X

ജമ്മു കാശ്മീരില്‍ രാഷ്ട്രപതി ഭരണം ആറ് മാസത്തേയ്ക്ക് കൂടി നീട്ടണമെന്ന പ്രമേയവുമായി അമിത് ഷാ; ഉടന്‍ തിരഞ്ഞെടുപ്പ് വേണമെന്ന് പ്രതിപക്ഷം

കാശ്മീരില്‍ ജനാധിപത്യം അട്ടിമറിക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത് എന്ന് പ്രതിപക്ഷം ആരോപിച്ചു.

ജമ്മു കാശ്മീരില്‍ രാഷ്ട്രപതി ഭരണം ആറ് മാസത്തേയ്ക്ക് കൂടി നീട്ടണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ലോക്‌സഭയില്‍ അവതരിപ്പിച്ചു. ജമ്മു കാശ്മീരില്‍ ഇപ്പോള്‍ നിയമസഭ തിരഞ്ഞെടുപ്പ് നടത്താന്‍ കഴിയുന്ന സാഹചര്യമില്ല എന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വാദം. അതേസമയം ഈ വാദം പ്രതിപക്ഷം തള്ളിക്കളഞ്ഞു. കാശ്മിരില്‍ ഉടന്‍ നിയമസഭ തിരഞ്ഞെടുപ്പ് നടത്തണം എന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്തുകൊണ്ടാണ് തിരഞ്ഞെടുപ്പ് വൈകുന്നത് എന്ന് പ്രതിപക്ഷം ചോദിച്ചു. സംസ്ഥാനത്തെ ക്രമസമാധാന നില കേന്ദ്ര സര്‍ക്കാര്‍ നിരീക്ഷിച്ചുവരുകയാണെന്നും ഈ വര്‍ഷം അവസാനം നിയമസഭ തിരഞ്ഞെടുപ്പ് നടത്താമെന്നും അമിത് ഷാ പറഞ്ഞു. 2018 ജൂണ്‍ 20 മുതല്‍ ജമ്മു കാശ്മീര്‍ രാഷ്ട്രപതി ഭരണത്തിലാണ്.

കാശ്മീരില്‍ ജനാധിപത്യം അട്ടിമറിക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത് എന്ന് പ്രതിപക്ഷം ആരോപിച്ചു. ലോക്‌സഭ തിരഞ്ഞെടുപ്പ് സമാധാനപരമായി നടന്ന കാശ്മീരില്‍ ഇതിനൊപ്പം തന്നെ നിയമസഭ തിരഞ്ഞെടുപ്പും നടത്താനുള്ള അവസരമുണ്ടായിരുന്നു. എന്നിട്ടും അത് നടത്തിയില്ല എന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. പഞ്ചാബില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപി മനീഷ് തിവാരി പ്രസിഡന്റ് ഭരണം നീട്ടാനുള്ള മോദി സര്‍ക്കാരിന്റെ നീക്കത്തെ നിശിതമായി വിമര്‍ശിച്ചു. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍ കാശ്മീരിനെ സാധാരണ നിലയിലേയ്ക്ക് എത്തിച്ചിരുന്നതായും എന്നാല്‍ 2014 മുതല്‍ മോദി സര്‍ക്കാരിന്റെ ഭരണത്തില്‍ കാശ്മീര്‍ സംഘഷഭൂമിയായെന്നും മനീഷ് തിവാരി കുറ്റപ്പെടുത്തി.

ALSO READ: പി കെ ശ്യാമളയ്ക്ക് തെറ്റുപറ്റിയെന്ന നിലപാടിലുറച്ച് പി ജയരാജന്‍; സിഒടി നസീര്‍ നിലപാടുള്ള ആള്‍

2004ലെ ജമ്മു കാശ്മീര്‍ റിസര്‍വേഷന്‍ ആക്ടിനുള്ള ഭേദഗതി അമിത് ഷാ മുന്നോട്ടുവച്ചു. അന്താരാഷ്ട്ര അതിര്‍ത്തിയില്‍ നിന്ന് 10 കിലോമീറ്റര്‍ പരിധിയിലുള്ളവര്‍ക്ക് ജമ്മു കാശ്മീരിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ ജോലികളിലും സംവരണം നല്‍കുന്നത് ഉദ്ദേശിച്ചുള്ളതാണ് ഭേദഗതി. ജമ്മു കാശ്മീരിലെ ജനങ്ങള്‍ക്ക് ബില്‍ ഗുണം ചെയ്യുമെന്ന് അമിത് ഷാ അഭിപ്രായപ്പെട്ടു. ബില്ലിനെ എന്‍കെ പ്രേമചന്ദ്രന്‍ ശക്തമായി എതിര്‍ത്തു. ജനവിശ്വാസം നേടാന്‍ സര്‍ക്കാര്‍ ഇത്തരം സമീപനങ്ങളില്‍ നിന്ന് പിന്തിരിയണമെന്ന് പ്രേമചന്ദ്രന്‍ ആവശ്യപ്പെട്ടു.

This post was last modified on June 28, 2019 2:16 pm