X

ഐ.എഫ്.എഫ്.കെ: സ്ത്രീപക്ഷകഥകളുമായി ആറ് ചിത്രങ്ങള്‍

അഴിമുഖം/ഐ എഫ് എഫ് കെ ഡെസ്ക്
 
ഇരുപതാമത് രാജ്യാന്തര ചലച്ചിത്രമേളയില്‍  സ്ത്രീപക്ഷകഥകളുമായി വനിതാ സംവിധായകരുടേതുള്‍പ്പെടെ ആറ് ചിത്രങ്ങള്‍ ‘വിമന്‍ പവര്‍’ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും. ക്യാമറയ്ക്കു മുന്നിലും പിന്നിലും സ്ത്രീകള്‍ക്ക് പ്രാമുഖ്യം നല്‍കി കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ചിത്രീകരിച്ച ഫഌപ്പിംഗ് ഇന്‍ ദി മിഡില്‍ ഓഫ് നോവെയര്‍, ഇക്‌സാനുവല്‍, കില്‍ മി പ്ലീസ്, മൈ മദര്‍, ദി സെക്കന്‍ഡ് മദര്‍, ദി സമ്മര്‍ ഓഫ് സാന്‍ഗൈല്‍ എന്നീ ചിത്രങ്ങളാണ്  പ്രദര്‍ശനത്തിനെത്തുക.

സ്ത്രീകളുടെ സാര്‍വ്വലൗകികമായ വേദനകളുടെയും കുടുംബ ബന്ധങ്ങളുടെയും സര്‍വ്വോപരി വ്യത്യസ്ത സംസ്‌കാരങ്ങളില്‍ നിന്നുള്ള ജീവിതങ്ങളുടേയും കഥകളാണ് ചിത്രങ്ങളില്‍ സംവദിക്കുന്നത്. നിര്‍ണായക സാമൂഹിക ഘടനകള്‍ നിലനിര്‍ത്തുന്നതിലും കുടുംബബന്ധങ്ങള്‍ വിളക്കിച്ചേര്‍ക്കുന്നതിലും ദുര്‍ബലവിഭാഗമെന്നു കരുതപ്പെടുന്ന സ്ത്രീകള്‍ വലിയ പങ്കുവഹിക്കുന്നുണ്ടെന്ന വസ്തുതയും ഇവ ചൂണ്ടിക്കാട്ടുന്നുണ്ട്. 

അമ്മ ജോലിക്കു നില്‍ക്കുന്ന വീട്ടിലെത്തി അവിടെയുളളവരോട് ഇടപഴകുന്ന തന്നിഷ്ടക്കാരിയായ മകളെ കേന്ദ്രകഥാപാത്രമാക്കി ഈവര്‍ഷം പുറത്തിറങ്ങിയ ചിത്രമാണ് ദ സെക്കന്റ് മദര്‍. ഹാസ്യ നാടകത്തിന്റെ ചുവയുള്ള ചിത്രം ബ്രസീലില്‍നിന്ന് വിദേശ ഭാഷാ ചിത്രങ്ങളുടെ പട്ടികയില്‍ ഓസ്‌കാറിനായി നോമിനേറ്റ് ചെയ്യുന്നുണ്ട്. യുവജനങ്ങളുടെ അരക്ഷിത ലൈംഗിക ജീവിതത്തിന്റെ പരിണിതഫലങ്ങളെ പ്രമേയമാക്കിയ വിയറ്റ്‌നാമിലെ നവാഗത സംവിധായകന്‍ ദിയപ് ഹൊയാങ് ന്ഗ്യൂയന്റെ  ചിത്രമാണ് ഫ്ലാപ്പിംഗ് ഇന്‍ ദി മിഡില്‍ ഓഫ് നോവെയര്‍. സാമ്പത്തിക പരാധീനതകളില്‍ അകപ്പെട്ട ഗര്‍ഭിണിയെ സാംസ്‌കാരിക, ആത്മീയ പശ്ചാത്തലത്തില്‍ സിനിമയില്‍ അവതരിപ്പിച്ചിട്ടുണ്ട്.

കാപ്പി കര്‍ഷകനെ വശീകരിക്കുവാനുള്ള മരിയയുടെ ശ്രമങ്ങളും കാര്യങ്ങള്‍ നടക്കില്ലെന്നു കണ്ടപ്പോള്‍ മറ്റുവഴികള്‍ ആരായുന്നതുമാണ് ഇക്‌സാനുവലിന്റെ ഇതിവൃത്തം. തദ്ദേശീയ സംസ്‌കാരത്തെക്കുറിച്ചുള്ളതല്ലെങ്കില്‍ പോലും അതിലൂടെ രൂപം കൊണ്ടതും ആഗോളകാഴ്ചപ്പാടുകള്‍ക്കപ്പുറമുള്ളതുമായ പുത്തന്‍ പ്രവണതകളെ ഇത് ചൂണ്ടിക്കാട്ടുന്നുണ്ട്. റിയോ ഡി ജനീറോയിലെ ബാരാ ഡാ തിയുഹയില്‍ കുറ്റകൃത്യങ്ങളുടെ പശ്ചാത്തലത്തില്‍ സ്വയരക്ഷ നേടാന്‍ ശ്രമിക്കുന്ന സ്ത്രീയുടെ കഥയാണ് കില്‍ മി പ്ലീസ്. സംവിധായികയായ മാര്‍ഗറിറ്റ പ്രശസ്ത അമേരിക്കന്‍ നടനായ ബാരി ഹ്യൂഗിന്‍സുമായി ചേര്‍ന്ന് ഒരു ചിത്രം ചെയ്യുന്നതും അദ്ദേഹം സെറ്റില്‍ മാര്‍ഗറിറ്റയ്ക്ക് തലവേദനയായിമാറുകയും ചെയ്യുന്നതുമായ സംഭവവികാസങ്ങളാണ് മൈ മദര്‍. ഔദ്യോഗിക സമ്മര്‍ദ്ദങ്ങള്‍ക്കിടയില്‍ കൗമാരക്കാരിയായ മകളെയും രോഗിയായ അമ്മയേയും പരിചരിക്കേണ്ടിവരുന്ന മാര്‍ഗറിറ്റയുടെ ജീവിതമാണിത്. രണ്ട് പെണ്‍കുട്ടികളുടെ പ്രണയത്തെ കേന്ദ്രീകരിച്ചിരിക്കുന്ന ചിത്രമാണ് സമ്മര്‍ ഓഫ് സാന്‍ഗൈല്‍.

This post was last modified on December 3, 2015 5:52 pm