ഡോക്ടര്‍ മുത്തു ഒരു ഭീകര സ്‌പെഷ്യലിസ്റ്റാണ്. കുറച്ചു കണിശക്കാരനാണ് കക്ഷി. ഉച്ചവരെ ആസ്പത്രിയില്‍ പോകും. വൈകിട്ട് വീട്ടിലാണ് പരിശോധന. രണ്ടിടത്തും പത്തുരോഗികളെ മാത്രമേ കാണൂ. ദിവസം ഇരുപത് പേരില്‍ കൂടുതല്‍ കാണില്ല. നേരത്തെ അപ്പോയിന്റ്‌മെന്റ് എടുത്തവരെ മാത്രമേ പ്രവേശിപ്പിക്കാറുള്ളു.
സമയമെടുത്ത് വിശദമായ പരിശോധനയ്ക്ക് ശേഷം മുന്നൂറുരൂപ കൃത്യം ചോദിച്ചു വാങ്ങും. അതിന്റെ ന്യായീകരണവും അങ്ങേര്‍ തന്നെ പറയും: ”പത്തുപതിനഞ്ചു വര്‍ഷം കൊണ്ടാണേ, പഠിച്ച് ഈ നിലയിലെത്തിയത്. നല്ലൊരു സലൂണില്‍ പോയി മുടിവെട്ടാന്‍ കൊടുക്കണം. ഇരുന്നൂറ് രൂപ.”
അപ്പോയിന്റ്‌മെന്റ് ഇല്ലാതെ അത്യാവശ്യമെന്ന് പറഞ്ഞുവരുന്നവരെ പരുഷമായിത്തന്നെ പറഞ്ഞുവിടും. തൊട്ടടുത്തു തന്നെ വേറെ ഡോക്ടര്‍മാര്‍ ഉണ്ടല്ലോ? കൃത്യം ശാസ്ത്രീയമായിതന്നെ ചികിത്സ. അങ്ങോട്ടൊന്നും പറഞ്ഞിട്ടു കാര്യമില്ല.
”നല്ല ചുമയുണ്ട് ഡോക്ടറേ. ആന്റിബയോട്ടിക് കഴിക്കുന്നതല്ലേ നല്ലത്?”
”എന്നാപ്പിന്നെ നിങ്ങള്‍ തന്നെ തീരുമാനിച്ച്, ഏത് ആന്റിബയോട്ടിക് വേണമെന്ന് കൂടി പറ. ഞാന്‍ എഴുതിത്തരാം. അല്ല പിന്നെ.”
”ഒന്ന് സ്‌കാന്‍ ചെയ്ത് നോക്കണ്ടേ ഡോക്ടര്‍? ഇല്ലെങ്കില്‍ ഉള്ളില്‍ മറ്റെന്തെങ്കിലും പ്രശ്‌നം ഉണ്ടോ എന്ന് എങ്ങനെ അറിയും?”
”അതിപ്പം ഞാന്‍ പതിനഞ്ചു വര്‍ഷം കൊണ്ട് പഠിച്ച കാര്യങ്ങള്‍ അഞ്ചുമിനിട്ടു കൊണ്ട് ഞാനെങ്ങനെ പറഞ്ഞുതരും?”
കൃത്യം ചെയ്യേണ്ട ടെസ്റ്റുകള്‍ മാത്രമേ ചെയ്യൂ. എന്തെങ്കിലും മരുന്നെഴുതിയാല്‍ അതെവിടെ നിന്നു വാങ്ങണം എന്നു പറയില്ല.
വലിയ ജനപ്രിയ വൈദ്യന്‍ ആയിരുന്നില്ല ഡോക്ടര്‍ മുത്തു. ”അഹങ്കാരിയാണെന്നേ, എല്ലാം തികഞ്ഞവനാണെന്നാ വിചാരം.”
കൂടുതല്‍ പേരുടെയും ആവലാതി മുത്തു ഒരു തികഞ്ഞ അത്യാഗ്രഹി ആണെന്നുള്ളതായിരുന്നു.
”മുന്നൂറുരൂപ തികച്ചും വച്ചില്ലെങ്കില്‍ മുഖത്തു പോലും നോക്കില്ല, തെണ്ടി. കാശിന്റെ കാര്യത്തില്‍ ഇത്രയും ആര്‍ത്തിയുള്ള വേറെ ഒരു ഡോക്ടറും എന്റെ അറിവിലില്ല.”
”പിന്നെ തെക്കേതിലെ അവറാച്ചന്റെ കാന്‍സര്‍ അങ്ങേര്‍ കണ്ടുപിടിച്ചില്ലെന്നേ. നേരത്തെ സ്‌കാനിംഗ് ചെയ്‌തെങ്കില്‍ മനസ്സിലായേനേ.”
നാട്ടുകാരുടെ കണ്ണില്‍ കാശുപിടിച്ചുവാങ്ങുന്നവാണെങ്കിലും മുത്തുവിന്റെ വീടും കാറുമൊന്നുമത്ര വലുതല്ല. വിദേശങ്ങളിലേക്ക് യാത്രയും പതിവില്ല.
വിളിച്ചുപറയാതെ ഒരു ആദായനികുതി ഉദ്യോഗസ്ഥന്‍ പരിശോധനയ്ക്കായി വന്നു. അയാളെ പറപ്പിച്ച വകയ്ക്ക് ഒരു ഇന്‍കംടാക്‌സ് റെയ്ഡും വീട്ടിലുണ്ടായി. നാട്ടില്‍ അതു പാട്ടായി. എല്ലാറ്റിനും കൃത്യമായി ടാക്‌സ് അടച്ച് പുസ്തകത്തില്‍ ഉണ്ടായിരുന്നതുകൊണ്ട് കണക്കില്‍പെടാത്ത പത്തുപൈസ പോലും തടയാതെ ജീവനക്കാര്‍ തലയില്‍ കൈവച്ച് പോയത് ചിലര്‍ക്കു മാത്രം അറിയാവുന്ന കാര്യം.
മുത്തുവിന്റെ അതേ സ്‌പെഷ്യാലിറ്റിയില്‍ തന്നെ ജോലിചെയ്തുവരുന്ന ഡോക്ടറാണ് ഡോ. ത്രിവിക്രമന്‍. ഡോ.വിക്രമനെ കാണാന്‍ എന്നും നല്ല തിരക്കാണ്. അമ്പതു രൂപ മാത്രമേ കണ്‍സള്‍ട്ടേഷന്‍ ഫീ വാങ്ങാറുള്ളു. പാവങ്ങള്‍ ആണെന്നു തോന്നിയാല്‍ അതും വാങ്ങില്ല.
എല്ലാ രോഗികളെക്കൊണ്ടും കുറേ ടെസ്റ്റുകളൊക്കെ ചെയ്യിക്കും. ഏകദേശം മൂവായിരം രൂപ ആകും. ഏതു ലാബില്‍ ചെയ്യണം എന്ന് ഡോക്ടര്‍ കൃത്യമായി പറയും. ആയിരത്തഞ്ഞൂറുരൂപ വിക്രമന്‍ ഡോക്ടര്‍ക്ക് കൃത്യം കമ്മീഷന്‍ ഇനത്തില്‍ കിട്ടും. അപ്പോള്‍ ലാബിന് ഇതെങ്ങനെ മുതലാകും? അതല്ലേ രസം. ഇരുപത് ടെസ്റ്റുകള്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ വേണ്ട ഒരു രണ്ട് മൂന്നെണ്ണമേ ശരിക്കും ചെയ്യൂ. ബാക്കിയെല്ലാത്തിനും ചുമ്മാ നോര്‍മ്മല്‍ എന്തെങ്കിലും എഴുതി വയ്ക്കും. ഡോക്ടര്‍ക്കറിയാം ഏതാണ് ഒറിജിനലെന്ന്.
സി.ടി., എം.ആര്‍.ഐ., അള്‍ട്രാ സൗണ്ട് തുടങ്ങിയ സ്‌കാനിംഗിന്റെ കുറവുകൊണ്ട് ഒരു രോഗം പോലും ഡോ. വിക്രമന്‍ കണ്ടുപിടിക്കാതെ പോയിട്ടില്ല. ആ വകയില്‍ കുറേയേറെ ബാങ്കില്‍ കിടപ്പുണ്ട്.
വിക്രമന്റെ രണ്ട് ആഡംബരക്കാറുകളുടേയും ബാങ്ക്‌ലോണ്‍ മാസാമാസം അടയ്ക്കുന്നത് ചില മരുന്ന് കമ്പനികളാണ്. ചുമ്മാ ഡോക്ടറോടുള്ള സ്‌നേഹം മാത്രമാണ് ഈ പരോപകാരപ്രദമായ ചോതോവികാരത്തിന്റെ പിന്നില്‍.
സര്‍ജറി വേണ്ടിവരുന്ന രോഗികളെ ചുരുക്കം ചില കോര്‍പ്പറേറ്റ് ആസ്പത്രികളിലേക്ക് സുരക്ഷിതമായി പറഞ്ഞയയ്ക്കും. രോഗിക്ക് ആകെയാകുന്ന ബില്ലിന്റെ ഇരുപത്തഞ്ച് ശതമാനം വരെ ശരീരത്തിലെ ഒരു മസില്‍ പോലും അനങ്ങാതെ എങ്ങനേയും തേടിയെത്തും.
വിക്രമന്റെ ചികിത്സയെപ്പറ്റി പൊതുവേ ആളുകള്‍ക്ക് നല്ല അഭിപ്രായമാണ്. വലിയ അത്യാഗ്രഹി ആണെന്ന് എങ്ങനെ പറയും? ആകെ അമ്പതുരൂപയല്ലേ ഫീസിനത്തില്‍ വാങ്ങുന്നുള്ളു? ഇക്കാലത്ത് ഒന്ന് മുടി വെട്ടിക്കണമെങ്കില്‍ തന്നെ പത്തിരുന്നൂറു രൂപ കൊടുക്കണം.
എന്നാലും വിക്രമന്‍ അത്ര നല്ലയാളാണെന്ന് എല്ലാവരും പറയുന്നില്ല. കുറേയൊക്കെ നാട്ടുകാര്‍ക്കുമറിയാം. എന്തോ തരികിട എവിടെയോ മണക്കുന്നുണ്ട്. എന്നാലും സഹിക്കാവുന്നതേയുള്ളു.
നാട്ടില്‍ വേറൊരു മൂലയ്ക്ക് ഡോ. രാജു പ്രാക്ടീസ് ചെയ്യുന്നുണ്ട്. അമ്പത് രൂപ തന്നെയേ വാങ്ങുന്നുള്ളു. നല്ല തിരിക്കാണ്. രാത്രിയും പകലും ജോലി ചെയ്യും. കമ്മീഷന്‍ പരിപാടികള്‍ ഒന്നുമില്ല. വിദേശത്തുപോയി ബോക്‌സിംഗ് ഒന്നും പഠിക്കാത്തതുകൊണ്ട് ‘ഗപ്പൊ’ന്നും കിട്ടിയിട്ടില്ല. പിന്നെ ഡോ. രാധ. അവരും രാജുവിനെപ്പോലെ തന്നെയാണ്. ഡോക്ടര്‍ രാജുവും രാധയും വളരെ സാധാരണക്കാരായി നാട്ടില്‍ കഴിയുന്നു.
ഇവരെപ്പറ്റിയും നാട്ടുകാര്‍ക്ക് വലിയ മതിപ്പൊന്നും ഇല്ല. പത്രാസ് പോര. ‘ഇംപ്രസീവ്’ അല്ലല്ലോ. പിന്നെ സത്യസന്ധത എങ്ങനെ ഉറപ്പാക്കും? അമ്പത് രൂപയ്ക്ക് ഫീസ് എങ്ങനെ മുതലാക്കും? എന്തൊക്കെയോ കള്ളക്കളി ഇതിലൊക്കെയില്ലേ?
”എല്ലാരും കണക്കാണെന്നേ. ആരും കൊണമില്ല. എങ്ങന്യാ അറ്യാ? ഇവന്‍മാരുടെ കൊണം?”
രാജുമാരും രാധമാരും മുത്തുമാരും ഭൂരിപക്ഷമാകുമ്പോള്‍, വിക്രമന്‍മാര്‍ കുറച്ചേയുള്ളു. രാജുവും രാധയും മുത്തുവും സമൂഹത്തിന് മുതല്‍ക്കൂട്ടാണെന്നുള്ളതാണ് സത്യം. പക്ഷേ എല്ലാവരേയും താറടിക്കാന്‍ കുറച്ചുമതിയല്ലോ. നഞ്ചെന്തിനു നാനാഴി?
ആത്മാര്‍ത്ഥത ഉറപ്പുവരുത്താന്‍ പോലീസിനും പട്ടാളത്തിനും ഒന്നും പറ്റില്ല. കോടതികള്‍ക്കും വ്യവസ്ഥിതികള്‍ക്കും ഒരു പരിധിവരെ പറ്റും. യഥാര്‍ത്ഥത്തില്‍ എന്തെങ്കിലും ചെയ്യാവുന്നത് മനസ്സാക്ഷിക്കാണ്. പ്രൊഫഷണല്‍ പൊതുമനസാക്ഷി- പ്രൊഫഷണല്‍ കളക്ടീവ് കോണ്‍ഷ്യന്‍സ്.
എന്റെ ചില സുഹൃത്തുക്കള്‍ ഈയിടെ മെഡിക്കല്‍ കൗണ്‍സില്‍, ഐ.എം.എ., ഇതിലേക്കൊക്കെ ഒന്ന് ഫോണ്‍ വിളിച്ചിരുന്നു:
”ഈ പൊതുമനസാക്ഷി തുന്നിച്ചേര്‍ത്ത ആ ഒരു സാധനമില്ലേ? കമ്പിളിപ്പൊതപ്പ്? ഒന്നു കിട്ടുമോ? കുറെയെണ്ണം വേണമായിരുന്നു.”
”ഹലോ… കേള്‍ക്കുന്നില്ലാ, കേള്‍ക്കുന്നില്ല…”
”കമ്പിളിപ്പൊതപ്പ്, മനസ്സാക്ഷി, കമ്പിളിപ്പൊതപ്പ്….”
”ഹലോ… ഹലോ… കേള്‍ക്കുന്നില്ല…”
ഛെ… ലൈന്‍ കട്ടായെന്നു തോന്നുന്നു. ഒന്നു കൂടി ഡയല്‍ ചെയ്യട്ടെ.
(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)
അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക