X

ബലാൽസംഗം: ആസാറാം ബാപ്പുവിന്റെ മകൻ നാരായൺ സായ് കുറ്റക്കാരനെന്ന് കോടതി

ബലാൽസംഗം, പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം, തടഞ്ഞുവെക്കൽ തുടങ്ങിയ വകുപ്പുകളാണ് നാരായൺ സായിക്കെതിരെ ചുമത്തിയിരുന്നത്.

ബലാല്‍സംഗ പരാതിയിൽ ആള്‍ദൈവം ആസാറാം ബാപ്പുവിന്റെ മകൻ നാരായൺ സായിയും മറ്റ് നാല് പേരും കുറ്റക്കാരനെന്ന് കോടതിവിധി. ശിക്ഷ വിധിക്കുന്നത് ഏപ്രിൽ 30ലേക്ക് മാറ്റിയിട്ടുണ്ട്. 2013ൽ ആസാറാം ബാപ്പുവും മകനും ചേർന്ന് തങ്ങളുടെ ആശ്രമത്തിൽ വെച്ച് പീഡിപ്പിച്ചെന്നായിരുന്നു സൂറത്തിലെ രണ്ട് പെൺകുട്ടികൾ പരാതി നൽകിയത്. സൂറത്ത് കോടതിയാണ് നാരായൺ സായിയെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.

2002നും 2005നുമിടയിൽ‌ നാരായൺ സായ് പീഡിപ്പിച്ചെന്ന് പെൺകുട്ടികളിൽ ഇളയയാൾ മൊഴി നൽകിയിരുന്നു. മൂത്തയാൾ പീഡനത്തിനിരയായത് 1997നും 2006നുമിടയിലായിരുന്നു. അഹമ്മദാബാദിനു പുറത്തുള്ള ഒരു ആശ്രമത്തിൽ വെച്ചായിരുന്നു പീഡനം.

ബലാൽസംഗം, പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം, തടഞ്ഞുവെക്കൽ തുടങ്ങിയ വകുപ്പുകളാണ് നാരായൺ സായിക്കെതിരെ ചുമത്തിയിരുന്നത്.

ജഡ്ജി പിഎസ് ഗാധ്വി വിധി പറയുന്നതിനു മുമ്പായി നാരായൺ സായിയും അയാളുടെ വക്കീലും പൊട്ടിച്ചിരിക്കുന്നത് കാണാമായിരുന്നെന്ന് റിപ്പോർട്ടുകൾ പറയുന്നു. പത്ത് പേർക്കെതിരെയായിരുന്നു പരാതി. ഇതിൽ അഞ്ചു പേർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. നിലവിൽ നാരായൺ സായ് ഒഴികെയുള്ള എല്ലാവരും ജാമ്യത്തിൽ പുറത്താണ്.

This post was last modified on April 26, 2019 7:52 pm