അംബേദ്കര്‍ ജയന്തിയോടനുബന്ധിച്ച് സ്ഥാപിക്കാന്‍ ശ്രമിച്ച പ്രതിമ തകര്‍ത്ത് മാലിന്യ കൂമ്പാരത്തില്‍ നിക്ഷേപിച്ച നിലയില്‍. ഇന്നലെ രാവിലെ രണ്ട് മണിയോടെ ഹൈദ്രാബാദ് സെന്‍ട്രല്‍ മാളിന് സമീപം ജയ്ഭീം സൊസൈറ്റി അംഗങ്ങള്‍ സ്ഥാപിക്കാന്‍ ശ്രമിച്ച പ്രതിമയാണ് നശിപ്പിച്ച നിലയില്‍ കണ്ടെത്തിയത്. പ്രതിമ അനാച്ഛാദനം നടക്കുന്നതിനിടെ ഗ്രേറ്റര്‍ ഹൈദ്രാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ (ജിഎച്ച്എംസി) അധികൃതര്‍ എത്തി തടയുകയായിരുന്നു. തങ്ങള്‍ക്ക് അനുമതി ലഭിച്ചിട്ടുണ്ടെന്ന് സൊസൈറ്റി അംഗങ്ങള്‍ അറിയിച്ചെങ്കിലും അതില്ലെന്ന് പറഞ്ഞ് അധികൃതര്‍ പ്രതിമ കണ്ടുകെട്ടി കൊണ്ടുപോകുകയും ചെയ്തു.
എന്നാല്‍ ഇന്നലെ രാത്രിയോടെ പ്രതിമ തല്ലിത്തകര്‍ത്ത നിലയില്‍ ഒരു ഓടയില്‍ നിന്നും കണ്ടെത്തി. ഇന്നലെ രാവിലെ കണ്ടുകെട്ടിയ പ്രതിമ കോര്‍പ്പറേഷന്‍ അധികൃതര്‍ യൂസഫ്ഗുഡയിലെ കോട്‌ല വിജയ ഭാസ്‌കര്‍ റെഡ്ഡി സ്റ്റേഡിയത്തിലേക്ക് കൊണ്ടുപോയി. അതേസമയം തെലങ്കാനയിലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനായി എത്തിച്ചിരിക്കുന്ന ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ നിറച്ചിരിക്കുന്നതിനാല്‍ അവിടെ സൂക്ഷിക്കാന്‍ സാധിച്ചില്ല. ഇതേ തുടര്‍ന്ന് യൂസഫ്ഗുഡയിലെ കോര്‍പ്പറേഷന്‍ യാര്‍ഡിലേക്ക് ഇത് മാറ്റി. മാലിന്യ ട്രക്കിലാണ് ഇത് കൊണ്ടുവന്നിട്ടത്. നഗരത്തിലെ പ്രധാന മാലിന്യനിക്ഷേപ കേന്ദ്രമായ ജവഹര്‍നഗറിലേക്കാണ് ഇവിടെ നിന്നും ഇത് കൊണ്ടുപോയത്.
ഇതിന്റെ വാര്‍ത്ത പരന്നതോടെ അജ്ഞാതരായ ചിലര്‍ കസീരയില്‍ വച്ച് വാഹനങ്ങള്‍ തടയുകയും മാലിന്യകേന്ദ്രം അടച്ചിടുകയുമായിരുന്നു. സംഘര്‍ഷത്തിനിടെയാണ് പ്രതിമ തകര്‍ന്നതെന്നാണ് കോര്‍പ്പറേഷന്‍ അധികൃതര്‍ പറയുന്നത്. അതേസമയം പ്രതിമ ഉപേക്ഷിച്ചപ്പോള്‍ തന്നെ തകര്‍ന്നിരുന്നുവെന്ന് ദലിത് ആക്ടിവിസ്റ്റുകള്‍ പറഞ്ഞു. ഒത്തുകൂടിയ ജനങ്ങളെ പിരിച്ചുവിടാന്‍ പോലീസ് സ്ഥലത്തെത്തി. തകര്‍ന്ന പ്രതിമയുടെ ഭാഗങ്ങള്‍ മാലിന്യക്കൂമ്പാരത്തില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്.
അന്തരിച്ച മുഖ്യമന്ത്രി വൈഎസ് രാജശേഖര റെഡ്ഡിയുടെ പ്രതിമയ്ക്ക് സമീപത്തായാണ് ഈ പ്രതിമ സ്ഥാപിച്ചത്. വൈഎസ്ആര്‍ പ്രതിമയും അനുമതിയില്ലാതെയാണ് സ്ഥാപിച്ചിരിക്കുന്നതെങ്കിലും നീക്കം ചെയ്യണമെന്ന് ആരും ആവശ്യപ്പെട്ടിട്ടില്ല.
സംഭവം ദൗര്‍ഭാഗ്യകരമായി പോയെനന് ജിഎച്ച്എംസ കമ്മിഷണര്‍ എം ദാന കിഷോര്‍ അറിയിച്ചു. സംഭവത്തെക്കുറിച്ച് ഒരു ഐഎഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ ആഭ്യന്തര അന്വേഷണം നടത്തും. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ജവഹര്‍നഗര്‍ പോലീസ് കേസെടുത്തു.
Leave a Comment