X

കശ്മീർ: അതിജാഗ്രത തുടരുന്നതിനിടെ ഇന്റലിജൻസ് തലവന്മാരുടെ യോഗം വിളിച്ച് അമിത് ഷാ

പാകിസ്താന്‍ സൈന്യത്തിന്റെ ബോര്‍ഡര്‍ ആക്ഷന്‍ ടീം (BAT) നടത്തിയ അധിനിവേശ ശ്രമം പരാജയപ്പെടുത്തിയതായി ഇന്ത്യന്‍ സൈന്യം അറിയിക്കുകയുണ്ടായി.

ജമ്മു കശ്മീരിൽ അതിജാഗ്രത തുടരുന്നതിനിടെ ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്റലിജന്‍സ് തലവന്മാരുടെ യോഗം വിളിച്ചു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, ഇന്റലിജൻസ് ബ്യൂറോ ചീഫ് അർവിന്ദ് കുമാർ, റോയുടെ സാമന്ത് ഗോയൽ, ആഭ്യന്തര സെക്രട്ടറി രാജീവ് ഗൂപ തുടങ്ങിയവരാണ് യോഗത്തിൽ പങ്കെടുത്തത്. വൻ സുരക്ഷാ സന്നാഹങ്ങളാണ് കശ്മീരിൽ സർക്കാർ ഒരുക്കിക്കൊണ്ടിരിക്കുന്നത്. സൈനിസ സാന്നിധ്യം വലിയ തോതിൽ ഉയർത്തുകയും ചെയ്യുന്നുണ്ട്.

ഫെബ്രുവരിയിൽ നടന്ന പുൽവാമ ആക്രമണത്തിന് സമാനമായ ആക്രമണങ്ങള്‍ കശ്മീരിൽ സംഘടിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കശ്മീരിൽ ഭീകരരുടെ നുഴഞ്ഞു കയറ്റം നടക്കുന്നതായി ഇന്റലിജൻസ് റിപ്പോർട്ടുകളുണ്ട് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അമർനാഥ് യാത്ര അവസാനിപ്പിച്ച് തിരിച്ചുപോകാൻ തീര്‍ത്ഥാടകരോട് സർക്കാർ ആവശ്യപ്പെട്ടിരുന്നു. ടൂറിസ്റ്റുകളും തീർത്ഥാടകരും ഭീതിയോടെ സ്ഥലം വിടുകയാണ്.

പാകിസ്താന്‍ സൈന്യത്തിന്റെ ബോര്‍ഡര്‍ ആക്ഷന്‍ ടീം (BAT) നടത്തിയ അധിനിവേശ ശ്രമം പരാജയപ്പെടുത്തിയതായി ഇന്ത്യന്‍ സൈന്യം അറിയിക്കുകയുണ്ടായി. ജൂലായ് 31ന് കേരന്‍ സെക്ടറിലാണ് ബാറ്റ് ആക്രമണ ശ്രമം നടത്തിയത്. അഞ്ച് നുഴഞ്ഞുകയറ്റക്കാരെ വധിച്ചതായും കരസേന വക്താവ് കേണല്‍ രാജേഷ് കാലിയ അറിയിച്ചു. അതിര്‍ത്തിയില്‍ അഞ്ച് ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ ബാറ്റ് ആക്രമണ ശ്രമം നടത്തിയതായി ആര്‍മി പറയുന്നു. ഇന്ത്യ ബോഫോഴ്‌സ് പീരങ്കികള്‍ കൊണ്ട് പ്രത്യാക്രമണം നടത്തി.

പാകിസ്താനി ബോര്‍ഡര്‍ ആക്ഷന്‍ ടീമില്‍ ഭീകരപ്രവര്‍ത്തകരും ഉണ്ട് എന്നാണ് ഇന്ത്യന്‍ സൈന്യം പറയുന്നത്. കൊല്ലപ്പെട്ടത് പാക് സൈനികരോ ഭീകരരോ ആകാം. ഫെബ്രുവരി 26ന് ഇന്ത്യന്‍ വ്യോമസേന പാകിസ്താനിലെ ബലാകോട്ടിലടക്കം നടത്തിയ വ്യോമാക്രമണത്തെ തുടര്‍ന്ന് നുഴഞ്ഞുകയറ്റം കുറഞ്ഞിരുന്നതായി സൈന്യം പറയുന്നു. പാകിസ്താനി സ്‌പെഷല്‍ സര്‍വീസ് ഗ്രൂപ്പ് കമാന്‍ഡോകളായ നാല് പേരുടെ മൃതദേഹം കണ്ടെത്തിയതായി ആര്‍മി വൃത്തങ്ങള്‍ പറയുന്നു.

അതെസമയം കൊല്ലപ്പെട്ട നുഴഞ്ഞുകയറ്റക്കാരുടെ മൃതദേഹങ്ങള്‍ തിരിച്ചുകൊണ്ടുപോകണമെന്ന് പാകിസ്താന്‍ സൈന്യത്തോട് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. വെള്ളക്കൊടികളുമായി വന്ന് മൃതദേഹങ്ങള്‍ കൊണ്ടുപോകാനാണ് ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ ഇതിൽ പ്രതികരിക്കാന്‍ പാകിസ്താന്‍ തയ്യാറായിട്ടില്ല.

അതേസമയം ആര്‍ട്ടിക്കില്‍ 35 എ, 370 എന്നിവ പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു എന്ന ആശങ്ക കാശ്മീരിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുണ്ട്. താഴ്‌വരയിലെ ജനങ്ങള്‍ക്കുള്ള ആശങ്ക നേതാക്കള്‍ ഗവര്‍ണറെ അറിയിച്ചിരുന്നു. ഈ വകുപ്പുകള്‍ പിന്‍വലിക്കാനുള്ള യാതൊരു ഉദ്ദേശവുമില്ല എന്നാണ് ഗവര്‍ണറുടെ വിശദീകരണം. എന്നാല്‍ ഗവര്‍ണറല്ല ഇക്കാര്യത്തില്‍ അന്തിമ തീരുമാനം പറയേണ്ടത് എന്നും കേന്ദ്ര സര്‍ക്കാര്‍ ആണ് എന്നും ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഒമര്‍ അബ്ദുള്ള ഇന്നലെ പറഞ്ഞിരുന്നു.

This post was last modified on August 4, 2019 6:10 pm

Related Post
Leave a Comment