X

ഇവര്‍ രാഷ്ട്രീയ അരാജകത്വത്തിന്‍റെ സന്തതികള്‍

പ്രബുദ്ധ കേരളത്തിലെ മാധ്യമങ്ങളില്‍ നിറയുന്ന വാര്‍ത്തകളില്‍ പലതും കൊലപാതകങ്ങള്‍, പീഡനങ്ങള്‍ മറ്റു കുറ്റകൃത്യങ്ങള്‍ എന്നിവയുടെതാണ്. ദിനം പ്രതി ഇവയുടെ നിരക്കുകള്‍ വര്‍ദ്ധിക്കുകയും ചെയ്യുന്നു. പലതിലും പ്രതികള്‍ യുവാക്കള്‍. പട്ടാപ്പകല്‍ നടുറോഡില്‍ വച്ച്കൊല നടക്കുന്നു. മാതാപിതാക്കളാല്‍ തന്നെ മക്കള്‍ പീഡിപ്പിക്കപ്പെടുന്നു. കേരളത്തിലെ ജനസമൂഹത്തിന്റെ മാനസികനിലയ്ക്ക് എന്താണ് പറ്റിയത്? പ്രശസ്ത മനശാസ്ത്രജ്ഞന്‍ ഡോ. കെ എസ് ഡേവിഡ് പ്രതികരിക്കുന്നു

പൊതുവേ കുറ്റകൃത്യങ്ങളുടെ തോത് വര്‍ദ്ധിക്കുന്നത് ഓരോ തലങ്ങളിലായാണ്. കുറ്റകൃത്യങ്ങളുടെ കാഠിന്യം ഓരോ തലത്തിലായി വര്‍ധിക്കപ്പെടുകയാണ് ചെയ്യുക. എന്നാല്‍ കേരളത്തില്‍ , നമ്മുടെ ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ഈ മാറ്റമുണ്ടായത് വളരെ ചെറിയൊരു സമയത്തിനുള്ളിലും. കേരളത്തിലെ ജനങ്ങളുടെ മാനസികാവസ്ഥയില്‍ വന്ന മാറ്റം യുഗാന്തരങ്ങള്‍  കൊണ്ട് പരിണാമം പോലെ ഉണ്ടായ ഒന്നല്ല. ഇതുണ്ടായത് വെറും അഞ്ചു വര്‍ഷകാലയളവിനുള്ളില്‍ തന്നെയാണ്. എന്താണിതിനു കാരണം എന്നുള്ളതു പകല്‍ പോലെ വ്യക്തവും.

സമൂഹമാണു നാളത്തെ തലമുറയ്ക്ക് മാതൃക. മുന്‍പൊക്കെ സമൂഹത്തിനു വേണ്ടി ജീവിതം ഹോമിച്ച മഹാത്മാക്കളെയായിരുന്നു നമ്മള്‍ മാതൃകയാക്കിയിരുന്നത്. എന്നാല്‍ ഇന്നു യുവത്വം അതിനായി കണ്ടെത്തുന്നത് ക്രിമിനലുകളെയും അഴിമതിക്കാരെയുമാണ്‌. പ്രത്യേകിച്ചും രാഷ്ട്രീയ പ്രവര്‍ത്തനരംഗത്തുള്ളവര്‍. ഇപ്പോള്‍ കേരളം കണ്ടുകൊണ്ടിരിക്കുന്ന കൊല്ലിനും കൊലയ്ക്കും എല്ലാം കാരണക്കാരായി ചൂണ്ടിക്കാട്ടാന്‍ കഴിയുന്നതും ഇവരെത്തന്നെയാണ്. ഏതു തരം കേസില്‍ പെട്ടാലും എങ്ങനെയും രക്ഷപ്പെടാമെന്നും ലക്ഷ്യം കൈവരിക്കാനായി ആരുടെ ജീവനും എടുക്കാമെന്നും ആരെയും ചതിക്കാമെന്നും ഇവരിലൂടെ കുട്ടികള്‍ പഠിക്കുന്നു. സോളാര്‍ ,  ബാര്‍ കോഴ എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്ത ഉദാഹരണങ്ങളുണ്ട്. കുറ്റാരോപിതര്‍ യഥേഷ്ടം വിലസുന്നു. നീതി ലഭിക്കെണ്ടവര്‍ ഇരുളില്‍ കഴിയുന്നു.

ഇന്നലെ ആറ്റിങ്ങലില്‍ പട്ടാപ്പകല്‍ യുവാവിനെ അടിച്ചു കൊന്നതും കാമുകിയെ വെട്ടിക്കൊന്നതും എല്ലാം ഈ രാഷ്ട്രീയ അരാജകത്വത്തിന്റെ സന്തതികളാണ്. എന്തു തിന്മകളും നന്മകളാക്കി മാറ്റാം എന്നുള്ള ചിന്താഗതി ഇവരില്‍ വേരുറച്ചു കഴിഞ്ഞിരിക്കുന്നു. കൊള്ളരുതായ്മ ചെയ്യുന്നവനും അഴിമതിക്കു കൂട്ടു നില്‍ക്കുന്നവനും ആണ് വലിയവന്‍  എന്ന അപകടകരമായ മാനസികാവസ്ഥയില്‍ നിന്നും ഉരുത്തിരിയുന്നതാണ്  ഇത്തരം സംഭവങ്ങള്‍.

അസംതൃപ്തരായ ഒരു സമൂഹമാണ്‌ ഇവിടെയുള്ളത്. ലക്ഷ്യബോധമില്ലാതെ വളരുന്ന അവര്‍ക്ക് എന്ത് ചെയ്യണം എന്ത് ചെയ്യണ്ട എന്നറിയില്ല. തകര്‍ന്ന സാമ്പത്തിക വ്യവസ്ഥ, ജീര്‍ണ്ണിച്ച സാംസ്കാരിക അവസ്ഥ ഇതൊക്കെയാണ് മറ്റുള്ള വസ്തുതകള്‍.  ഇത് ഇവിടം കൊണ്ട് അവസാനിക്കില്ല. വലിയൊരു രക്തച്ചൊരിച്ചിലിലെക്കാവും ഇതിന്റെ അടുത്ത ഘട്ടം. അടിച്ചമര്‍ത്തപ്പെട്ട വികാരങ്ങളുള്ള ഒരു ജനതയാണ് നമ്മുടേത്, അതേതു നിമിഷവും പൊട്ടിത്തെറിക്കാം. 

മറ്റൊന്ന് മനുഷ്യന്റെ സ്വാര്‍ത്ഥതാ മനോഭാവമാണ്. ഞാനും എന്റെ കുടുംബവും മാത്രം മതി മറ്റൊന്നും എന്നെ ബാധിക്കുന്നതല്ല എന്ന ഒരു ചട്ടക്കൂടിനുള്ളിലേക്ക് മനുഷ്യന്‍ ഉള്‍വലിയുകയാണ്‌.ചോരവാര്‍ന്നു റോഡില്‍ കിടക്കുന്ന സഹജീവിയെ തിരിഞ്ഞു നോക്കാതെ അവന്‍ നടന്നകലുന്നതിനു കാരണം മേല്‍പ്പറഞ്ഞ ചിന്താഗതിയാണ്. തിരുവനന്തപുരം  കിഴക്കേക്കോട്ടയ്ക്ക് സമീപം ഒരു വയോധികന്‍ നടുറോഡില്‍  അവസാനിച്ചത് പട്ടികയിലെ ഏറ്റവും അടുത്ത കൂടിച്ചേര്‍ക്കല്‍.  പുറത്തിറങ്ങിയാല്‍ ആവശ്യമില്ലാത്ത ഒന്നിലും ഇടപെടരുത് എന്ന് കുട്ടിക്കാലം മുതല്‍ തന്നെ നമ്മുടെ മനസ്സില്‍  ഇന്‍ജെക്റ്റ് ചെയ്യപ്പെടുന്നു. വളരും തോറും ഈ വിശ്വാസം നമ്മളില്‍ ഉറയ്ക്കുകയും ചെയ്യുന്നു. 

 

This post was last modified on February 3, 2016 8:02 am