X

തൊഴിലാളികളുടെ കുറഞ്ഞ വേതനം 18,000 രൂപയാക്കും, പൊതുമേഖല സ്ഥാപനങ്ങള്‍ സ്വകാര്യവത്കരിക്കുന്നത് നിര്‍ത്തലാക്കും; സിപിഎം പ്രകടന പത്രിക

വാര്‍ദ്ധക്യകാല പെന്‍ഷന്‍ 6000 ആക്കും. പ്രതിമാസ മിനിമം വേതനം ഉപഭോക്തൃ വില സൂചികയുമായി ബന്ധിപ്പിക്കും.

ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള സിപിഎം പ്രകടന പത്രിക ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പുറത്തിറക്കി. തൊഴിലാളികള്‍ക്കുള്ള കുറഞ്ഞ വേതനം 18000 രൂപയായി ഉയര്‍ത്തുമെന്നതാണ് സുപ്രധാന പ്രഖ്യാപനം. ഇതുള്‍പ്പെടെ 15 ഇന വാഗ്ദാനങ്ങളാണ് പ്രകടനപത്രിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

കാര്‍ഷിക വിളകള്‍ക്ക് ഉത്പാദന ചെലവിനേക്കാള്‍ 50 ശതമാനം ഉയര്‍ന്ന താങ്ങുവില ഉറപ്പാക്കും, വാര്‍ദ്ധക്യകാല പെന്‍ഷന്‍ 6000 ആക്കും. പ്രതിമാസ മിനിമം വേതനം ഉപഭോക്തൃ വില സൂചികയുമായി ബന്ധിപ്പിക്കും. എല്ലാ കുടുംബങ്ങള്‍ക്കും പൊതുവിതരണ സംവിധാനം വഴി പ്രതിമാസം 35 കിലോ ഭക്ഷ്യധാന്യം ലഭ്യമാക്കും. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ക്ക് രണ്ടുരൂപ നിരക്കില്‍ ഏഴു കിലോ അരി നല്‍കും. ആരോഗ്യ ഇന്‍ഷ്വറന്‍സ് രംഗത്ത് സ്വകാര്യ കമ്പനികളെ ഒഴിവാക്കും. എല്ലാവര്‍ക്കും സൗജന്യ ആരോഗ്യ ഇന്‍ഷ്വറന്‍സ് ഉറപ്പാക്കും. തൊഴില്‍ രഹിതര്‍ക്ക് പ്രതിമാസ സാമ്പത്തിക സഹായം നല്‍കും പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് സ്വകാര്യ മേഖലയില്‍ സംവരണം നടപ്പിലാക്കും, പൊതുമേഖല സ്ഥാപനങ്ങള്‍ സ്വകാര്യവത്കരിക്കുന്നത് നിര്‍ത്തലാക്കും, സ്വകാര്യമേഖലയില്‍ സംവരണം ഏര്‍പ്പെടുത്തും എന്നിവയാണ് 17 ആം ലോക്‌സഭ തെരഞ്ഞെടുപ്പിനു മുന്നോടിയായി സിപിഎം ജനങ്ങള്‍ക്കു നല്‍കുന്ന ഉറപ്പുകള്‍.

ബിജെപിയെ പരാജയപ്പെടുത്തുകയാണ് സിപിഎമ്മിന്റെ മുഖ്യലക്ഷ്യം എന്നാണ് പ്രകടന പത്രിക പുറത്തിറക്കി കൊണ്ട് സീതാറാം യെച്ചൂരി പറഞ്ഞത്. സിപിഎമ്മിന്റെയും ഇടതുപാര്‍ട്ടികളുടെയും പ്രാതിനിധ്യം ഉറപ്പ് വരുത്തുകയും കേന്ദ്രത്തില്‍ മതേതര ജനാധിപത്യ സര്‍ക്കാര്‍ ഉണ്ടാക്കുകയുമാണ് ലക്ഷ്യമെന്നും യെച്ചൂരി വ്യക്തമാക്കി.

This post was last modified on March 28, 2019 6:39 pm