X

ബംഗ്ലാദേശി ‘നുഴഞ്ഞുകയറ്റക്കാരെ’ നാടുകടത്തണം; കോൺഗ്രസ്സ് വോട്ടുബാങ്ക് സംരക്ഷിക്കാൻ നോക്കുന്നു: അമിത് ഷാ

ആസ്സാമിൽ പൗരത്വ പട്ടികയിൽ നിന്നും അകറ്റിനിറുത്തപ്പെട്ട 40 ലക്ഷം പേരെ 'ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാർ' എന്നാണ് അമിത് ഷാ വിശേഷിപ്പിച്ചത്.

ആസ്സാമിലെ കുടിയേറ്റക്കാരായ 40 ലക്ഷം പേരെ പൗരത്വ പട്ടികയിൽ നിന്നൊഴിവാക്കിയതിനെ വിമർശിച്ച കോൺഗ്രസ്സിനെ കടന്നാക്രമിച്ച് ബിജെപി ദേശീയാധ്യക്ഷൻ അമിത് ഷാ. ആസ്സാമിലെ നാഷണൽ രജിസ്റ്റർ ഓഫ് സിറ്റിസൺസ് പദ്ധതിയെ കോൺഗ്രസ്സ് എതിർക്കുന്നത് തങ്ങളുടെ വോട്ട് ബാങ്ക് സംരക്ഷിക്കാനാണെന്ന് ബിജെപി അധ്യക്ഷൻ അമിത് ഷാ പറഞ്ഞു. രാജസ്ഥാനിൽ ഒരു വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അസമിൽ പൗരത്വ പട്ടികയിൽ നിന്നും അകറ്റിനിറുത്തപ്പെട്ട 40 ലക്ഷം പേരെ ‘ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാർ’ എന്നാണ് അമിത് ഷാ വിശേഷിപ്പിച്ചത്. ഇവരെ നാടുകടത്തണമെന്നും അദ്ദേഹം പറഞ്ഞു. പാകിസ്താനുമായി അതിർത്തി പങ്കിടുന്ന രാജസ്ഥാനിൽ വെച്ച് നടന്ന വാർത്താ സമ്മേളനത്തിലാണ് ബംഗ്ലാദേശി കുടിയേറ്റക്കാരെ ‘നുഴഞ്ഞുകയറ്റക്കാർ’ എന്ന് ഷാ വിശേഷിപ്പിച്ചതെന്നത് ശ്രദ്ധേയമാണ്. ഈ വർഷം അവസാനത്തിൽ രാജസ്ഥാനിൽ തെരഞ്ഞെടുപ്പ് നടക്കും.

വർഷങ്ങളായി അസമിൽ ബംഗ്ലാദേശിൽ നിന്നുള്ള നുഴഞ്ഞുകയറ്റം നടക്കുകയാണെന്നും ബിജെപി സർക്കാരാണ് ഇവരെ തിരിച്ചറിയുന്നതിനും അന്വേഷിക്കുന്നതിനുമുള്ള നീക്കം തുടങ്ങിയതെന്നും ഷാ അവകാശപ്പെട്ടു. അതെസമയം, സുപ്രീംകോടതി നിർദ്ദേശപ്രകാരം 2013ൽ കോൺഗ്രസ്സ് സർക്കാരാണ് നാഷണൽ രജിസ്റ്റർ ഓഫ് സിറ്റിസൺസ് ഓഫ് ആസ്സാം പദ്ധതി തുടങ്ങിയതെന്നും അതിൽ പ്രത്യേക മതവിഭാഗത്തെ രാജ്യത്തു നിന്നും ഓടിക്കാനുള്ള പരിപാടി ഉണ്ടായിരുന്നില്ലെന്നും ചൂണ്ടിക്കാട്ടി അസം മുൻ മുഖ്യമന്ത്രി തരുൺ ഗഗോയ് രംഗത്തു വന്നിരുന്നു.

മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ രാജസ്ഥാനിൽ നടത്തുന്ന ഗൗരവ് യാത്ര ഉദ്ഘാടനം ചെയ്യാനാണ് ഷാ എത്തിയത്. ബംഗ്ലാദേശി ‘നുഴഞ്ഞുകയറ്റക്കാരെ’ രാജ്യത്തു നിന്നും ഓടിക്കണ്ടേയെന്ന് ഈ പരിപാടിയിൽ നടത്തിയ പ്രസംഗത്തിൽ അമിത് ഷാ ബിജെപി അണികളോട് ചോദിച്ചു. ഓഗസ്റ്റ് പതിനഞ്ചിന് രാജസ്ഥാനിലെത്തുന്ന ‘രാഹുൽ ബാബ’യോട് ജനങ്ങൾ ഈ ചോദ്യം ചോദിക്കുമെന്നും അമിത് ഷാ പറഞ്ഞു.