2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പിനെ വന്‍ താരനിരയുമായി നേരിടാനാണ് ബിജെപിയുടെ പദ്ധതിയെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് പറയുന്നു. ബോളിവുഡ് താരങ്ങള്‍, സ്‌പോര്‍ട്‌സ് താരങ്ങള്‍ തുടങ്ങി വിവിധ മേഖലകളിലെ ജനപ്രിയ സെലിബ്രിറ്റികളെയാണ് ബിജെപി തേടുന്നത്. ബിജെപി ഇതുവരെ ജയിക്കാത്ത രാജ്യത്തെ 120 ലോക്‌സഭ മണ്ഡലങ്ങളിലാണ് ഈ പരീക്ഷണം നടത്താനുദ്ദേശിക്കുന്നത്.
2014ഉം ഇത്തരത്തില്‍ വിവിധ മേഖലകളിലെ പ്രമുഖര്‍ ബിജെപി ടിക്കറ്റില്‍ പാര്‍ലമെന്റിലെത്തിയിരുന്നു. ഗായകരായ മനോജ് തിവാരി, ബാബുല്‍ സുപ്രിയോ, സിനിമ താരങ്ങളായ പരേഷ് റാവല്‍, കിരണ്‍ ഖേര്‍, ഒളിമ്പിക്‌സ് മെഡല്‍ ജേതാവായ ഷൂട്ടിംഗ് താരം രാജ്യവര്‍ദ്ധന്‍ സിംഗ് റാത്തോഡ്, മുന്‍ കരസേന മേധാവി ജനറല്‍ വികെ സിംഗ്, കോളമിസ്റ്റ് പ്രതാപ് സിംഹ, മുംബയ് പൊലീസ് കമ്മീഷണറായിരുന്ന സത്യപാല്‍ സിംഗ് തുടങ്ങിയവരെല്ലാം ഇത്തരത്തില്‍ വന്നവരാണ്. ഇത്തവണ ഈ താരനിര വിപുലമാക്കാനാണ് ബിജെപി ആലോചിക്കുന്നത്.
അക്ഷയ് കുമാറിനെ പഞ്ചാബില്‍ നിന്നോ ഡല്‍ഹിയില്‍ നിന്നോ മത്സരിപ്പിക്കാന്‍ ബിജെപി ലക്ഷ്യമിടുന്നു. അനുപം ഖേര്‍ ഡല്‍ഹിയില്‍ നിന്നും നാന പടേക്കര്‍ മഹാരാഷ്ട്രയില്‍ നിന്നും ലോക്‌സഭയിലേയ്ക്ക് മത്സരിച്ചേക്കും. അക്ഷയ് കുമാര്‍ നിലവില്‍ കാനഡ പൗരനാണ്. ഇരട്ട പൗരത്വം ഇതുവരെ അംഗീകരിച്ചിട്ടില്ലാത്ത ഇന്ത്യയില്‍ അക്ഷയ് കുമാറിന് തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെങ്കില്‍ കാനഡ പൗരത്വം ഉപേക്ഷിച്ച് വീണ്ടും ഇന്ത്യന്‍ പൗരത്വം സ്വീകരിക്കേണ്ടി വരും. ഇവര്‍ മത്സരിക്കുമെന്ന് ബിജെപി വൃത്തങ്ങള്‍ പറഞ്ഞതായാണ് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഈ മൂന്ന് നടന്മാരും പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.
1984ല്‍ ഇന്ദിര ഗാന്ധിയുടെ വധത്തെ തുടര്‍ന്ന് നടന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ അലഹബാദില്‍ നിന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ അമിതാഭ് ബച്ചന്‍ മത്സരിക്കുകയും വന്‍ ഭൂരിപക്ഷത്തിന് ജയിക്കുകയും ചെയ്തിരുന്നു. മറ്റൊരു ബോളിവുഡ് താരം ഗോവിന്ദയും ക്രിക്കറ്റ് താരം മുഹമ്മദ് അസ്ഹറുദ്ദീനും കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച് ജയിച്ച് ലോക്‌സഭയിലെത്തിയിരുന്നു. നവ്‌ജോത് സിംഗ് സിധു ബിജെപി ടിക്കറ്റിലാണ് ലോക്‌സഭയിലെത്തിയത്.
This post was last modified on July 15, 2018 7:43 pm
Leave a Comment