X

പിണറായിക്കും മമതയ്ക്കും പിന്നാലെ ആന്ധ്രാ, തെലങ്കാന, ഒഡീഷ, പഞ്ചാബ്, ചത്തീസ്ഗഡ് മുഖ്യമന്ത്രിമാരും മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കില്ല

തമിഴ്‌നാട്ടില്‍നിന്നുള്ള ഡിഎംകെ എംപിമാര്‍ എല്ലാവരും ചടങ്ങ് ബഹിഷ്‌കരിക്കും.

കേരള മുഖ്യമന്ത്രി പിണറായി വിജയനും ബംഗാള്‍ മുഖ്യമന്ത്രി മമ്മത ബാനര്‍ജിയ്ക്കും പിന്നാലെ അഞ്ച് സംസ്ഥാനത്തെ മുഖ്യമന്ത്രിമാര്‍ നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞയില്‍ പങ്കെടുക്കില്ല. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഢി, തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു, ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്, പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്, ചത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍ എന്നിവര്‍ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കുന്നില്ല.

തമിഴ്‌നാട്ടില്‍നിന്നുള്ള ഡിഎംകെ എംപിമാര്‍ എല്ലാവരും ചടങ്ങ് ബഹിഷ്‌കരിക്കും. ചടങ്ങിലേക്ക് ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിനെ ക്ഷണിക്കാത്തതില്‍ പ്രതിഷേധിച്ചാണ് തീരുമാനം. തമിഴ് നാട്ടിലെ സ്റ്റാലിനെ ഒഴിച്ച് ബാക്കിയുള്ള എംപിമാരെ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നു. ഡിഎംകെ എറ്റവും വലിയ മൂന്നാം കക്ഷിയായിട്ടും പാര്‍ട്ടി അധ്യക്ഷനെ ക്ഷണിക്കാത്തത് തമിഴ്‌നാടിനെ തഴയുന്നതിന് സമാനമെന്ന് ആരോപിച്ചാണ് നേതാക്കളുടെ ബഹിഷ്‌കരണം. ടിഡിപി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡുവും ചടങ്ങില്‍ പങ്കെടുക്കില്ല.

മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിന് എല്ലാ പ്രതിപക്ഷ നേതാക്കളെയും ക്ഷണിച്ചിട്ടുണ്ട്. യുപിഎ അദ്ധ്യക്ഷ സോണിയാ ഗാന്ധി, കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രാഹുല്‍ ഗാന്ധി, മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ തുടങ്ങിവര്‍ ചടങ്ങിലെത്തുമെന്നാണ് വിവരം.

വൈകിട്ട് ഏഴുമണിക്ക് തുടങ്ങുന്ന ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് നരേന്ദ്ര മോദിക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും. സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് 8 രാഷ്ട്രത്തലവന്‍മാരെയടക്കം 6000 പേര്‍ക്കാണ് ക്ഷണമുള്ളത്. 6500-ലധികം പേര്‍ ചടങ്ങിനെത്തുമെന്നാണ് കരുതുന്നത്. 2014-ല്‍ അയ്യായിരം പേരോളം ചടങ്ങില്‍ പങ്കെടുത്തിരുന്നു.

രാഷ്ട്രപതി ഭവന്റെ മുന്നിലെ വിശാലമായ മുറ്റത്താകും ചടങ്ങുകള്‍ക്കുള്ള പ്രത്യേക വേദി ഒരുക്കുക. സാധാരണ ദര്‍ബാര്‍ ഹാളിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടത്താറ്. പക്ഷേ ഇത്തവണ എത്തുന്ന അതിഥികളുടെ എണ്ണം അടക്കം കണക്കിലെടുത്താണ് ചടങ്ങ് രാഷ്ട്രപതിഭവന്റെ മുന്‍ഭാഗത്തേക്ക് മാറ്റിയത്.

Read: നായനാരെ ‘വിറപ്പിച്ച’ മുരളീധരന്‍, തലശ്ശേരിയിലെ വീട്ടിലേക്ക് ഇനിയെത്തുന്നത് കേന്ദ്രമന്ത്രിയായി