X

40 രൂപ കൂലിക്ക് ജോലി ചെയ്ത് പഠിച്ചു: ജെഎൻയു തെരഞ്ഞെടുപ്പിൽ പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കുന്ന ദളിത് യുവാവിന്റെ ജീവിതം

കുട്ടിക്കാലം തൊട്ടേ തങ്ങളെ പലതരത്തിൽ മാറ്റി നിർ‌ത്തുന്നത് ജിതേന്ദ്ര മനസ്സിലാക്കിയിരുന്നു. കൂട്ടുകാർ‌ക്കിടയിൽപ്പോലും വിവേചനം ശക്തമായിരുന്നു.

ജവഹർലാൽ സർവ്വകലാശാലയിലെ യൂണിയൻ തെരഞ്ഞെടുപ്പില്‍ പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കുന്നുണ്ട് 29കാരനായ ജിതേന്ദ്ര സൂന. ഒഡീഷയിൽ നിന്നുള്ളയാളാണ് സൂന. ദളിത് സമുദായക്കാരനായ ജിതേന്ദ്ര താന്‍ കടന്നുപോന്ന വഴികളെക്കുറിച്ച് നല്ല ഓർമ്മയുള്ളയാളാണ്. ഇക്കാരണത്താൽ തന്നെയാണ് സർവ്വകലാശാലയിലെ ബിസ്ര അംബേദ്കർ ഫൂലെ സ്റ്റൂ‍ഡന്റ്സ് അസോസിയേഷൻ എന്ന സംഘടനയിലേക്ക് അദ്ദേഹം ആകർഷിക്കപ്പെട്ടത്. കാമ്പസ്സിലെ ഒരു സ്വത്വവാദ സംഘടനയാണിത്. അംബേദ്കർ, ഫൂലെ തുടങ്ങിയവരുടെ ആശയഗതികളനുസരിച്ചാണ് ഈ സംഘടന പ്രവർത്തിക്കുന്നത്.

ഡൽഹിയിൽ ഇന്ദ്രപ്രസ്ഥ ഗ്യാസ് ഏജൻസിയിൽ ഒരു ഹെൽപ്പറായി ജോലി ചെയ്യുകയായിരുന്നു ജിതേന്ദ്ര സൂന. ഗ്യാസ് പൈപ്പ് ലൈനുകൾ ശരിയാക്കുകയും സ്റ്റൗ റിപ്പയർ ചെയ്യുകയുമെല്ലാം ചെയ്തു വന്നു. ഇതിനു മുമ്പ് നാട്ടിൽ തന്റെ നാട്ടിൽ കൃഷിയിടത്തിൽ ജോലി ചെയ്തിരുന്നു ജിതേന്ദ്ര. ഇതിന് 30 രൂപ മുതൽ 40 രൂപ വരെയായിരുന്നു കൂലി ലഭിച്ചിരുന്നത്. 1960ലെ ഭൂപരിഷ്കരണത്തിലൂടെ ഒരേക്കർ ഭൂമി ലഭിച്ചിരുന്നു ജിതേന്ദ്രയുടെ കുടുംബത്തിന്. ഇവിടെയും ജോലികൾ ചെയ്തു. ഈ ഭൂമി ഇപ്പോൾ പണയത്തിലാണ്.

വളർന്നുവന്ന സാഹചര്യങ്ങളിൽ ഓരോ ഘട്ടത്തിലും ജാതീയമായ എതിർപ്പുകളോട് ജിതേന്ദ്രയ്ക്ക് മല്ലിടേണ്ടി വന്നു. തന്റെ ചെറിയ പ്രായത്തിലേ അമ്മ മരിച്ചിരുന്നു. വഴിയരികിൽ പച്ചക്കറികൾ വിൽക്കുന്ന ജോലിയാണ് അമ്മ ചെയ്തിരുന്നത്.

പണിക്ക് പോകുന്നതിനൊപ്പം സ്കൂളിൽ പോകുന്നത് ജിതേന്ദ്ര മുടക്കുകയുണ്ടായില്ല. സ്കൂൾ‌ പഠനത്തിനു ശേഷം കുറച്ചുകൂടി വരുമാനമുള്ള തൊഴിൽ നേടാനായാണ് ജിതേന്ദ്ര ഡൽഹിയിലേക്ക് ജ്യേഷ്ഠനൊപ്പം വണ്ടി കയറിയത്. അക്കാലത്ത് വീടുപണി നടക്കുന്നുണ്ടായിരുന്നു. അതിനുള്ള ചെലവ് കൂടി കണ്ടെത്തണമായിരുന്നു.

കുട്ടിക്കാലം തൊട്ടേ തങ്ങളെ പലതരത്തിൽ മാറ്റി നിർ‌ത്തുന്നത് ജിതേന്ദ്ര മനസ്സിലാക്കിയിരുന്നു. കൂട്ടുകാർ‌ക്കിടയിൽപ്പോലും വിവേചനം ശക്തമായിരുന്നു. ഡൽഹിയിൽ 3500 രൂപ മാസശമ്പളത്തിലാണ് ജിതേന്ദ്ര ജോലി ചെയ്തിരുന്നത്. ഈ പണം ഒന്നിനും തികയില്ലെന്ന് മനസ്സിലാക്കിയതോടെ ജിതേന്ദ്ര തിരിച്ചുപോയി. പഠിക്കാൻ തീരുമാനിച്ചു. ബിരുദം പൂർത്തിയാക്കി.

നാഗ്പൂരിൽ ഒരു സ്ഥാപനം സൗജന്യമായി യുപിഎസ്‌സി കോച്ചിങ് നൽകുന്നുണ്ടെന്നറിഞ്ഞ് അങ്ങോട്ട് വണ്ടി കയറിയതാണ് ജിതേന്ദ്ര. ചെന്നപ്പോഴാണ് മനസ്സിലാക്കിയത് അത് അംബേദ്കറിസത്തിലും ബുദ്ധിസത്തിലുമുള്ള ഒരു പത്തു മാസത്തെ കോഴ്സാണെന്ന്. അവിടെ വെച്ച് ദളിത് ചരിത്രം പഠിക്കാമെന്നും എഴുതാമെന്നും നിശ്ചയിച്ചു.

ഹൈദരാബാദ് സർവ്വകലാശാല, ജവഹർലാൽ നെഹ്റു സർവ്വകലാശാല എന്നിവിടങ്ങളിൽ നിന്നുള്ള സ്വത്വവാദ ആശയഗതികളിൽ വിശ്വസിക്കുന്ന വിദ്യാർത്ഥികളെ പരിചയപ്പെട്ടതും ഇവിടെ വെച്ചാണ്. തുടർന്ന് ജെഎൻയു എംഎ എൻട്രൻസ് പരീക്ഷയെഴുതാൻ നിശ്ചയിച്ചു.

നിലവിൽ ഇതേ സർവ്വകലാശാലയിൽ ഗവേഷണം നടത്തുകയാണ് ജിതേന്ദ്ര. അംബേദ്കറിസമാണ് രീതിശാസ്ത്രം. സ്വത്വപരമായ ബഹിഷ്കരണമാണ് വിഷയം.

ആർഎസ്എസ്സും ബിജെപിയും രാജ്യത്തെ ജനാധിപത്യസ്ഥാപനങ്ങളെ തകർത്തു കൊണ്ടിരിക്കുകയാണെന്ന് ജിതേന്ദ്ര സൂന പറയുന്നു. ജെഎൻയുവില്‍ നിന്നും പഠനം നിർത്തുപ്പോകേണ്ടി വരുന്ന ഒരു വിഭാഗമുണ്ട്. ഈ പ്രശ്നത്തെ താന്‍ അഭിസംബോധന ചെയ്യുമെന്ന് ജിതേന്ദ്ര സൂന പറയുന്നു. സെപ്തംബർ ആറിനാണ് ജെഎൻയു തെരഞ്ഞെടുപ്പ്.