X

ബ്രഹ്മാണ്ഡമൊന്നുമല്ല; എങ്കിലും ‘ഐ’ കണ്ടിരിക്കണം

ഷഫീദ് ഷെറീഫ്

അമിതപ്രതീക്ഷയില്ലാതെ തിയേറ്ററിലെത്തുന്ന പ്രേക്ഷകനെ ആവോളം ആസ്വദിപ്പിക്കുന്നുണ്ട് ‘ഐ’. എങ്കിലും ബ്രാഹ്മാണ്ഡ സിനിമയെന്ന വിശേഷണത്തില്‍ പുറത്തിറങ്ങിയ സിനിമ ആ വിശേഷണത്തെ എത്രമാത്രം സാധൂകരിക്കുന്നു എന്നത് കണ്ടിറങ്ങുന്ന പ്രേക്ഷകന്റെ അഭിരുചി ആശ്രയിച്ചു തീരുമാനിക്കേണ്ടിവരും. തിരശ്ശീലയില്‍ തകര്‍ക്കുന്ന ദൃശ്യവിസ്മയത്തില്‍ പ്രേക്ഷകനെ പിടിച്ചിരുത്താന്‍ ചിത്രത്തിനു സാധിക്കുന്നുവെന്നത് വാസ്തവമാണ്. പറഞ്ഞു പഴകിയ പ്രമേയത്തെ കയ്യടക്കമുള്ള സംവിധാനംകൊണ്ട് അസാധ്യമാക്കിയിട്ടുണ്ട് ഇന്ത്യന്‍ വാണിജ്യ സിനിമയിലെ തലതൊട്ടപ്പനായ ശങ്കര്‍. പക്ഷേ മൂന്നു വര്‍ഷം കൊണ്ട് നീണ്ട നിര്‍മ്മാണ പ്രക്രിയ കൊണ്ടുമാത്രം ‘ഐ’യെ യുഗ സിനിമയായി കണക്കാക്കാന്‍ പറ്റുമോ? അവതരണത്തിലെ പുതുമ ചിത്രത്തെ വ്യത്യസ്തമാക്കുന്നുവെങ്കിലും പ്രമേയത്തോടുള്ള വിയോജിപ്പ് വിലയിരുത്തേണ്ടതാണ്.

പതിവ് ശങ്കര്‍ സിനിമകളില്‍ നിന്ന് ഭിന്നമായി ഏറെയൊന്നും ‘ഐ’ ക്ക് അവകാശപ്പെടാനില്ല. കേവലം ഒരു വിഷ്വല്‍ എന്റര്‍ടൈനറായി മാത്രം ചലച്ചിത്രം ആസ്വാദകമനസ്സിലെത്തുന്നു. കാഴ്ച കൊണ്ട് കെട്ടിയാടിയ ഉത്സവമായി സിനിമയെ വിലയിരുത്താം. ലൊക്കേഷനിലെ പുതുമ കൊണ്ടും, ഫ്രെയിമില്‍ നിറഞ്ഞു ഒഴുകുന്ന നിറങ്ങളാലും പശ്ചാത്തല സംഗീതത്തില്‍ തീര്‍ത്ത അത്ഭുതത്തിലും  ‘ഐ’ തീയേറ്ററിലെ ഇരുട്ടില്‍ പ്രേക്ഷകനെ സംതൃപ്തിപ്പെടുത്തുന്നു.

സിനിമയുണ്ടായ കാലംതൊട്ട് പറഞ്ഞു പതംവന്ന കഥ. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന നായകനും ഉയരത്തിലുള്ള നായികയും. ആദ്യപകുതി അവസാനിക്കുന്നതിനുമുമ്പ് നായകന്റെ ജീവിതത്തില്‍ സംഭവിക്കുന്ന അപ്രതീക്ഷിത അത്ഭുതത്തില്‍ നായികയ്ക്ക് പ്രാപ്യമാകുന്ന നായകന്‍. പിന്നീടുണ്ടാകുന്ന പ്രണയരംഗങ്ങള്‍. പ്രണയത്തിന് വിഘാതമാകുന്ന വില്ലന്‍ സംഘങ്ങള്‍. ഒടുവില്‍ അവസാന പകുതിയില്‍ അസാമാന്യ കഴിവുകളാല്‍ വില്ലന്‍സംഘങ്ങളെ കീഴ്‌പ്പെടുത്തി വിജയിച്ചു വരുന്ന നായകന്‍ നായികയുമായി ഒന്നിക്കുന്ന, ഫ്രീസാകുന്ന ഫ്രെയിം. ഇതില്‍ കൂടുതലൊന്നും ‘ഐ’ എന്ന ശങ്കര്‍ ചിത്രത്തിന്റെ പ്രമേയം മുന്നോട്ടു വയ്ക്കുന്നില്ല.

കഥാപാത്രാവതരണവും കഥാഗതിയും ചര്‍ച്ച ചെയ്യുന്നത് ലളിതമായ രാഷ്ട്രീയമാണെങ്കിലും അതിനെയെല്ലാം ഭീകരാവസ്ഥയില്‍ ചിത്രീകരിക്കാന്‍ ശങ്കര്‍ ശ്രമിച്ചിട്ടുണ്ട്. വിക്രം അവതരിപ്പിച്ച കഥാപാത്രങ്ങളായ ലിങ്കേശനും കൂനനും സാമൂഹിക നീതിബോധത്തിനുവേണ്ടിയല്ല, മറിച്ച് വ്യക്തിബോധത്തിനെ അടിസ്ഥാനമാക്കിയാണ് നിലകൊള്ളുന്നത്. ശങ്കറിന്റെ മുന്‍ സിനിമകളില്‍ കാണുന്ന സാമൂഹികനീതി ‘ഐ’ യില്‍ പ്രതിപാദ്യ വിഷയമേയാകുന്നില്ല. 

മുന്‍കാല ശങ്കര്‍ സിനിമകളില്‍ കണ്ട പലതും ‘ഐ’ യിലും ആവര്‍ത്തിക്കുന്നുണ്ട്. ശങ്കര്‍ – വിക്രം കൂട്ടുകെട്ടില്‍ പിറന്ന ‘അന്യനില്‍ വിക്രം അവതരിപ്പിച്ച കഥാപാത്രത്തിന്റെ പ്രതിഫലനങ്ങള്‍ ഇടയ്ക്കിടെ ലിങ്കേശനിലും കൂനനിലും മിന്നിമറയുന്നുണ്ട്. ചിത്രത്തില്‍ ഇത്രയധികം പാട്ടുകളുടെ ആവശ്യമുണ്ടോയെന്ന് പ്രേക്ഷകന്‍ സംശയിച്ചേക്കാം. ശങ്കര്‍ മാജിക്കായി ചിത്രത്തെ സ്വീകരിക്കുന്ന പ്രേക്ഷകന് അംഗീകരിക്കാന്‍ കഴിയുന്നതാവും ചിത്രത്തിലെ ഗാനങ്ങള്‍. ചിത്രം തുടങ്ങി നിമിഷങ്ങള്‍ക്കകമാണ് ഗാനങ്ങള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങുക. പരസ്യത്തിന്റെ ചുവ കലര്‍ത്തിയ ഗാനങ്ങളെ കഥാപാത്ര വിശദീകരണമായിട്ടാണ് അവതരിപ്പിക്കുന്നുവെങ്കിലും അതിരു കടക്കുന്നുണ്ട്.

കഥാപാത്രചമയങ്ങള്‍ പൂര്‍ണ വിജയത്തില്‍ എത്തുകയും ലോകസിനിമാ നിലവാരം പുലര്‍ത്തുകയും ചെയ്യുന്നു. പ്രത്യേകിച്ചും വിക്രം അവതരിപ്പിച്ച ലിങ്കേശനും ഭുവനനും ആത്മസമര്‍പ്പണം കൊണ്ട് ധന്യമാകുന്നു. വിക്രത്തിന്റെ ഭാവപ്രകടനങ്ങള്‍ കണ്ട് എഴുന്നേറ്റു നിന്ന് കയ്യടിക്കേണ്ടതായിട്ടുണ്ട്. സുരേഷ് ഗോപിയുടെ വേഷത്തെക്കുറിച്ച് തകര്‍ത്തു ചര്‍ച്ച ചെയ്ത മലയാളി പ്രേക്ഷകന് മുന്നില്‍ പൂര്‍ണമായും വ്യത്യസ്ത കഥാപാത്രവുമായിട്ടാണ് ഡോ. വാസു ചിത്രത്തില്‍ നിറഞ്ഞാടുന്നത്. വര്‍ഷങ്ങള്‍ക്കു ശേഷം സുരേഷ് ഗോപിയുടെ ഭാവപ്രകടന വിദഗ്ധതയില്‍ മലയാളി അമ്പരക്കുമെന്നത് തീര്‍ച്ച. മലയാളിയ്ക്ക് അംഗീകരിക്കാന്‍ വിസമ്മതമുണ്ടെങ്കിലും മറ്റുള്ള പ്രേക്ഷകര്‍ സുരേഷ് ഗോപി അവതരിപ്പിച്ച കഥാപാത്രത്തിന് കയ്യടിനല്‍കും. ഛായാഗ്രഹണത്തില്‍ പി.സി. ശ്രീരാമിന്റെ കഴിവ് വാനോളം പ്രശംസിക്കേണ്ടതാണ്. ശങ്കര്‍ എന്ന സംവിധായകന്റെ ദൃശ്യബോധത്തിനപ്പുറം ചാരുത നല്‍കാന്‍ ഇതിഹാസ ഛായാഗ്രഹകന് സാധിച്ചിട്ടുണ്ട്. ചിത്രത്തില്‍ നായികയായി അഭിനയിച്ച എമിജാക്‌സണും അഭിനന്ദനം അര്‍ഹിക്കുന്നു.

യുക്തികൊണ്ട് സിനിമ കാണാന്‍ വരുന്ന പ്രേക്ഷകനെ നിരാശപ്പെടുത്തുമെങ്കിലും തീര്‍ച്ചയായും കണ്ടിരിക്കേണ്ട കൊമേഴ്ഷ്യല്‍ എന്റര്‍ടൈന്‍മെന്റ് സിനിമയാണ്’ഐ’.

(എ ജെ  കോളേജ് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി വിദ്യാര്‍ഥിയാണ് ലേഖകന്‍)

*Views are Personal

 

This post was last modified on January 16, 2015 12:18 pm