X

അമിത് ഷായുടെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കലിന്റെ ശക്തിപ്രകടനം 2014ല്‍ മോദി നടത്തിയതിന് സമാനം

മോദി ആദ്യമായി ലോക്‌സഭയിലേയ്ക്ക് മത്സരിക്കാന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനെത്തിയ സമയത്ത് നടത്തിയ ശക്തിപ്രകടനവുമായി ഇതിനെ താരതമ്യപ്പെടുത്താതിരിക്കാന്‍ കഴിയില്ലെന്ന് ദ ഇന്ത്യന്‍ എക്‌സ്പ്രസ് പറയുന്നു.

ബിജെപി പ്രസിഡന്റ് അമിത് ഷാ ഗാന്ധിനഗര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനെത്തിയത് മുന്നണി നേതാക്കളോടൊപ്പം വലിയ ശക്തിപ്രകടനവുമായാണ്. 2014ല്‍ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായ നരേന്ദ്ര മോദി ആദ്യമായി ലോക്‌സഭയിലേയ്ക്ക് മത്സരിക്കാന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനെത്തിയ സമയത്ത് നടത്തിയ ശക്തിപ്രകടനവുമായി ഇതിനെ താരതമ്യപ്പെടുത്താതിരിക്കാന്‍ കഴിയില്ലെന്ന് ദ ഇന്ത്യന്‍ എക്‌സ്പ്രസ് പറയുന്നു.

2014 ഏപ്രില്‍ 24ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയോടൊപ്പം അമിത് ഷാ, രവിശങ്കര്‍ പ്രസാദ്, മുഖ്താര്‍ അബ്ബാസ് നഖ്വി, യുപി ബിജെപി അധ്യക്ഷന്‍ ലക്ഷ്മികാന്ത് ബാജ്‌പേയ് എന്നിവരാണ് വരാണസിയില്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാന്‍ ഒപ്പമുണ്ടായിരുന്നത്. വഡോദ്രയില്‍ ബിജെപി സംസ്ഥാന നേതാക്കളും ഗുജറാത്തിന്റെ ചുമതലയുണ്ടായിരുന്ന കേന്ദ്ര നേതാവ് ഓം മാഥുറുമാണ് ഒപ്പമുണ്ടായിരുന്നത്. അതേസമയം അമിത് ഷായ്‌ക്കൊപ്പം ഏറ്റവും മുതിര്‍ന്ന നേതാക്കളാണുള്ളത്. രാജ്‌നാഥ് സിംഗ്, അരുണ്‍ ജയ്റ്റ്‌ലി, നിതിന്‍ ഗഡ്കരി എന്നിവര്‍ക്ക് പുറമെ സഖ്യകക്ഷി നേതാക്കളായ ശിവസേന തലവന്‍ ഉദ്ധവ് താക്കറെ, അകാലി ദള്‍, ലോക്ജനശക്തി പാര്‍ട്ടി നേതാക്കള്‍ തുടങ്ങിയവര്‍.

രാജ്‌നാഥ് സിംഗും ഗഡ്കരിയും നാമനിര്‍ദ്ദേശത്തെ പിന്താങ്ങുന്നു. ബിജെപിയിലും എന്‍ഡിഎയിലും അമിത് ഷായ്ക്കുള്ള സ്ഥാനം ഇത് വ്യക്തമാക്കുന്നു. തന്റെ സീറ്റ് അമിത് ഷാ എടുത്തതില്‍ അതൃപ്തിയുള്ള മുതിര്‍ന്ന നേതാവ് എല്‍കെ അദ്വാനി എത്തിയില്ല. പ്രായം അവഗണിച്ച് അകാലി ദള്‍ നേതാവും മുന്‍ പഞ്ചാബ് മുഖ്യമന്ത്രിയുമായി പ്രകാശ് സിംഗ് ബാദലെത്തി. 2014ല്‍ മോദിക്ക് ലഭിച്ചതിനേക്കാള്‍ വലിയ പ്രാധാന്യം 2019ല്‍ അമിത് ഷായ്ക്ക് ബിജെപിയും സഖ്യകക്ഷികളും നല്‍കിയിരിക്കുന്നു. ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടാതിരിക്കുകയും എന്‍ഡിഎ കക്ഷികള്‍ക്കെല്ലാം കൂടി ഭൂരിപക്ഷം തികയ്ക്കാനാവുകയും ചെയ്യുന്ന പക്ഷം ഘടകകക്ഷി നേതാക്കളുടെ അഭിപ്രായം നിര്‍ണായകമാകും.

This post was last modified on March 30, 2019 8:26 pm