X

രാജ്യം വലിയ മാറ്റങ്ങൾ ദർശിക്കുന്നു, കടന്നു പോയത് വികസനത്തിന്റെ നൂറു ദിനങ്ങളെന്ന് പ്രധാനമന്ത്രി മോദി

അതെസമയം രണ്ടാംമോദി സർക്കാരിന്റെ നൂറു ദിവസം ജനാധിപത്യത്തെ അട്ടിമറിക്കുന്നതിലാണ് ശ്രദ്ധ വെച്ചതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി

തന്റെ സർക്കാർ വീണ്ടും അധികാരത്തിലെത്തി നൂറു ദിവസം പിന്നിടുമ്പോൾ രാജ്യം ‘വലിയ മാറ്റങ്ങൾ’ കാണുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വികസനത്തിന്റെ നൂറ് ദിനങ്ങളാണ് കടന്നു പോയതെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ 130 കോടി ജനങ്ങളിൽ നിന്നാണ് താൻ ഇതിനെല്ലാം പ്രചോദനം ഉൾക്കൊള്ളുന്നതെന്നും മോദി പറഞ്ഞു.

“കഴിഞ്ഞ നൂറു ദിവസത്തിനിടയിൽ എടുത്ത വലിയ തീരുമാനങ്ങൾക്കെല്ലാം 130 കോടി ജനങ്ങളാണ് പ്രചോദനമായത്,” അദ്ദേഹം പറഞ്ഞു. അടുത്ത ദിവസങ്ങളിൽ മന്ത്രിമാർ തങ്ങൾ കഴിഞ്ഞ 100 ദിവസം ചെയ്ത കാര്യങ്ങൾ പ്രധാനമന്ത്രിക്കു മുമ്പാകെ അവതരിപ്പിക്കാൻ പോകുകയാണ്. ഇതിനു മുന്നോടിയായാണ് മോദിയുടെ ഈ പ്രസ്താവന. പാർലമെന്റിന്റെ ആദ്യ സെഷനിൽ തന്നെ ചെയ്തുതീർത്ത കാര്യങ്ങളെ ചൂണ്ടിക്കാട്ടിയാണ് മോദി പ്രസ്താവന നടത്തിയത്.

മുത്തലാഖ് ക്രിമിനൽ കുറ്റമാക്കുന്ന നിയമം, ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളയലും സംസ്ഥാനത്തെ കേന്ദ്രഭരണ പ്രദേശങ്ങളാക്കലും, മോട്ടോർവാഹന നിയമ ഭേദഗതി, വിവരാവകാശ നിയമ ഭേദഗതി തുടങ്ങിയ വൻ നീക്കങ്ങളാണ് പാർലമെന്റ് നടത്തിയത്.

“മോദി സർക്കാരിന്റെ ആദ്യ നൂറു ദിവസം നാഴികക്കല്ലായ തീരുമാനങ്ങളുടെയും അവയുടെ വേഗത്തിലുള്ള നടപ്പാക്കലിന്റെയുമായിരുന്നു. 2025-ഓടെ 5 ട്രില്യൺ സാമ്പത്തിക വ്യവസ്ഥയാകണമെന്ന ആഗ്രഹമാണ് സർക്കാരിനെ നയിക്കുന്നത്,” കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ പറഞ്ഞു. രാജ്യം സാമ്പത്തിക മാന്ദ്യത്തിലേക്ക് കൂപ്പുകുത്തിയ ഘട്ടത്തിലാണ് ഈ നീക്കങ്ങളെല്ലാമെന്നത് ശ്രദ്ധേയമാണ്.

തിങ്കളാഴ്ചയും ചൊവ്വാഴ്ചയും 17 കേന്ദ്രമന്ത്രിമാർ തങ്ങളുടെ പ്രവർത്തനങ്ങളുടെ റിപ്പോർട്ട് അവതരിപ്പിക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വാർത്താ സമ്മേളനങ്ങൾ വിളിച്ച് സർക്കാരിന്റെ പ്രവർത്തനങ്ങൾ വിവരിക്കും.

അതെസമയം രണ്ടാംമോദി സർക്കാരിന്റെ നൂറു ദിവസം ജനാധിപത്യത്തെ അട്ടിമറിക്കുന്നതിലാണ് ശ്രദ്ധ വെച്ചതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു.

Also Read: ജനങ്ങളുടെ കൈയില്‍ പണമില്ല; സാമ്പത്തിക മാന്ദ്യത്തിന്റെ തുടക്കം മോദി സര്‍ക്കാരിന്റെ നോട്ട് നിരോധനത്തോടെയെന്ന് റിസര്‍വ് ബാങ്ക് കണക്കുകള്‍

This post was last modified on September 8, 2019 10:06 pm