X

യുവതികളെ ശബരിമലയില്‍ കയറ്റിയ ലിംഗനീതി; ഈ രാജ്യത്തിന്റെ നിയമവ്യവസ്ഥ സ്ത്രീയെ ബഹുമാനിക്കുന്നുവെന്നു പ്രഖ്യാപിച്ചാണ് 2018 കടന്നു പോയത്‌

നിയമനിര്‍മ്മാണത്തിന്റെ കാര്യത്തില്‍ മാത്രമല്ല, മൊത്തം നിയമ സംവിധാനത്തിലും അതിന്റെ നേതൃനിരകളിലുമുള്ള സ്ത്രീകളുടെ പ്രതിനിധ്യത്തിലും ഇക്കഴിഞ്ഞ വര്‍ഷത്തില്‍ പല മാറ്റങ്ങളുമുണ്ടായി

കടന്നുപോയ വര്‍ഷത്തെ സ്ത്രീകള്‍ക്ക് നന്ദിയോടെയും ചാരിതാര്‍ഥ്യത്തോടെയും സ്മരിക്കാം. അവളുടെ അവസര സമത്വവും വ്യക്തിത്വവും സ്വതന്ത്ര്യവും തന്നെയാണ് രാജ്യത്തിന് വലുതെന്ന് നിയമസംവിധാനങ്ങള്‍ തുറന്നു പ്രഖ്യാപിച്ച ഒരു വര്‍ഷമാണ് കഴിഞ്ഞത്. വര്‍ഷത്തിന്റെ അവസാന മാസങ്ങളില്‍ വന്ന സുപ്രിം കോടതിയുടെ ചരിത്രവിധികളെല്ലാം അവളെ പരിഗണിക്കുന്നതായിരുന്നു.

സുപ്രിംകോടതിയുടെ സുശക്തതമായ വിധിയുടെ ബലത്തിലാണ് രണ്ടു സ്ത്രീകള്‍ ഇന്ന് മല ചവിട്ടിയത്. വിധി പ്രസ്താവിക്കുന്ന ഘട്ടത്തില്‍ തന്നെ. വിശ്വാസങ്ങള്‍ ഏതെങ്കിലും വിഭാഗങ്ങളുടെ അന്തസ്സിനേയും തുല്യതയ്ക്കുള്ള അവകാശത്തെയും ഹനിച്ചുകൊണ്ടാകരുത് എന്ന കാര്യം സുപ്രിം കോടതി വ്യക്തമാക്കിയിരുന്നു. ഭക്തി ഒരിക്കലും ലിംഗവിവേചനത്തിനുള്ളതല്ല എന്ന് സുപ്രിം കോടതി അസന്നിഗ്ധമായി പ്രഖ്യാപിച്ച വര്‍ഷം കൂടിയായിരുന്നു അത്.

സ്ത്രീകളെ വര്‍ഷങ്ങളായി പാര്‍ശ്വവത്കരിക്കാന്‍ ഉപയോഗിച്ചുകൊണ്ടിരുന്ന ആര്‍ത്തവവുമായി ബന്ധപ്പെട്ട അശുദ്ധിയെക്കുറിച്ച് പുനര്‍വിചിന്തനം ചെയ്യപ്പെട്ട വര്ഷമെന്ന സവിശേഷതയുമുണ്ട് 2018 ന്. ആചാരങ്ങളും അനുഷ്ഠാനങ്ങളും സ്ത്രീകളുടെ വ്യക്തി സ്വാതന്ത്രത്തിനും അന്തസ്സിനും മുകളിലാണോ താഴെയാണോ എന്ന ആശയക്കുഴപ്പത്തിന് ശബരിമല വിധി കൃത്യമായ മറുപടി നല്‍കിയിട്ടുണ്ട്. ആ ബെഞ്ചിലെ ഏക വനിതാ ജസ്റ്റിസായ ഇന്ദു മല്‍ഹോത്രയ്ക്ക് മാത്രമേ മതവിശ്വാസങ്ങളില്‍ കോടതി ഇടപെടുന്ന കാര്യത്തില്‍ തര്‍ക്കം ഉണ്ടായിരുന്നുള്ളൂ.

ഭര്‍ത്താവ് ഭാര്യയുടെ യജമാനനല്ല എന്ന ചരിത്രപ്രധാനമായ സുപ്രിം കോടതി നിരീക്ഷണവും ഉണ്ടായത് ഇക്കഴിഞ്ഞ വര്‍ഷം തന്നെയാണ്. കൊളോണിയല്‍ കാലത്ത് തുടങ്ങിയ, സ്ത്രീകളുടെ അന്തസ്സിനു കളങ്കമേല്‍പ്പിക്കുന്ന ശിക്ഷ നിയമത്തിലെ സെക്ഷന്‍ 497 ഭരണഘടനാ വിരുദ്ധമാണെന്ന് ഈ വര്‍ഷത്തിന്റെ അവസാന പാദത്തില്‍ തിരിച്ചറിവുണ്ടായി.

സ്ത്രീകളുടേതു മാത്രമല്ല, ഭിന്നലൈംഗിക സ്വത്വങ്ങളുടെ അവകാശങ്ങളെയും നിയമം അംഗീകരിച്ച ഒരു വര്‍ഷം കൂടിയാണ് കടന്നുപോയത്. ഈ വിഭാഗങ്ങളെ ചൂഷണം ചെയ്യാനായി വര്ഷങ്ങളായി ഉപയോഗിച്ച് പോന്ന സെക്ഷന്‍ 377 എടുത്തുകളയപ്പെട്ടു. ലൈംഗിക ന്യൂനപക്ഷങ്ങളുടെയും ആത്മാഭിമാനം ഉയര്‍ത്തിപ്പിടിച്ചു എന്ന നിലയ്ക്കാണ് ഈ വര്‍ഷം സുപ്രിം കോടതി പ്രത്യേക കയ്യടി നേടിയത്.

നിയമനിര്‍മ്മാണത്തിന്റെ കാര്യത്തില്‍ മാത്രമല്ല, ആകെ മൊത്തം നിയമ സംവിധാനത്തിലും അതിന്റെ നേതൃനിരകളിലുമുള്ള സ്ത്രീകളുടെ പ്രതിനിധ്യത്തിലും ഇക്കഴിഞ്ഞ വര്‍ഷത്തില്‍ പല മാറ്റങ്ങളുമുണ്ടായി.

സുപ്രിം കോടതിയിലേക്ക് ബാറില്‍ നിന്നു നേരിട്ട് തെരഞ്ഞെടുക്കപ്പെട്ട ആദ്യ വനിതാ ജസ്റ്റിസായ ഇന്ദു മല്‍ഹോത്രയുടെ പേരും ചരിത്രത്തില്‍ രേഖപ്പെടും. സുപ്രീംകോടതിയുടെ അഡിഷണല്‍ സോളിസിറ്റര്‍ ജനറലായി മാധവി ദിവാന്‍ എന്ന സ്ത്രീ നിയമിതയായതും സുപ്രധാനമാണ്. കാരണം വെറും മൂന്നു വനിതകള്‍ മാത്രമേ ഈ പദം അലങ്കരിച്ചിട്ടുള്ളൂ. ഇന്ത്യയാകെ ഉറ്റുനോക്കുന്ന ജമ്മു കശ്മീര്‍ ഹൈക്കോടതിയില്‍ ആദ്യ വനിതാ ജഡ്ജിയി സിന്ധു മിത്ര വന്നതും, ജസ്റ്റിസ് ഗീത മിത്തല്‍ ചീഫ് ജസ്റ്റിസ് ആയതും ചരിത്രം എന്നും ഓര്‍മിക്കും. വര്‍ഷങ്ങളുടെ കടമ്പകള്‍ ചാടിക്കടന്നാണ് ഈ സ്ഥാനങ്ങളിലേക്ക് സ്ത്രീകള്‍ പ്രവേശിക്കുന്നത്.
ലിംഗനീതിയുമായി ബന്ധപ്പെട്ട നല്ല വാര്‍ത്തകളാണ് പുതുവര്‍ഷത്തിന്റെ തുടക്കത്തില്‍ ലഭിച്ചത്. സ്ത്രീകള്‍ വിലക്കുകള്‍ പൊട്ടിച്ച് കരുത്തു തെളിയിക്കുന്ന കാഴ്ചകളാണ് വര്‍ഷത്തിലെ ആദ്യരണ്ടു ദിവസങ്ങളിലും പുറത്തു വന്നത്.

(IANS നു വേണ്ടി മമ്ത അഗര്‍വാള്‍ എഴുതിയത്)