X

പ്രധാനമന്ത്രിയോട് അപ്രിയ ചോദ്യങ്ങള്‍ വേണ്ട; സെന്‍സര്‍ ചെയ്യാന്‍ ബിജെപി; പുതുച്ചേരി അനുഭവത്തിന് പിന്നാലെ തീരുമാനം

ഇനിയുള്ള സംവാദങ്ങളില്‍ ചോദ്യങ്ങളുടെ വീഡിയോ രണ്ട് ദിവസം മുമ്പ് പാര്‍ട്ടി നേതൃത്വത്തിന് സമര്‍പ്പിക്കണമെന്നാണ് പുതിയ നിബന്ധന.

പ്രധാനമന്ത്രിക്ക് അപ്രിയമായ ചോദ്യങ്ങള്‍ ഒഴിവാക്കുന്നതിനായി ബുത്ത് തല സംവാദത്തിലെ ചോദ്യങ്ങള്‍ ബിജപി ഇനി സെന്‍സര്‍ ചെയ്യും. പുതുച്ചേരിയിലെ പാര്‍ട്ടി പ്രവര്‍ത്തകന്‍ നികുതി സംബന്ധിച്ച കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുന്ന തരത്തിലുള്ള ചോദ്യം ചോദിച്ചപ്പോള്‍ വ്യക്തമായ ഉത്തരം പറയാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത ചോദ്യത്തിലേയ്ക്ക് കടന്നത് നാണക്കേടുണ്ടാക്കിയ പശ്ചാത്തലത്തിലാണ് ഇത്തരം ചോദ്യങ്ങള്‍ തന്നെ ഒഴിവാക്കുന്നതിനായി സെന്‍സറിംഗ് നടത്താന്‍ ബിജെപി തീരുമാനിക്കുന്നത്. മധ്യവര്‍ഗക്കാര്‍ക്ക് മേല്‍ നികുതി അടിച്ചേല്‍പ്പിക്കുന്നു എന്നായിരുന്നു വിമര്‍ശനം. എന്നാല്‍ ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കാതിരുന്ന മോദി “ചലിയേ പുതുച്ചേരി കോ വണക്കം” എന്ന് പറഞ്ഞ് അടുത്തയാളിലേയ്ക്ക് പോവുകയായിരുന്നു.

ഇനിയുള്ള സംവാദങ്ങളില്‍ ചോദ്യങ്ങളുടെ വീഡിയോ രണ്ട് ദിവസം മുമ്പ് പാര്‍ട്ടി നേതൃത്വത്തിന് സമര്‍പ്പിക്കണമെന്നാണ് പുതിയ നിബന്ധന. ചോദ്യം ചോദിക്കുന്നയാളിന്റെ വ്യക്തിഗത വിവരങ്ങള്‍ ഒരു ഫോമില്‍ പൂരിപ്പിച്ച് നല്‍കണം. ചോദ്യവീഡീയോകളില്‍ നല്ലതെന്ന് തോന്നുന്നവ നേതൃത്വം തിരഞ്ഞെടുക്കും. വീഡിയോകോണ്‍ഫറന്‍സിംഗ് വഴിയാണ് രാജ്യത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ള പ്രവര്‍ത്തകരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സംവദിക്കുന്നത്.

“ചലിയേ, പുതുച്ചേരി കോ വണക്കം”: പാര്‍ട്ടി പ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടി പറയാതെ മോദി (വീഡിയോ)

This post was last modified on December 25, 2018 7:27 am