X

നാവികസേനയുടെ 45,000 കോടിയുടെ അന്തർവാഹിനി നിർമാണ പദ്ധതി പിടിക്കാൻ അദാനി ഗ്രൂപ്പ്

ലേലത്തിൽ പങ്കെടുക്കാനുള്ള അപേക്ഷ അദാനി ഗ്രൂപ്പ് സമർപ്പിച്ചതായാണ് അറിയുന്നത്.

മുങ്ങിക്കപ്പൽ നിർമാണത്തിനായി ഇന്ത്യൻ നാവികസേന നടപ്പാക്കുന്ന 45,000 കോടി രൂപയുടെ പ്രൊജക്ട് പിടിക്കാൻ അദാനി ഗ്രൂപ്പ്. ലേലത്തിൽ പങ്കെടുക്കാനുള്ള അപേക്ഷ അദാനി ഗ്രൂപ്പ് സമർപ്പിച്ചതായാണ് അറിയുന്നത്. പ്രതിരേധ രംഗത്തെ ഏറ്റവും വലിയ ‘മേക്ക് ഇൻ ഇന്ത്യ’ സംരംഭമായിരിക്കും ഇതെന്നാണ് കണക്കാക്കപ്പെടുന്നത്. നിലവില്‍ സ്വന്തമായി കപ്പൽനിർമാണ ശാലയില്ല അദാനി ഗ്രൂപ്പിന്. ഇത് പൊതുവിൽ അമ്പരപ്പുണ്ടാക്കിയിട്ടുണ്ട്. ലാർസെൻ ആൻഡ് ടൂർബോ, മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്സ്, റിലയൻസ് നേവൽ, ഹിന്ദുസ്ഥാൻ ഷിപ്പ്‌യാർഡ് എന്നിവരാണ് പരമ്പരാഗതമായി ഈ മേഖലയിലെ ലേലം കൊള്ളാറുള്ളവർ‌. ഇവർക്കെല്ലാം സ്വന്തമായി കപ്പൽ നിർമാണ ശാലയുമുണ്ട്.

സര്‍ക്കാർ ഉടമയിലുള്ള ഹിന്ദുസ്ഥാൻ ഷിപ്പ്‌യാർഡുമായി ഒരു പ്രത്യേക സംരംഭത്തിലേർപ്പെടാനാണ് അദാനി ആലോചിക്കുന്നതെന്ന് റിപ്പോർട്ടുണ്ട്. അതെസമയം ഹിന്ദുസ്ഥാൻ ഷിപ്പ്‌യാർഡും ലേലത്തിൽ പങ്കെടുക്കുന്നുണ്ട്.

പ്രതിരോധ വ്യവസായ രംഗത്ത് ശക്തമായി ഇറങ്ങാനുള്ള അദാനിയുടെ പദ്ധതി നേരത്തെ തന്നെ വെളിപ്പെട്ടിരുന്നതാണ്. ഫൈറ്റർ ജെറ്റ്, നെവൽ ഹെലികോപ്റ്റർ നിർമാണ പദ്ധതികളിലും അദാനി ഗ്രൂപ്പിന്റെ സാന്നിധ്യമുണ്ട്.

ലേലം കൊള്ളാനെത്തിയവരുടെ സാങ്കേതിക ശേഷികളും സാമ്പത്തിക ശേഷികളും പ്രതിരോധമന്ത്രാലയം പരിശോധിക്കും. ഇതിനു ശേഷമായിരിക്കും ആർക്ക് നൽകണമെന്നതില്‍ തീരുമാനമുണ്ടാകുക.

ആറ് അന്തർവാഹിനികൾ നിർമിക്കാനാണ് നാവികസേന ഉദ്ദേശിക്കുന്നത്. അത്യാധുനിക സന്നാഹങ്ങളോടു കൂടിയ ഈ അന്തർവാഹനികളുടെ നിർമാണത്തിന് വിദേശ കമ്പനികളുമായി സംയുക്ത സംരംഭത്തിലേർപ്പെടുകയുമാവാം. പക്ഷെ ഇന്ത്യൻ കപ്പൽനിർമാണശാലയെ മാത്രമേ ജോലി ഏൽപ്പിക്കുകയുള്ളൂ. അടുത്ത രണ്ട് മാസത്തിനുള്ളിൽ അപേക്ഷകരിൽ നിന്നും യോഗ്യരായവരെ തെരഞ്ഞെടുത്ത് ഷോർ‌ട്ട്‌ലിസ്റ്റ് പ്രസിദ്ധീകരിക്കും. ഇതിനു ശേഷം റഷ്യ, ഫ്രാൻസ്, ജർമനി, സ്പെയിൻ, സ്വീഡൻ എന്നിവിടങ്ങളിൽ നിന്നുള്ള വിദേശ പങ്കാളികളെ തെരഞ്ഞെടുക്കുന്ന ഒരു സമാന്തര പ്രക്രിയ നടക്കും. ഇതിനു ശേഷമാണ് ടെൻഡർ വിളിക്കുക. ഇത് രണ്ടു വർഷത്തിനു ശേഷം നടക്കും.

This post was last modified on September 12, 2019 12:30 pm