X

മുഖ്യധാര ഇന്ത്യന്‍ സിനിമയുടെ പതിവ് ചട്ടക്കൂടുകള്‍ മാറ്റിയതില്‍ കേരളത്തിനും പങ്ക്; ശ്യാം ബെനഗല്‍

അഴിമുഖം പ്രതിനിധി

സത്യജിത് റായ്, മൃണാള്‍സെന്‍ എന്നീ ബംഗാളി ചലച്ചിത്രകാരന്മാര്‍ക്കുശേഷം ഇന്ത്യന്‍ സിനിമയുടെ പരമ്പരാഗത ചട്ടക്കൂടുകള്‍ മാറ്റിയെടുത്തത് കേരളത്തില്‍നിന്നുള്ള ചലച്ചിത്രപ്രവര്‍ത്തകരാണെന്ന് പ്രശസ്ത സംവിധായകന്‍ ശ്യാം ബെനഗല്‍ അഭിപ്രായപ്പെട്ടു. 

ഇരുപതാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയോടനുബന്ധിച്ച് കേരള ചലച്ചിത്ര അക്കാദമി മലയാള സിനിമയിലെ സാങ്കേതിക വിദഗ്ധര്‍ക്കായി സംഘടിപ്പിക്കുന്ന ത്രിദിന ശില്പശാലയായ സ്‌ക്രീന്‍ ലാബ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തൊണ്ണൂറുകളുടെ അവസാനം ഒരു സംഘം നവാഗതരായ ചലച്ചിത്ര പ്രവര്‍ത്തകര്‍ ഇന്ത്യന്‍ സിനിമയുടെ അതുവരെയുള്ള  നിശ്ചിത രൂപം പിന്തുടരേണ്ടെന്ന തീരുമാനിക്കുകയും തങ്ങളുടെ ദൃശ്യവ്യാഖ്യാനമനുസരിച്ച് സിനിമയില്‍ പരീക്ഷണങ്ങള്‍ നടത്തുകയും ചെയ്തുവെന്ന് ശ്യാം ബനഗല്‍ ചൂണ്ടിക്കാട്ടി. ചലച്ചിത്ര സാക്ഷരതയും സിനിമയിലുള്ള ആവേശവും കേരളത്തില്‍ വളരെ ഉയര്‍ന്നതാണ്. രാജ്യാന്തര പ്രശസ്തര്‍ നയിക്കുന്ന ഈ ശില്പശാല ചലച്ചിത്രനിര്‍മാണത്തെക്കുറിച്ച് കൂടുതല്‍ നൈപുണ്യവും ആശയങ്ങളും പ്രദാനം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. 

സ്‌ക്രീന്‍ ലാബിലൂടെ സിനിമയെ സമീപിക്കുന്നതിലും മനസിലാക്കുന്നതിലും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിയുമെ്ന്ന ഐഎഫ്എഫ്‌കെ ഉപദേശക സമിതി ചെയര്‍മാന്‍ ഷാജി എന്‍.കരുണ്‍ പറഞ്ഞു. രാജ്യത്തിന്റെ ചരിത്രത്തിനുതന്നെ വലിയ സംഭാവന നല്‍കാന്‍ കഴിയുന്ന സിനിമയുടെ മൂല്യങ്ങളും ആശയങ്ങളും വ്യത്യസ്തമായി ഉള്‍ക്കൊള്ളാന്‍ ശില്പശാല സഹായിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. 

ചലച്ചിത്രമേളയോടനുബന്ധിച്ച് ഇതാദ്യമായി സാങ്കേതിക പ്രവര്‍ത്തകര്‍ക്കുവേണ്ടി നടത്തുന്ന ശില്പശാല  ഐഎഫ്എഫ്‌കെ ഉപദേശക സമിതി ചെയര്‍മാന്‍ ഷാജി എന്‍.കരുണിന്റെ ആശയമാണെ് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ ടി.രാജീവ്‌നാഥ് പറഞ്ഞു. മുംബയ് ചലച്ചിത്രോത്സവത്തിന്റെ മുന്‍ ഡയറക്ടര്‍ നാരായണന്‍ ശ്രീനിവാസന്‍, ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാന്‍ ജോഷി മാത്യു, നിര്‍വാഹക സമിതി അംഗം രാമചന്ദ്ര ബാബു, സെക്രട്ടറി എസ്.രാജേന്ദ്രന്‍ നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു 

പുലിറ്റ്‌സര്‍ പ്രൈസിന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട നാടക സംവിധായകനും തിരക്കഥാകൃത്തുമായ മാര്‍ട്ടിന്‍ ഷെര്‍മന്‍, മെല്‍ബണ് ഇന്റര്‍നാഷണല്‍ ചലച്ചിത്രോത്സവത്തിന്റെ അദ്ധ്യക്ഷ ക്ലെയര്‍ ഡോബിന്‍, ഓസ്‌കാര്‍ നാമനിര്‍ദ്ദേശം ലഭിച്ച കലാസംവിധായിക ആന്‍ സീബല്‍, പ്രശസ്ത ക്യാമറാമാന്‍ നിജല്‍ വാള്‍ട്ടേഴ്‌സ്, ഫിലിം എഡിറ്റര്‍ ആന്‍ഡ്രൂ ബേര്‍ഡ്,   ചലച്ചിത്ര പ്രവര്‍ത്തക നതാലി ഡേവിഡ് എന്നിവര്‍  തിരക്കഥ, നിര്‍മാണം, വസ്ത്രാലങ്കാരം, മെയ്ക്കപ്പ്, ഛായാഗ്രഹണം തുടങ്ങിയ മേഖലകളിലെ സെഷനുകള്‍ക്ക് മേല്‍നോട്ടം വഹിക്കും. ക്ലെയര്‍ ഡോബിന്‍ ആണ് ചീഫ്‌മെന്റര്‍. 

പ്രശസ്ത ക്യാമറാമാന്മാരായ  അനില്‍മേത്ത, സണ്ണി ജോസഫ്, എഴുത്തുകാരനും സംവിധായകനുമായ വിനയ് ശുക്ല, മെയ്ക്ക് അപ് വിദഗ്ധരായ നഹുഷ് പിസെ്, രമേഷ് മൊഹന്തി, പട്ടണം റഷീദ് തുടങ്ങിയവരും പങ്കെടുക്കുന്നുണ്ട്.

This post was last modified on December 3, 2015 11:38 am