X

ബർഖ ദത്തിനെതിരായ സൈബർ ആക്രമണം തുടരുന്നു; ഇതുവരെയും പൊലീസ് നടപടിയായില്ല

പുൽവാമയിൽ ഭീകരാക്രമണത്തിൽ സൈനികർ കൊല്ലപ്പെട്ടതിനു പിന്നാലെ കശ്മീരി വിദ്യാർത്ഥികൾക്കു നേരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ആക്രമണം നടന്നപ്പോൾ അവർക്കു വേണ്ടി ശബ്ദിച്ച മാധ്യമപ്രവർത്തക ബർഖ ദത്തിനു നേരെ സംഘപരിവാർ പ്രൊഫൈലുകൾ രംഗത്ത്. അശ്ലീല മെസ്സേജുകളും ഫോട്ടോകളും ബർഖ ദത്തിന്റെ വാട്സാപ്പ് നമ്പരിലും ഇതര സോഷ്യൽ മീഡിയ മെസ്സേജിങ് പ്ലാറ്റ്ഫോമുകളിലൂടെയും അയച്ചു കൊടുക്കുകയാണ് ഇവർ ചെയ്യുന്നത്. കഴിഞ്ഞദിവസം തന്നെ ഈ പ്രശ്നം ചൂണ്ടിക്കാട്ടി ബർഖ ദത്ത് രംഗത്തുണ്ടായിരുന്നു. അധികൃതർക്ക് പരാതി നൽകിയിട്ടും അവർ ഇടപെടാത്തതിനെക്കുറിച്ചും ബർ‌ഖ പരാതിപ്പെടുകയുണ്ടായി.

എബിപി ന്യൂസ് ചാനലിന്റെ ജേര്‍ണലിസ്റ്റ് ആയിരുന്ന അഭിസര്‍ ശര്‍മ്മ അടക്കമുള്ള നിരവധി മാധ്യമപ്രവർത്തകർക്ക് സൈബർ ആക്രമണം നേരിടേണ്ടി വരുന്നുണ്ട്. തെറികളും അശ്ലീലങ്ങളുമാണ് ഏറെയും ഏറ്റുവാങ്ങേണ്ടി വരുന്നത്.

തുടർച്ചയായി മൂന്നാംദിവസമാണ് ബർഖ ദത്തിനു നേരെ ആക്രമണം നടക്കുന്നത്. ഇപ്പോഴും അശ്ലീല ചിത്രങ്ങൾ തന്റെ ഫോണിലേക്ക് എത്തുന്നുണ്ടെന്ന് ബർഖ ദത്ത ട്വീറ്റ് ചെയ്തു. ചിലർ ഓഡിയോ മെസ്സേജുകളാണ് അയയ്ക്കുന്നത്. മറ്റു ചിലര്‍ക്ക് ‘കാൾ ഗേള്‍’ ബർഖ ദത്തിന്റെ ‘റേറ്റ്’ ആണ് അറിയേണ്ടത്.

ആയിരത്തോളം അശ്ലീല സന്ദേശങ്ങൾ തനിക്ക് ലഭിച്ചതായി ചൂണ്ടിക്കാട്ടി ഫെബ്രുവരി 18നാണ് ബർഖ ആദ്യമായി ട്വീറ്റ് ചെയ്തത്. തന്റെ പരാതികളോട് പൊലീസ് മുഖംതിരിച്ചു നിൽക്കുകയാണെന്നും അവർ പരാതിപ്പെട്ടിരുന്നു. പുതിയ വിവരങ്ങൾ പ്രകാരം പൊലീസ് ഇപ്പോഴും കാര്യമായ നടപടിയൊന്നും എടുത്തിട്ടില്ല. ഡൽഹി പൊലീസ് നടപടിയെടുക്കുമെന്ന് കഴിഞ്ഞദിവസം റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ഇതുവരെ ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ല. ദേശീയ വനിതാ കമ്മീഷന്‍ വേഗത്തിലുള്ള പൊലീസ് അന്വേഷണത്തിന് ആവശ്യപ്പെട്ടിട്ടുണ്ട്.

വനിതാ കമ്മീഷന്റെ ഇടപെടലുണ്ടായതിന് നന്ദി അറിയിച്ച് ബർഖ ട്വീറ്റ് ചെയ്തിരുന്നു. ഡൽഹി പൊലീസിന്റെ പ്രതികരണം അറിയാനായി കാത്തിരിക്കുകയാണെന്നും അവർ പറയുകയുണ്ടായി.

This post was last modified on February 20, 2019 1:19 pm