സൈന്യത്തെ രാഷ്ട്രീയതാല്‍പര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് മുന്‍ സൈനിക മേധാവികള്‍ രാഷ്ട്രപതിയ്ക്ക് കത്ത് നല്‍കി. എട്ട് മുന്‍ സൈനിക മേധാവികള്‍ ഉള്‍പ്പെടെയുള്ള നൂറ്റമ്പതിലധികം മുന്‍ സൈനിക ഉദ്യോഗസ്ഥരാണ് രാഷ്ട്രപതിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് കത്ത് നല്‍കിയത്.
മൂന്ന് മുന്‍ കരസേന മേധാവികളും നാല് മുന്‍ നാവിക സേന മേധാവികളും കത്തില്‍ ഒപ്പുവെച്ചവരില്‍ ഉള്‍പ്പെടുന്നു രാഷ്്ട്രീയ അജണ്ടകള്‍ക്കായി പട്ടാളത്തെ ഉപയോഗിക്കുന്നത്് തടയണമെന്നാണ് ഇവര്‍ ആവശ്യപ്പെട്ടത്
രാഷ്ട്രീയേതരവും മതേതരവുമായ സ്വാഭാവമാണ് ഇന്ത്യന്‍ സൈന്യത്തിന്റെ പ്രത്യേകത. സൈന്യത്തോടുള്ള വിശ്വാസം ഊട്ടിഉറപ്പിക്കുന്ന ഘടകങ്ങളില്‍ പ്രധാനമാണിതെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. രാജ്യത്തിന്റെ ജനാധിപത്യ തത്വങ്ങളോട് സൈന്യത്തിന് വിധേയത്വമുണ്ട്. രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുന്നതിനും ഐക്യം സംരക്ഷിക്കുന്നതിനും സൈന്യം വഹിക്കുന്ന പങ്ക് എക്കാലവും പ്രകീര്‍ത്തിക്കപ്പെട്ടിട്ടുള്ളതാണ്.എന്നാല്‍ സൈനിക നേട്ടങ്ങളെ ചില പാര്‍ട്ടികള്‍ തങ്ങളുടെ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്നത് ഇതുവരെ പുലര്‍ത്തിപ്പോന്ന മൂല്യങ്ങള്‍ക്ക് നിരക്കുന്നതല്ലെന്ന് സൈനിക ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി.
‘മോദിജിയുടെ സൈന്യം’ എന്ന് പ്രചാരണം നടത്തുന്നതിലേക്കു വരെ കാര്യങ്ങൾ എത്തിയെന്ന് കത്തിൽ ചൂണ്ടിക്കാട്ടി. ചില പ്രചാരണ റാലികളിൽ പ്രവർത്തകർ സൈന്യത്തിന്റെ യൂണിഫോമുകളണിഞ്ഞാണ് പങ്കെടുക്കുന്നത്. ഇത് രാജ്യത്തിനും സൈന്യത്തിനും തെറ്റായ സന്ദേശമാണ് നൽകുന്നതെന്ന് കത്ത് പറഞ്ഞു.
പാകിസ്താൻ പിടിയിലായി തിരിച്ചെത്തിയ വിങ് കമാൻഡർ അഭിനന്ദൻ വർധമാന്റെ ചിത്രങ്ങൾ തെരഞ്ഞെടുപ്പ് റാലികളിൽ ഉപയോഗിക്കുന്നതിനോടും
മുൻ സൈനികോദ്യോഗസ്ഥർ വിയോജിച്ചു.
നേരത്തെയും തങ്ങൾ ഈ പ്രശ്നം ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ ഉയർത്തിയിരുന്നതായി കത്തിൽ ചൂണ്ടിക്കാണിക്കുന്നുണ്ട് . മുൻ ചീഫ് ഓഫ് നേവൽ സ്റ്റാഫ് തന്നെ മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷന് ഒരു പരാതി നൽകിയിരുന്നു. ഈ പരാതിയിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് വിശദീകരണം ചോദിച്ച് കത്തയച്ചെങ്കിലും കാര്യമായ വ്യത്യാസമൊന്നും ഉണ്ടായില്ലെന്ന് കത്തില്‍ പറയുന്നു
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പെരുമാറ്റച്ചട്ടം നിലവിലുണ്ടെങ്കിലും അതിനോട് തികഞ്ഞ അനുസരണക്കേടാണ് രാഷ്ട്രീയ പാർട്ടികൾ പുലര്‍ത്തുന്നത്. രാജ്യത്തെ സൈനികരുടെ വീര്യത്തെ ഏറെ ബാധിക്കുന്ന തരത്തിൽ രാഷ്ട്രീയ പ്രചാരണങ്ങൾക്ക് സൈന്യത്തെ ഉപയോഗിക്കുന്നതിനെ തടയുകയും സൈന്യത്തിന്റെ അന്തസ്സ് ഉയർത്തിനിർത്താൻ രാഷ്ട്രപതി തയ്യാറാകണമെന്നും കത്തിൽ പറഞ്ഞു.
മുൻ പട്ടാള ജനറൽമാരായ എസ്എഫ് റോഡ്രിഗസ്, ശങ്കർ റോയ് ചൗധരി, ദീപക് കപൂർ എന്നിവരും കത്തിൽ ഒപ്പു വെച്ചവരിൽ പെടുന്നു. മുൻ അഡ്മിറൽമാരായ ലക്ഷ്മിനാരായൺ രാംദാസ്, വിഷ്ണു ഭാഗവത്, അരുൺ പ്രകാശ്, സുരീഷ് മേഹ്ത എന്നിവരും കത്തിൽ ഒപ്പു വെച്ചിട്ടുണ്ട്.
This post was last modified on April 12, 2019 4:36 pm
Leave a Comment