X

ബിടെക്കിനും എംടെക്കിനും ചേരുന്നവരുടെ എണ്ണം കുത്തനെ കുറഞ്ഞു; ഉന്നതവിദ്യാഭ്യാസ രംഗത്ത് ഗൗരവതരമായ മാറ്റങ്ങളെന്ന് പഠനം

2015-16 അക്കാദമിക വര്‍ഷം മുതല്‍ പ്രൊഫഷണല്‍ കോഴ്സുകള്‍ ബിരുദതലത്തില്‍ തെരഞ്ഞെടുക്കുന്നവരുടെ എണ്ണത്തില്‍ സാരമായ ഇടിവാണ് വന്നിട്ടുള്ളത്.

പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് ചേരുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ നാടകീയമായ ഇടിവെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ നാലു വര്‍ഷത്തെ ഏറ്റവും കുറഞ്ഞ പ്രവേശനങ്ങളാണ് നടപ്പുവര്‍ഷം നടന്നതെന്ന് സൂചിപ്പിക്കുന്ന പഠനം പുറത്തു വന്നു. ആള്‍ ഇന്ത്യ സര്‍വ്വേ ഓണ്‍ ഹയര്‍ എജുക്കേഷന്‍ നടത്തിയ പഠനത്തിലാണ് ഈ വസ്തുതകള്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നതെന്ന് ദി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് പറയുന്നു. ടെക്നോളജിയില്‍ മാസ്റ്റേഴ്സ് ബിരുദം തേടുന്നവരുടെ എണ്ണം പകുതിയിലധികമായാണ് കുറഞ്ഞിരിക്കുന്നത്.

2014-15 അക്കാദമിക വര്‍ഷത്തില്‍ 2,89,311 പേരാണ് ടെക്നോളജി ബിരുദാനന്ദര ബിരുദമെടുക്കാന്‍ എന്‍റോള്‍ ചെയ്തിരുന്നത്. ഇത് 2018-19 വര്‍ഷത്തില്‍ 1,35,500 ആയി കുറഞ്ഞു. 2018-19 കാലത്ത് ബിടെക്കിന് ചേര്‍ന്നവരുടെ എണ്ണത്തിലും വന്‍ ഇടിവ് വന്നിട്ടുണ്ട്. 11% കണ്ടാണ് സാങ്കേതിക ബിരുദ പഠനത്തിന് ചേരുന്നവരുടെ എണ്ണത്തില്‍ കുറവ് വന്നിരിക്കുന്നത്. 42,54,919 പേര്‍ 2014-15 കാലത്ത് ബിടെക്കിന് ചേര്‍ന്നിരുന്നു. ഇത് 2018-19 കാലത്ത് 37,70,949 പേരിലേക്ക് ചുരുങ്ങി.

അതെസമയം എംബിഎ, ബിഎഡ്, എല്‍എല്‍ബി എന്നീ കോഴ്സുകള്‍ക്ക് പഴയപോലെ വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കാന്‍ കഴിയുന്നുണ്ട്. ഇവയില്‍ ചില കോഴ്സുകളില്‍ ചേരുന്നവരുടെ എണ്ണത്തില്‍ വര്‍ധനയും സംഭവിച്ചിട്ടുണ്ട്. ഉദാഹരണത്തിന് ബിഎഡ് കോഴ്സുകള്‍ക്ക് ചേരുന്നവരുടെ എണ്ണം 6,57,194ല്‍ (2014-15) നിന്ന് 11,75,517 ആയി കൂടിയിട്ടുണ്ട്.

പ്രൊഫഷണല്‍ വിദ്യാഭ്യാസ കോഴ്സുകളെ ഉന്നതവിദ്യാഭ്യാസമായാണ് സര്‍ക്കാര്‍ നിര്‍വ്വചിച്ചിട്ടുള്ളത്. പ്രത്യേക തൊഴിലുകളെടുക്കാന്‍ നേരിട്ടുതകുന്ന പാഠ്യവിഷയങ്ങളാണ് ഇവയിലുണ്ടവുക. ഇക്കാരണത്താല്‍ തന്നെ ബിടെക്ക്, എംടെക്ക്, എംബിഎ, എംബിബിഎസ് തുടങ്ങിയ കോഴ്സുകളെല്ലാം ഉന്നതവിദ്യാഭ്യാസ കോഴ്സുകളിലാണ് ഉള്‍പ്പെടുക.

2015-16 അക്കാദമിക വര്‍ഷം മുതല്‍ പ്രൊഫഷണല്‍ കോഴ്സുകള്‍ ബിരുദതലത്തില്‍ തെരഞ്ഞെടുക്കുന്നവരുടെ എണ്ണത്തില്‍ സാരമായ ഇടിവാണ് വന്നിട്ടുള്ളത്. 7,21,506 പേരുടെ കുറവാണ് വന്നിരിക്കുന്നത്. ബിരുദാനന്തര ബിരുദ കോഴ്സുകളുടെ എണ്ണത്തില്‍ കുറവ് ഇതിലേറെയാണ്. 32 ശതമാനം. 2015-16 കാലയളവില്‍ 18,07,646 പേര്‍ പ്രവേശനം നേടിയപ്പോള്‍ 2018-19 കാലയളവില്‍ 12,36,404 പേര്‍ മാത്രമാണ് പ്രവേശനം നേടിയത്.

962 സര്‍വ്വകലാശാലകളില്‍ നിന്നും, 38,179 കോളജുകളില്‍ നിന്നും, 9,190 സ്വതന്ത്ര സ്ഥാപനങ്ങളില്‍ നിന്നും ലഭിച്ച കണക്കുകള്‍ വിശകലനം ചെയ്താണ് ആള്‍ ഇന്ത്യ സര്‍വ്വേ ഓണ്‍ ഹയര്‍ എജുക്കേഷന്‍ ഈ വിവരങ്ങള്‍ പുറത്തു വിട്ടിരിക്കുന്നത്.