X

ലഖ്നൗവിൽ 2 കശ്മീരി വഴിയോരക്കച്ചവടക്കാരെ സംഘപരിവാർ പ്രവർത്തകർ ആക്രമിച്ചു; പ്രതിഷേധവുമായി പ്രതിപക്ഷം

'വിശ്വ ഹിന്ദു ദൾ' എന്ന സംഘടനയുടെ പ്രവർത്തകരാണ് ഇവരെല്ലാമെന്ന് പൊലീസ് പറയുന്നു.

ഉത്തർപ്രദേശ് തലസ്ഥാന നഗരമായ ലഖ്നൗവിൽ വഴിയോരത്ത് ഉണക്കിപ്പഴങ്ങള്‍ വിൽക്കുകയായിരുന്ന കശ്മീരി കച്ചവടക്കാരെ സംഘപരിവാർ പ്രവർത്തകർ ചേര്‍ന്ന് ആക്രമിച്ചു. വലിയ വടികളുമെത്തിയ ഇവർ കശ്മീരി യുവാക്കളെ ക്രൂരമായി മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്ന സംഭവത്തിന്റെ വീഡിയോ അക്രമികളിലൊരാൾ തന്നെയാണ് പുറത്തു വിട്ടത്. പുൽവാമയിൽ പാകിസ്താൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ജെയ്ഷെ മൊഹമ്മദ് നടത്തിയ ഭീകരാക്രമണത്തിനു ശേഷം രാജ്യത്തെമ്പാടും കശ്മീരികൾക്കെതിരെ സംഘപരിവാർ സംഘടനകൾ അക്രമമഴിച്ചു വിടുകയാണ്. ഈ വിഷയത്തിൽ പ്രതിപക്ഷത്തിന്റെയും സാമൂഹ്യപ്രവർത്തകരുടെയുമെല്ലാം നിരന്തരമായ ആവശ്യത്തിനു ശേഷവും പ്രധാനമന്ത്രി പ്രതികരിക്കുകയുണ്ടായില്ല.

ബുധനാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് മധ്യ ലഖ്നൗവിലെ ദാലിഗഞ്ചിൽ ആർഎസ്എസ്, ബജ്റംഗ്ദൾ പ്രവർത്തകർ സംഘടിച്ചെത്തിയതെന്ന് റിപ്പോർട്ടുകൾ പറയുന്നു. കാവിവേഷ ധാരികളായിരുന്നു ഇവരിൽ പലരും. കശ്മീരികളെന്ന് ആക്രോശിച്ചാണ് ദണ്ഡുകളുമായെത്തിയവർ ആക്രമണം നടത്തിയത്. റോഡരികിൽ ഇരുന്ന് കുറച്ച് ഉണക്കപ്പഴങ്ങൾ മുമ്പിൽ നിരത്തി വെച്ച് കച്ചവടം ചെയ്യുകയായിരുന്നു യുവാക്കൾ.

ആക്രമണം തുടങ്ങിയപ്പോൾ തലയിൽ കൈ ചേർത്തുവെച്ച് അടി തടയാൻ കശ്മീരി യുവാക്കൾ ശ്രമിക്കുന്നത് വീഡിയോയിൽ കാണാം. ഇരുവരും തങ്ങളെ അടിക്കല്ലേയെന്ന് കേണപേക്ഷിക്കുന്നുണ്ട്. കണ്ടു നിന്ന ചില പ്രദേശവാസികൾ ഇടപെട്ടാണ് അക്രമം തടഞ്ഞത്.

വർഷങ്ങളായി സ്ഥലത്ത് കച്ചവടം നടത്തിവരുന്നവരാണ് ഈ യുവാക്കൾ. അക്രമം നടത്തിയവരെ പൊലീസ് അറസ്റ്റ് ചെയ്തതായി റിപ്പോർട്ടുകൾ പറയുന്നു. നാല് അക്രമികളെയാണ് പൊലീസ് പിടികൂടിയത്. ‘വിശ്വ ഹിന്ദു ദൾ’ എന്ന സംഘടനയുടെ പ്രവർത്തകരാണ് ഇവരെല്ലാമെന്ന് പൊലീസ് പറയുന്നു. ഈ സംഘചനയുടെ പ്രസിഡണ്ടും ആക്രമണത്തിൽ പങ്കെടുത്തിരുന്നെങ്കിലും ഇയാളെ അറസ്റ്റ് ചെയ്തിട്ടില്ല. ഇയാൾ വീഡിയോ ഫേസ്ബുക്കിൽ ഷെയര്‍ ചെയ്തിരുന്നത് ഇപ്പോൾ ഡിലീറ്റ് ചെയ്തിട്ടുണ്ട്.

നിയമസംവിധാനത്തെ വെല്ലുവിളിച്ച് നിഷ്കളങ്കരായ പൗരന്മാരെ ആക്രമിക്കുന്നത് ഒരു കാരണവശാലും അംഗീകരിക്കില്ലെന്ന് പൊലീസ് പറഞ്ഞു.

ഇന്ത്യ എന്ന ആശയത്തെയാണ് ആർഎസ്എസ്/ബജ്റംഗ്ദൾ പ്രവർത്തകർ ആക്രമിക്കുന്നതെന്ന് ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള പറഞ്ഞു. കോൺഗ്രസ്സും ആംആദ്മി പാർ‌ട്ടിയും സംഭവത്തിൽ പ്രതിഷേധമറിയിച്ച് രംഗത്തു വന്നിട്ടുണ്ട്.

കശ്മീര്‍ സ്വദേശികൾക്കെതിരെ വിവിധ സംസ്ഥാനങ്ങളിൽ നടക്കുന്ന അക്രമങ്ങൾ തടയണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. ഇതിനു ശേഷവും അക്രമങ്ങൾ തുടരുകയാണ്. പത്ത് സംസ്ഥാനങ്ങൾക്കാണ് സുപ്രീംകോടതി നോട്ടീസയച്ചത്.

This post was last modified on March 7, 2019 4:24 pm