X

IFFK: കാഴ്ചക്കാര്‍ക്ക് പരിധി നിശ്ചയിക്കരുത്

അജിത് കെ ജോസഫ്

തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രമേള; സിനിമാ പ്രേമികള്‍ക്ക് അതൊരു ഉല്‍സവമാണ്. തീര്‍ഥാടനം പോലെയാണ് ഓരോ വര്‍ഷവും ഡിസംബര്‍ രണ്ടാം വാരം സിനിമാ പ്രേമികള്‍ തലസ്ഥാനത്ത് ഒത്തുചേരുന്നത്. സംസ്ഥാനത്തിനു പുറത്ത് ജോലി ചെയ്യുന്നവരും അവധിയെടുത്ത് സിനിമകളുടെ ഉല്‍സവകാലം ആഘോഷിക്കാന്‍ എത്തുന്നു. ഓരോ വര്‍ഷം കഴിയുന്തോറും ചലച്ചിത്രമേളയ്‌ക്കെത്തുന്ന ആസ്വാദകരുടെ എണ്ണം കൂടിവരികയാണ്. പതിനേഴായിരത്തോളം പേര്‍ കഴിഞ്ഞ തവണ ചലച്ചിത്രമേളയ്‌ക്കെത്തിയെന്നാണ് കണക്ക്. കൂടുതല്‍ പേര്‍ എത്തുമ്പോള്‍ സ്വാഭാവികമായും ഉണ്ടാകുന്ന അസൗകര്യങ്ങളും പരാതികളും കഴിഞ്ഞവര്‍ഷവും ഉണ്ടായി. പരാതികള്‍ ഒഴിവാക്കാന്‍ ഡെലിഗേറ്റുകളുടെ എണ്ണം പരിമിതപ്പെടുത്താനുള്ള തീരുമാനത്തിനെതിരെ പരാതി ഉയര്‍ന്നുകഴിഞ്ഞു. സിനിമാ ആസ്വാദകരുടെ വിദ്യാഭ്യാസ യോഗ്യതയും അഭിരുചിയുമെല്ലാം പരിശോധിച്ച് ഡെലിഗേറ്റ് പാസ് അനുവദിക്കുന്ന രീതിയാണ് വിവാദമാകുന്നത്.

 

ആസ്വാദകര്‍ കൂടുമ്പോഴുണ്ടാകുന്ന അസൗകര്യങ്ങള്‍ പരിഹരിക്കാന്‍ ഡെലിഗേറ്റുകളുടെ എണ്ണം കുറയ്ക്കുകയാണോ അതോ കൂടുതല്‍ തിയറ്ററുകളില്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുകയാണോ വേണ്ടത് എന്നാണ് ചോദ്യം. ചലച്ചിത്രമേളയുടെ ആസൂത്രണത്തില്‍ കുറച്ചുകൂടി ശ്രദ്ധ ചെലുത്തിയാല്‍ ഒരു പരിധിവരെ പരാതികള്‍ പരിഹരിക്കാന്‍ കഴിയില്ലേ? ഗോവയിലെല്ലാം പരീക്ഷിച്ചു വിജയിച്ച റിസര്‍വേഷന്‍ സംവിധാനം തിരുവനന്തപുരം മേളയില്‍ ഇപ്പോഴും പരീക്ഷണഘട്ടത്തില്‍ തന്നെയാണ്. ചലച്ചിത്രമേളയ്ക്ക് സ്ഥിരം വേദി എന്ന പ്രഖ്യാപനം ഇപ്പോഴും കടലാസിലൊതുങ്ങുന്നു. ഓരോ ചിത്രവും ഏതു തിയറ്ററില്‍ പ്രദര്‍ശിപ്പിക്കണം, എത്ര തവണ പ്രദര്‍ശിപ്പിക്കണം എന്ന കാര്യത്തിലും ആലോചന ആവശ്യമാണ്. കിം കി ഡുക് പോലെ കേരളത്തിലെ സിനിമാ പ്രേമികള്‍ ഏറെ ഇഷ്ടപ്പെടുന്ന സംവിധായകരുടെ ചിത്രങ്ങളും, കാന്‍ ഉള്‍പ്പെടെ പ്രമുഖ ചലച്ചിത്രമേളകളില്‍ നിരൂപക പ്രശംസ നേടിയ ചിത്രങ്ങളും വലിയ തിയറ്ററുകളില്‍, ആവശ്യമെങ്കില്‍ കൂടുതല്‍ തവണ പ്രദര്‍ശനം നടത്തേണ്ടിവരും.

 

 

ചലച്ചിത്രമേളയുടെ നിലവാരം കുറയുന്നു എന്ന പരാതിയും ശക്തമാണ്. പുറത്തിറങ്ങുന്ന ചലച്ചിത്രങ്ങളുടെ നിലവാരം മെച്ചപ്പെടാത്തതും, ചിത്രങ്ങളുടെ തിരഞ്ഞെടുപ്പിലെ പാളിച്ചകളും, സംഘാടനത്തിലെ പിഴവുകളും ആസ്വാദകരുടെ അതിവൈകാരിക പ്രതികരണങ്ങളുമെല്ലാം ഇതിനു കാരണമാകാം. സെന്‍സര്‍ ചെയ്യാത്ത സിനിമകള്‍ കാണാന്‍ വേണ്ടിയാണ് ചലച്ചിത്രപ്രേമികള്‍ മേളയ്‌ക്കെത്തുന്നത് എന്ന വിമര്‍ശനം ശരിയല്ല. ഒരുപക്ഷേ ഇത്തരം വിമര്‍ശനം ഉന്നയിക്കുന്നവരുടെ മനോനിലയാകാം അത് സൂചിപ്പിക്കുന്നത്. ഇന്റര്‍നെറ്റും യൂ ട്യൂബും വാട്‌സ് ആപ്പുമെല്ലാം പ്രചാരം നേടിയ കേരളത്തില്‍ അത്തരം ചിത്രങ്ങള്‍ കാണാന്‍ പ്രേക്ഷകര്‍ക്ക് ചലച്ചിത്രമേളയെ ആശ്രയിക്കേണ്ട കാര്യമില്ല. മാത്രമല്ല, നല്ല സിനിമ സ്വപ്നം കണ്ട് മേളയ്‌ക്കെത്തുന്ന നൂറുകണക്കിനു ചലച്ചിത്ര പ്രേമികളെ അപമാനിക്കുന്നതാണ് ഇത്തരം പരാമര്‍ശങ്ങള്‍.

 

ചലച്ചിത്രമേളയുടെ വിജയം എന്നത് അതിലെ ജനപങ്കാളിത്തം കൂടിയാണെന്ന്‍ സംഘാടകരെ എങ്ങനെ ബോധ്യപ്പെടുത്തും. പ്രമുഖ വിദേശ സംവിധായകരെ വന്‍തുക മുടക്കി തിരുവനന്തപുരത്തെത്തിച്ചതുകൊണ്ടോ, രാജ്യാന്തര തലത്തില്‍ ചര്‍ച്ചചെയ്യപ്പെട്ട സിനിമകള്‍ പ്രദര്‍ശിപ്പിച്ചതുകൊണ്ടോ മാത്രം എങ്ങനെ മേള വിജയമാകും? ഇതെല്ലാം ആസ്വദിക്കാന്‍ നിറഞ്ഞ സദസ്സുകൂടി ചേരുമ്പോഴല്ലേ മേളയ്ക്ക് പൂര്‍ണത കൈവരൂ?. തിയറ്ററുകളുടെ തറയിലിരുന്നുവരെ സിനിമ ആസ്വദിക്കുന്ന മലയാളി പ്രേക്ഷകരെ മേളയ്ക്കെത്തിയ വിദേശ സംവിധായകര്‍ എത്രയോ വട്ടം പ്രശംസിച്ചിരിക്കുന്നു. കച്ചവട സിനിമകളുടെ കാലത്ത് ഏറെ കഷ്ടപ്പെട്ട് ചിത്രീകരിക്കുന്ന നല്ല സിനിമകള്‍ക്ക് സ്വന്തം നാട്ടില്‍ പ്രേക്ഷകരെ കിട്ടാത്ത സംവിധായകര്‍ക്ക് തിരുവനന്തപുരം മേളയിലെ നിറഞ്ഞ സദസ്സുകാണുമ്പോള്‍ തന്നെ മനസ്സ് നിറയുന്നു. മറ്റൊരവാര്‍ഡിനും പകരാനാവാത്ത സംതൃപ്തി ലഭിക്കുന്നു. ഏറെ സജീവമായ ഓപ്പണ്‍ ഫോറങ്ങളും തിരുവനന്തപുരം മേളയുടെ മാത്രം സവിശേഷതയായിരുന്നു.

 

 

സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് പൊതുജനങ്ങളുടെ പണമുപയോഗിച്ച് സംഘടിപ്പിക്കുന്ന മേളയില്‍ നിന്ന് അവരെ അകറ്റിനിര്‍ത്തുന്നത് ശരിയല്ല. താല്‍പര്യമുള്ള എല്ലാവര്‍ക്കും മേളയില്‍ പങ്കെടുക്കാന്‍ അവസരം നല്‍കണം. പൊതുവേ ചലച്ചിത്രമേളയോട് സഹകരിക്കുകയും അതിന്റെ വിജയത്തിനായി ബുദ്ധിമുട്ടുകള്‍ സഹിക്കാന്‍ തയാറാവുകയും ചെയ്യുന്നവരാണ് ബഹുഭൂരിപക്ഷം സിനിമാപ്രേമികളും. ചെറിയൊരു വിഭാഗം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്ന വിമര്‍ശനങ്ങള്‍ നിഷേധിക്കുന്നില്ല. പലപ്പോഴും പൊലീസിന്റെ ഇടപെടലും സംഘാടകരുടെ നിരുത്തരവാദപരമായ പെരുമാറ്റവുമാണ് സിനിമാ പ്രേമികളെ പ്രകോപിതരാക്കുന്നത്. നല്ല സിനിമ കാണാന്‍ മണിക്കൂറുകളോളം ക്യൂ നില്‍ക്കേണ്ട അവസ്ഥ ഏതൊരു പ്രേക്ഷകനേയും മടുപ്പിക്കും. ഒന്നുകില്‍ റിസര്‍വേഷന്റെ അടിസ്ഥാനത്തില്‍ മാത്രം പ്രേക്ഷകരെ പ്രവേശിപ്പിക്കുക. അല്ലെങ്കില്‍ ക്യൂ നില്‍ക്കുന്നവരെ മാത്രം പരിഗണിക്കുക. ഏറെ നേരം ക്യൂ നിന്നശേഷം തിയറ്ററില്‍ സീറ്റില്ല എന്നറിയുമ്പോള്‍ പ്രേക്ഷകര്‍ക്കു നിരാശയുണ്ടാവുക സ്വാഭാവികം. എത്രപേരെ വേണമെങ്കിലും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന നിശാഗന്ധി പോലുള്ള വലിയ വേദികളില്‍ നല്ല ചിത്രങ്ങള്‍ ആദ്യം പ്രദര്‍ശിപ്പിക്കുന്ന കാര്യം സംഘാടകര്‍ക്ക് പരിശോധിക്കാവുന്നതാണ്.

ബെസ്റ്റ് ഓഫ് മലയാളം 

ഞാന്‍ വെളിയില്‍ നിന്നോളാം: അടൂരിന് ബി ഉണ്ണികൃഷ്ണന്റെ മറുപടി
ഹോ! എന്തൊരു നാറ്റം അഥവാ ഒരു അടൂരിയന്‍ തീട്ടൂരം
നിലവാരത്തകര്‍ച്ച ആര്‍ക്ക്? പ്രേക്ഷകര്‍ക്കോ അതോ സിനിമയ്ക്കോ?
ഈ ചലച്ചിത്രോത്സവം കൊണ്ട് ആര്‍ക്കു പ്രയോജനം?
മുഖ്യധാരയുടെ പേക്കൂത്തുകള്‍ക്ക് അന അറേബ്യയിലൂടെ ഒരു ഒറ്റ ഷോട്ട് മറുപടി

സിനിമാ തീര്‍ഥാടനകാലം വീണ്ടും വരികയാണ്. മദ്യത്തിന്റേയും സിഗരറ്റിന്റേയും വിയര്‍പ്പിന്റേയും മണമുള്ള ദിനരാത്രങ്ങള്‍. തിരുവനന്തപുരത്തെ ലോഡ്ജുകള്‍ സിനിമാ പ്രേമികളെക്കൊണ്ടു നിറയും. ചായക്കടകളിലും ‘ചാരായ’ക്കടകളിലും സിനിമാ ചര്‍ച്ചകള്‍. ഓരോ ഓട്ടോറിക്ഷകളിലും മുന്നിലും പിന്നിലുമായി നാലും അഞ്ചും ഡെലിഗേറ്റുകള്‍. നഗരം നിറയേ വിവിധ നിറങ്ങളിലുള്ള ഫെസ്റ്റിവല്‍ കിറ്റുകള്‍ തോളിലേറ്റി ചുറ്റിക്കറങ്ങുന്ന സിനിമാ ആസ്വാദകര്‍. തിരുവനന്തപുരം ജില്ലയ്ക്ക് അകത്തും പുറത്തും നിന്നുള്ള സിനിമാ പ്രേമികള്‍ നഗരത്തിന്റെ നിയന്ത്രണം ഏറ്റെടുക്കും. സദാചാര ഗുണ്ടകള്‍ക്കു മുന്നിലൂടെ അര്‍ധരാത്രിയിലും ആണും പെണ്ണും തോളില്‍ കയ്യിട്ട് നിര്‍ഭയം നടന്നു നീങ്ങും. അതേ, ചലച്ചിത്രമേള നാലു ചുവരുകളുള്ള എസി മുറിക്കുള്ളില്‍ ഒതുങ്ങുന്ന മള്‍ട്ടിപ്ലക്‌സ് അനുഭവമല്ല. അതൊരു ജനകീയ സാംസ്‌കാരിക വിപ്ലവമാണ്. ജനങ്ങളെ അകറ്റിനിര്‍ത്തി, സര്‍ക്കാര്‍ പണം ചെലവഴിക്കാനുള്ള വെറുമൊരു ചടങ്ങുമാത്രമായി ചലച്ചിത്രമേളയെ മാറ്റാനാണ് ശ്രമമെങ്കില്‍ അത് കേരളത്തിലെ നല്ല സിനിമയുടെ ആസ്വാദകര്‍ ചെറുത്തുതോല്‍പിക്കുമെന്നുറപ്പ്. 

 

(മനോരമ ചാനലിന്റെ ഡല്‍ഹി ബ്യൂറോയില്‍ റിപ്പോര്‍ട്ടറാണ് ലേഖകന്‍)

 

*Views are personal

This post was last modified on November 15, 2014 12:37 pm