X

ദേശസ്‌നേഹം മഹാശ്ചര്യം; നമുക്കും കിട്ടണം നമ്മുടെ പങ്കെന്ന് ഡോക്ടര്‍മാരും

എന്റെ ഒരു പരിചയക്കാരനായ ഡോ. സുമേഷ് ഉത്തരേന്ത്യയിലെ ഒരു ഗംഭീര മെഡിക്കല്‍ കോളേജിലാണ് എം.എസ്. പരിശീലനം നേടിയത്. മലയാളികളുടെ സ്വതസിദ്ധമായ അതിജീവനത്വര കാരണം വളരെ പെട്ടെന്ന് ജോലി ചെയ്യുന്ന സ്ഥലത്തെ ‘പൊളിറ്റിക്‌സ്’ അദ്ദേഹം മനസ്സിലാക്കി. ചില പ്രധാന പോയിന്റുകള്‍ ഇതാണ്: 

-വകുപ്പു മേധാവി ഡോ. ഗുപ്ത ഒരു പുലിയാണ്. പുള്ളിയാണ് (പുള്ളിപ്പുലി) നമ്മുടെ ഭാവിയും വര്‍ത്തമാനവും നിശ്ചയിക്കുന്നത്.

-വേറൊരു യൂണിറ്റ് മേധാവി ഡോ. ദേശായിയാണ് രണ്ടാമന്‍; അങ്ങേര്‍ ഒരു മൊശകോടനാണ്.

-ഇവര്‍ തമ്മില്‍ ചിരിച്ച് കാണിക്കുമെങ്കിലും ഭീകര ശീതസമരത്തിലാണ്. പുള്ളിപ്പുലിയുടെ വന്‍പ്രഭാവം കാരണം ദേശായിയുടെ പാരകളൊന്നും ഏശുന്നില്ലന്നേയുള്ളു.

-മറ്റു മൂന്നുനാലു അദ്ധ്യാപകര്‍ ഉണ്ട്. അവരും മേലാളന്‍മാരാണ്.

-എംഎസ് പരിശീലനം എന്നു പറഞ്ഞാല്‍ അടിസ്ഥാനപരമായി പരമമായ ഒരടിമപ്പണിയാണ്.

സാഷ്ടാംഗ പ്രണാമം, മുഖസ്തുതി പറയല്‍, ഷൂസു തുടച്ചു കൊടുക്കല്‍, പെട്ടിപിടുത്തം മുതലായവ എല്ലാ മേലാളന്‍മാരും ഇച്ഛിക്കുന്നു.

എല്ലാ എം.എസ് ട്രെയിനികളും ഈവക കാര്യങ്ങളില്‍ വിദഗ്ദ്ധരാണ്. പുള്ളിപ്പുലിയേയും ദേശായിയേയും ഒരുപോലെ അടിമസേവ നടത്താന്‍ മത്സരിക്കുകയാണ് എല്ലാവരും. ഇതൊരു ഞാണിന്മേല്‍ കളിയാണ്. ഒരുത്തനെ അധികം നക്കുന്നത് മറ്റവന് ഇഷ്ടപ്പെടുകയില്ല.

മറ്റുള്ളവരേക്കാള്‍ കുറേയധികം ബുദ്ധിയുള്ളതിനാല്‍ സുമേഷ് കടന്നുചിന്തിച്ചു; ചില നിഗമനങ്ങളിലെത്തി.

ദേശായി ഒരു ഭീകരനാണെങ്കിലും പുള്ളിപ്പുലി ഉള്ളിടത്തോളംകാലം ഒരു ചുക്കും ചെയ്യാന്‍ പറ്റില്ല. അത്രമേല്‍ അധികാരിയും ഉന്നതങ്ങളില്‍ പിടിയുള്ള ആളുമാണ് പുള്ളിപ്പുലി. അദ്ദേഹമാണ് ഇന്റേണല്‍ പരീക്ഷകനായി മൂന്നുവര്‍ഷ പരിശീലനത്തിനുശേഷം ഭാവി നിശ്ചയിക്കേണ്ടത്.

ചുരുക്കിപ്പറഞ്ഞാല്‍ പുള്ളിപ്പുലിയുടെ നഖങ്ങളാല്‍ വിഭൂഷിതമായ, പുള്ളികളാല്‍ ആവൃതമായ പാദാരവിന്ദങ്ങളില്‍ മാത്രം നക്കിയാല്‍ മതി. ദേശായിയുടെ പഴഞ്ചന്‍ സോക്‌സു നാറുന്ന വൃത്തികെട്ട തവിട്ടുനിറത്തിലുള്ള കാലുകള്‍ നക്കേണ്ടെന്നു മാത്രമല്ല, കണ്ടില്ലെന്നു നടിച്ചാല്‍ പോലും സ്വന്തം കുണ്ടിക്ക് ഒന്നും പറ്റില്ല. 

പുള്ളിപ്പുലിയുടെ ചത്ത തമാശകള്‍ കേട്ട് സുമേഷ് ആര്‍ത്തു ചിരിച്ചു. പ്ലാസ്റ്റര്‍ ഇടുമ്പോള്‍ പൊടിപറ്റുന്ന ഷൂസുകള്‍ തുടയ്ക്കാന്‍ മത്സരിച്ചു. വീട്ടില്‍ പോയി കുളിപ്പിച്ചു. അപ്പി കഴുകാന്‍ വരെ കൂടി. ഭാര്യയ്ക്ക് പച്ചക്കറികള്‍ വാങ്ങിക്കൊടുത്തു.

അദ്ദേഹത്തിന്റെ കാതുകളില്‍ മറ്റുള്ളവരുടെ പരദൂഷണം പറഞ്ഞു. ഏറ്റവും ഫേവറിറ്റ് സ്റ്റുഡന്റായി. മറ്റ് എം.എസ് ട്രെയിനികളുടെ വിരോധവും പിടിച്ചുപറ്റി.

ദേശായി തമാശകള്‍ പറയുമ്പോള്‍ സുമേഷ് ഉത്തരത്തിലേക്ക് നോക്കി മസിലു പിടിച്ചു നിന്നു. ഭാര്യയെ മൈന്‍ഡ് ചെയ്തില്ല. ദേശായി പെട്ടിയും തൂക്കി വരുമ്പോള്‍ കണ്ടില്ലെന്നു നടിച്ചു. ഷൂസ് തുടച്ചുകൊടുത്തില്ലെന്നു മത്രമല്ല, ഒരു തവണ തൂവാലയെടുത്ത് ദേശായിയുടെ കൈയില്‍ കൊടുത്തു. സ്വയം തുടച്ചോളാന്‍! എന്തു ഭയങ്കരം. സുമേഷിന്റെ പ്ലാന്‍ നന്നായിത്തന്നെ പോയി. ദേശായി പഠിച്ച പാരകളെല്ലാം പണിതിട്ടും ഒരു ചുക്കും ചെയ്യാന്‍ സാധിച്ചില്ല. 

മൂന്നുവര്‍ഷത്തിനുശേഷം പരീക്ഷാസയമം ആഗതമായി. എല്ലാവരും ആധിമൂത്തു പരക്കം പായുമ്പോള്‍ സുമേഷ് കൂളായി നിന്നു. മൂളിപ്പാട്ടുകള്‍ പാടി. മറ്റുള്ളവരെ കൊഞ്ഞനം കാണിച്ചു ചിരിച്ചു.

പെട്ടെന്നാണത് സംഭവിച്ചത്. ഒരു കാര്‍ ആക്‌സിഡന്റില്‍ പുള്ളിപ്പുലിസാറിന് സാരമായ പരിക്കുപറ്റി കിടപ്പിലായി. ദീര്‍ഘമായ അവധി എടുത്തു. ദേശായിയാണ് ഇന്റണല്‍ എക്‌സാമിനര്‍!

-തൈറോയിഡാക്ടമി ആദ്യമായി ചെയ്തയാളുടെ മകളുടെ പേരെന്ത്?

-ബ്രെസ്റ്റ് കാന്‍സറിന് ജര്‍മ്മന്‍ ഭാഷയില്‍ പറയുന്ന പേരെന്ത്?

ഇതുപോലുള്ള ചോദ്യങ്ങള്‍ കേട്ട് സുമേഷ് വിയര്‍ത്തു. അല്ലെങ്കില്‍ തന്നെ ജീവച്ഛവമായി നില്‍ക്കുകയാണ്.

”ഛായ്! ഈ സിമ്പിള്‍ കാര്യങ്ങള്‍ പോലും അറിഞ്ഞുകൂടാ ഇഡിയറ്റ്.” ദേശായി മൊഴിഞ്ഞു. പിന്നെ എക്‌സ്റ്റേണല്‍ എക്‌സാമിനറുടെ കാതില്‍ പറഞ്ഞു: ”മടിയനാ. ഒരു പണിയും ചെയ്യില്ല. കൈപ്പുണ്യം തൊട്ടുതേച്ചിട്ടില്ല. എല്ലാം കുളമാക്കും.”

എണ്‍പത്തെട്ടുനിലയില്‍ പൊട്ടിവീണ സുമേഷിന് സഹപാഠികള്‍ ഒരു സമ്മാനം കൊടുത്തു. ‘മുഞ്ച്’ എന്നു പേരുള്ള ചോക്ലേറ്റ് ബാര്‍.

ആറുമാസം ഇടവിട്ട് പരീക്ഷയെഴുതി. മൂന്നുകൊല്ലം സുമേഷ് ‘മുഞ്ച്’ തിന്നു നടന്നു. പിന്നെ പുള്ളിപ്പുലി തിരികെ കയറിയപ്പോഴാണ് സുമേഷ് പാസായത്.

സുമേഷിന്റ കഥയില്‍ ഒരു പാഠമുണ്ട്. പ്രൊഫഷണല്‍ രംഗത്ത് വിഹരിക്കുന്നവര്‍ ഒരു സമദൂരസിദ്ധാന്തം പാലിക്കുന്നതില്‍ തെറ്റില്ല.

ഈയടുത്തകാലത്ത് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ ഭാരവാഹികള്‍ നമ്മുടെ മിനിസ്റ്റര്‍ രാജ്‌നാഥ്‌ സിംഗിന് ഒരു കത്തയച്ചു. രണ്ട് അഗര്‍വാളുമാരുണ്ട് ഇപ്പോള്‍ ഐ.എം.എയുടെ തലപ്പത്ത്. ഡോക്ടര്‍ അഗര്‍വാളും മറ്റൊരു ഡോക്ടര്‍ അഗര്‍വാളും. കത്തിന്റെ ചുരുക്കം ഇതാണ്: ”ജെ.എന്‍.യു.വില്‍ നടന്ന ദേശദ്രോഹപ്രവര്‍ത്തനങ്ങളെ ഐ.എം.എ അപലപിക്കുന്നു. ശക്തമായ നടപടികളെ രണ്ടരലക്ഷം വരുന്ന മെമ്പര്‍ ഡോക്ടര്‍മാര്‍ ഒന്നടങ്കം ശ്ലാഘിക്കുന്നു. ഐ.എം.എ മുഴുവന്‍ ദേശസ്‌നേഹികളാണ്.”

മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ താക്കീത് ചെയ്തുകൊണ്ടാണ് കത്ത് ഉപസംഹരിക്കുന്നത്. ഈ കത്ത് ചെറിയൊരു വിവാദത്തിന് ഇടയാക്കിയിട്ടുണ്ട്.

കത്തില്‍ എന്താണ് തെറ്റ്? ദേശദ്രോഹത്തെ അപലപിക്കേണ്ട? ആരോടും ചോദിക്കാതെ ഡോക്ടര്‍മാരുടെ ദേശസ്‌നേഹം മൊത്തമായി വെളിപ്പെടുത്തിയത് പ്രശംസിക്കുകയല്ലേ വേണ്ടത്? പെട്ടെന്ന് എന്തിനാണിങ്ങനെയൊരു കത്ത് എന്ന് ചോദിച്ചവരോട്, എപ്പോള്‍ വേണമെങ്കിലും ദേശസ്‌നേഹം ഉറച്ചൂട്ടിയുറപ്പിക്കുന്നതില്‍ തെറ്റില്ല എന്നാണുത്തരം.

വേറെ ചിലര്‍ പറയുന്നത് അഗര്‍വാളുമാരുടെ ഈ കത്ത് കണ്ടിട്ട് ചെറുതായി വാളുവയ്ക്കാന്‍ തോന്നുന്നു എന്നാണ്. അങ്ങനെ പറയുന്നവരെ ഇടിച്ച് വാളുവയ്പ്പിക്കും, മുള്ളിക്കും… എന്നു പറയുന്നവരുമുണ്ട്. നടക്കട്ടെ.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

 

ഡോ. ജിമ്മി മാത്യു

ഡോക്ടര്‍ ജിമ്മി മാത്യു, എം സ്, എം സി എച്ച്. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് എം ബി ബി സ് കഴിഞ്ഞ്, ജിപ്മെര്‍, കോഴിക്കോട് മെഡിക്കല്‍ കോളേജ് എന്നിവയില്‍ നിന്ന് തുടര്‍ പരിശീലനങ്ങള്‍ നടത്തി. ബംഗളുരുവില്‍ സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളേജ്, ശ്രീ ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട്, കൊച്ചി അമൃത മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ ജോലി ചെയ്തിട്ടുണ്ട്. ഇന്‍ഫോ ക്ലിനിക് എന്ന കൂട്ടായ്മയുടെ മെമ്പര്‍ ആണ്. ഡി സി പ്രസിദ്ധീകരിച്ച 'ചിരിയിലൂടെ ചികിത്സ' തുടങ്ങിയ ധാരാളം പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. Blog - https://healthylifehappylife.in/

More Posts - Website

This post was last modified on December 14, 2016 2:07 pm