ടീം അഴിമുഖം
ഇന്ത്യയിലെ ശാസ്ത്ര, സാങ്കേതികവിദ്യാ വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി ക്ലാസിക്കല്‍ ഭാഷകളില്‍ തിരഞ്ഞെടുക്കപ്പെട്ട (ഇലക്ടീവ് കോഴ്‌സ്) പാഠ്യപദ്ധതികള്‍ പരിഗണിക്കുന്നതിനു പിന്നില്‍ തെറ്റു പറയാനാകാത്ത അക്കാദമിക് യുക്തിയുണ്ട്. സംസ്‌കൃതം, തമിഴ്, ചൈനീസ്, ലാറ്റിന്‍, ഗ്രീക്ക് എന്നിവ പഠിക്കുന്നത് ചിന്താഘടനയെയും കാര്യഗ്രഹണശക്തിയെയും മെച്ചപ്പെടുത്തുമെന്നതില്‍ സംശയമില്ല. പക്ഷേ അവയുടെ അധ്യാപനം ശരിയായ രീതിയിലായിരിക്കണമെന്നു മാത്രം. പരമ്പരാഗതരീതിയില്‍ നേരത്തെ തന്നെ, ഹൈസ്‌കൂളിലെങ്കിലും, ഭാഷാപഠനം തുടങ്ങുകയും വേണം.
എന്നാല്‍ സംസ്‌കൃതം ഇലക്ടീവ് കോഴ്‌സായി ആരംഭിക്കുന്നതു പരിഗണിക്കണമെന്ന് മാനവവിഭവശേഷി മന്ത്രാലയം ഐഐടികള്‍ക്കു നിര്‍ദേശം നല്‍കുമ്പോള്‍ നാം ജാഗരൂകരാകേണ്ടിയിരിക്കുന്നു. മന്ത്രാലയത്തിന്റെ നിര്‍ദേശം അവിടെ അവസാനിക്കുന്നില്ല. ഏതൊക്കെ പുരാതന ഗ്രന്ഥങ്ങളാണ് ‘ശാസ്ത്രഭാവനാ നിര്‍മാണത്തിനും കണ്ടുപിടുത്തങ്ങള്‍ക്കും ഗവേഷണത്തിനും ഉതകും വിധം വര്‍ത്തമാനകാല വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനം വിശാലമാക്കാനായി’ പരിഗണിക്കേണ്ടത് എന്നുകൂടി മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഊന്നല്‍ ഭാഷാ പഠനത്തിനല്ല എന്നു സാരം.
സ്വതന്ത്രചിന്തയില്‍ എത്ര പ്രാപ്തരാണ് ഐഐടികള്‍ എന്ന് അവരുടെ കണ്ടുപിടിത്തങ്ങളും ശാസ്ത്രപ്രബോധനങ്ങളും തെളിയിച്ചിട്ടുള്ളതാണ്. അതിനാല്‍ മന്ത്രാലയത്തിന്റെ ഈ ഇടപെടല്‍ തീര്‍ത്തും അനാവശ്യവുമാണ്. ലോകമെങ്ങും ഈ സ്ഥാപനങ്ങള്‍ മാനിക്കപ്പെടുന്നത് അവയുടെ ബൗദ്ധികവും അധ്യാപനപരവും ഭരണപരവുമായ സ്വാതന്ത്ര്യത്തിനാണ്. ഇവയെപ്പറ്റി മന്ത്രാലയത്തിന്റെ നിലപാട് എന്താണെന്ന സംശയമുയര്‍ത്തുന്നതാണ് ഇപ്പോഴത്തെ നിര്‍ദേശം. തദ്ദേശീയസംവിധാനങ്ങളെയും വിജ്ഞാനരീതികളെയും അധ്യാപനത്തെയും പഠനത്തെയും പറ്റി ചില ആശയസംഹിതകളാല്‍ പ്രേരിതരായവരുടെ ആവേശകരമല്ലാത്ത ചിന്തകള്‍ വെളിപ്പെടുത്തപ്പെട്ടിട്ടുള്ളതിനാല്‍ ഇത്തരം കത്തുകളോടും നിര്‍ദേശങ്ങളോടും ജാഗരൂകതയുണ്ടാകുന്നത് തെറ്റല്ല തന്നെ.
പുരാതന ഇന്ത്യയുടെ ‘ശാസ്ത്രീയ വിജ്ഞാന’ത്തെ പുകഴ്ത്താന്‍ നമ്മുടെ ചില നേതാക്കള്‍ ശ്രമിച്ചത് ആനത്തല മനുഷ്യശരീരത്തില്‍ വച്ചുപിടിപ്പിച്ച കഥയെ പ്ലാസ്റ്റിക് സര്‍ജറിയുമായി ഉപമിച്ചുകൊണ്ടാണ് എന്നത് മറക്കാന്‍ സമയമായിട്ടില്ല. രാജ്യത്തെ മുന്‍നിര ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രായോഗികമായ ശാസ്ത്രീയപാടവവും അറിവും പ്രോത്സാഹിപ്പിക്കാന്‍ ഔദ്യോഗികമായി ചുമതലപ്പെട്ടവര്‍ക്ക്, ഈ വിഷയത്തില്‍ ഉയര്‍ന്നുവന്നിട്ടുള്ള ആശങ്കകളും സന്ദേഹങ്ങളും പൂര്‍ണമായി ഇല്ലാതാക്കുക അസാദ്ധ്യമായിരിക്കും.
This post was last modified on April 6, 2016 8:50 am
Leave a Comment