X

‘മഹാസഖ്യം ഭാവിയിലേക്കുകൂടി ഉള്ളത്’ ബിഎസ്പിയ്ക്ക് പിന്നാലെ നടക്കേണ്ടിവന്നാലും സഖ്യവുമായി മുന്നോട്ടു പോകുമെന്ന് അഖിലേഷ് യാദവ്

മഹാസഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് വ്യക്തമായ മറുപടി പറഞ്ഞില്ലെങ്കിലും, മായവതിയെ പരോക്ഷമായി പിന്തുണച്ചായിരുന്നു അഖിലേഷിന്റെ മറുപടി.

ബിഎസ്പിയും എസ്പിയുമായി ഉണ്ടാക്കിയ സഖ്യം രാജ്യത്തിന്റെ ഭാവിക്ക് വേണ്ടിയുള്ളതാണെന്ന് യുപി മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ്. അടുത്ത നിയമസഭ തെരഞ്ഞെടുപ്പിലും സഖ്യം തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം സഖ്യത്തെകുറിച്ച് അദ്ദേഹം സംസാരിച്ചത്‌.

ബിഎസ്പിയക്ക് പിന്നില്‍ രണ്ടടി നടക്കേണ്ടിവന്നാലും സഖ്യവുമായി മുന്നോട്ടുപോകും. സാമൂഹ്യനീതി നടപ്പിലാക്കാന്‍ വേണ്ടിയാണ് സഖ്യം നിലവില്‍വന്നതെന്നും അഖിലേഷ് യാദവ് പറഞ്ഞു. ഏതെങ്കിലും പദവിയ്ക്ക് വേണ്ടിയല്ല മഹാസഖ്യം നിലവില്‍വന്നത്. അംബേദ്ക്കറും രാം മനോഹര്‍ ലോഹ്യയും ധാരണയിലെത്താന്‍ ശ്രമം നടത്തിയിരുന്നുവെന്നാണ് മനസ്സിലാക്കുന്നത്. എന്നാല്‍ സമയം അതിന് അനുവദിച്ചില്ല. പിന്നീട് കന്‍ഷിറാമും മുലായം സിങ് യാദവും തമ്മിലും ധാരണയുണ്ടാക്കി. സംസ്ഥാനത്തിന്റെ രാഷ്ട്രീയം തന്നെ മാറ്റിയ സംഭവമായിരുന്നു അതെന്നും അദ്ദേഹം പറഞ്ഞു.

Read: പുരപ്പുറത്ത് കയറി ‘ജനാധിപത്യ കേരളം’ എന്ന് ഘോഷിക്കുന്നവരുടെ ശ്രദ്ധയ്ക്ക്, സംസ്ഥാന തെരഞ്ഞെടുപ്പ് ചരിത്രത്തിലാദ്യമായാണ് കള്ളവോട്ടിന്റെ പേരില്‍ റീപോളിംഗ്

ഇന്ന് ഈ സഖ്യത്തെ എതിര്‍ക്കുന്നവര്‍ തന്നെയാണ് അന്ന് അതിനെ തകര്‍ത്തതെന്നും അഖിലേഷ് യാദവ് കുറ്റപ്പെടുത്തി. ബാബ്‌റി മസ്ജിദ് തകര്‍ത്തതിന് ശേഷം ഉത്തര്‍പ്രദേശില്‍ മുലായം സിങ് യാദവിന്റെ നേതൃത്വത്തിലുള്ള സമാജ് വാദി പാര്‍ട്ടിയും ബിഎസ്പിയും തമ്മില്‍ സഖ്യത്തിലെത്തിയിരുന്നു. എന്നാല്‍ ഇത് പിന്നീട് തകരുകയായിരുന്നു.

എസ്പിയും ബിഎസ്പിയും സഖ്യമുണ്ടാക്കിയെങ്കിലും യാദവ സമുദായവും ജാതവ വിഭാഗവും തമ്മിലുള്ള സംഘര്‍ഷം തുടരില്ലെ എന്ന ചോദ്യത്തിന് സവര്‍ണ ജാതി വിഭാഗങ്ങള്‍ക്കിടയിലുള്ള സംഘര്‍ഷം മറച്ചെവെച്ചാണ് ഇത്തരം വാദങ്ങള്‍ ഉന്നയിക്കുന്നതെന്നായിരുന്നു മറുപടി. ബ്രാഹ്മണ്‍ എം പിയെ ക്ഷത്രിയ എംഎല്‍എ ഷൂ കൊണ്ട് അടിച്ചപ്പോള്‍ അതേക്കുറിച്ച് ആരും സംസാരിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നൂറ്റാണ്ടുകള്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ മാറാന്‍ സമയമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഉത്തര്‍പ്രദേശില്‍ വ്യാജ ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെടുന്നവര്‍ താഴ്ന്ന ജാതിവിഭാഗങ്ങളില്‍പെടുന്നവരാണെന്നും അദ്ദേഹം പറഞ്ഞു. വെറുപ്പിന്റെയും കള്ളപ്രചരണത്തിന്റെയും അടിസ്ഥാനത്തിലാണ് ബിജെപി അതിന്റെ ശക്തി തെളിയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. വിഭാഗീയതയും മതവൈരവും വളര്‍ത്തുന്ന പ്രസ്താവനകളല്ലാതെ മറ്റെന്താണ് തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ മോദി ഉന്നയിച്ചതെന്നും അഖിലേഷ് ചോദിച്ചു. സെന്‍സസിനും ആധാറിനും വേണ്ടി പണം ചിലവഴിക്കുന്ന സര്‍ക്കാര്‍ ജാതി സെന്‍സസിന്റെ കാര്യങ്ങള്‍ പുറത്തുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അവസരം കിട്ടുകയാണെങ്കില്‍ ജാതി സെന്‍സസിന്റെ വിവരങ്ങള്‍ പുറത്തുവിടുമെന്നും അതിന്റെ അടിസ്ഥാനത്തില്‍ ക്ഷേമ നടപടികള്‍ കൈകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിയെ നേരിടുകയല്ല, പാര്‍ട്ടി വളര്‍ത്തുന്നതിനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മഹാസഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാരാണെന്ന ചോദ്യത്തിന് അദ്ദേഹം വ്യക്തമായ മറുപടി പറഞ്ഞില്ല. ഈ മാസം 23 ന് തീരുമാനമെടുക്കും. മായവതിക്ക് പ്രവര്‍ത്തന പരിചയമുണ്ടെന്നും സുപ്രധാന തീരുമാനങ്ങള്‍ എടുക്കാന്‍ അവര്‍ പ്രാപ്തരാണെന്നും അഖിലേഷ് പറഞ്ഞു.

Read: വഴികാട്ടുന്ന കേരളം; രാജ്യത്തിന് മുഴുവന്‍ മാതൃകയാക്കാവുന്ന ‘റോഷ്നി’ വിദ്യാഭ്യാസ പദ്ധതി രൂപമെടുത്തത് ബിനാനിപുരം ഗവ. ഹൈസ്‌കൂളിലാണ്

 

This post was last modified on May 17, 2019 12:14 pm