ് ആയ പവര്‍ബാന്റ് അടിക്കടിയുള്ള ഗിയര്‍മാറ്റം ഒഴിവാക്കുന്നു. തന്മൂലം ഓവര്‍ടേക്കുകളും നഗരത്തിരക്കുകളിലെ റൈഡിങ്ങുമൊക്കെ ആയാസരഹിതമാകുന്നു. 

പുത്തന്‍ ഷൈന്‍ എസ് പി യില്‍ സംഭവിച്ചിരിക്കുന്ന മാറ്റങ്ങളില്‍ ഏറ്റവും പ്രധാനം പുത്തന്‍ 5 സ്പീഡ് ഗിയര്‍ബോക്‌സാണെന്നു പറഞ്ഞുവല്ലോ. സില്‍ക്കി സ്മൂത്ത് ഷിഫ്റ്റുകളോടുകൂടിയതാണ് ഈ ട്രാന്‍സ്മിഷന്‍. അഞ്ചാം ഗിയറിന്റെ വരവോടെ ഇന്ധനക്ഷമതയും റൈഡിങ്ങ് കംഫര്‍ട്ടും സ്മൂത്ത്‌നെസ്സുമൊക്കെ വര്‍ദ്ധിച്ചിട്ടുണ്ട്.

പഴയ ഷൈനിനേക്കാള്‍ വീല്‍ബേസ് കൂടുതലാണ് എസ് പിയ്ക്ക്. തന്മൂലം ഉയര്‍ന്ന വേഗതകളിലെ സ്ഥിരതയും റൈഡിങ്ങ് സുഖവും മെച്ചപ്പെട്ടിട്ടുണ്ട്.

ടെലസ്‌ക്കോപ്പിക്ക് ഫോര്‍ക്കുകളും ഡ്യുവല്‍ ഷോക്ക് അബ്‌സോര്‍ബറുകളുമടങ്ങുന്ന സസ്‌പെന്‍ഷന്‍ കുടുംബയാത്രകള്‍ക്കുതകുംവിധം ട്യൂണ്‍ ചെയ്തിരിക്കുന്നു. 

എന്നാല്‍ ചെലവു ചുരുക്കുന്നതിന്റെ ഭാഗമായാവണം പിന്നില്‍ ബോക്‌സ് സെക്ഷന്‍ സ്വിങ്ങ് ആമിനു പകരം ട്യൂബുലാര്‍ സ്റ്റീല്‍ സ്വിങ്ങ് ആമാണ് ഹോണ്ട, ഷൈന്‍ എസ്പിക്ക് നല്കിയിരിക്കുന്നത്. അതിന്റെ (ദുഷ്) പ്രഭാവം പിന്‍സീറ്റില്‍ പ്രകടവുമാണ്.

മുന്നില്‍ 240 മി മീ ഡിസ്‌ക്കും പിന്നില്‍ 130 മി മീ ഡ്രമ്മുമാണ് ബ്രേക്കുകള്‍. കാര്യക്ഷമവും സുരക്ഷിതവുമായ ബ്രേക്കിങ്ങ് ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഹോണ്ടയുടെ പേറ്റന്റഡ് ടെക്‌നോളജിയായ കോംബി ബ്രേക്കിങ്ങ് സിസ്റ്റവുമുണ്ട് പുത്തന്‍ ഷൈന്‍ എസ് പിയില്‍.

എച്ച് ഇ ടി സാങ്കേതികവിദ്യയുള്ള എസ് പി , ലീറ്ററിന് 60 കിമീറ്ററിനടുത്ത് ഇന്ധനക്ഷമതയും പ്രദാനം ചെയ്യുന്നു. 64,400 രൂപയാണ് വാഹനത്തിന്റെ കൊച്ചി എക്‌സ് ഷോറൂം വില.

ഭംഗിയുള്ള രൂപം, സ്മൂത്തും റിഫൈന്‍ഡുമായ എഞ്ചിന്‍, മികച്ച മൈലേജ്, കൃത്യതയോടെ വീഴുന്ന ഗിയറുകള്‍, നീളമേറിയ സീറ്റ്, കുറഞ്ഞ വില, ഹോണ്ടയുടെ വിശ്വാസ്യത, ഇവയെല്ലാം മേന്മകളായി പറയാം.പിന്‍സീറ്റ് യാത്രികന് ബോക്‌സ് സെക്ഷന്‍ സ്വിംഗ് ആമിന്റെ അഭാവമുണ്ടാക്കുന്ന ‘രസക്കേട്’ മാത്രം കല്ലുകടിയായി തോന്നി.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ബൈജു എന്‍ നായര്‍

കേരളത്തിലെ ആദ്യത്തെ ഓട്ടോമൊബൈല്‍ ജേര്‍ണലിസ്റ്റായ ലേഖകന്‍ സ്മാര്‍ട്ട് ഡ്രൈവ് മാസികയുടെ ചീഫ് എഡിറ്ററാണ്.

More Posts

Follow Author:

This post was last modified on December 16, 2016 2:02 pm