ആര്‍.എസ്.എസിനെതിരെ എഴുതിയില്ലായിരുന്നെങ്കില്‍ ഗൗരി ലങ്കേഷ് കൊല്ലപ്പെടില്ലായിരുന്നുവെന്ന വിവാദ പരാമര്‍ശവുമായി ബി.ജെ.പി എം.എല്‍.എ. ജനാധിപത്യമൊക്കെ ആണെങ്കിലും ആര്‍.എസ്.എസിനും ബി.ജെ.പിക്കും എതിരെ എഴുതിയാല്‍ ഇത്തരത്തില്‍ വില കൊടുക്കേണ്ടി വരുമെന്നാണ് സംഭവം തെളിയിക്കുന്നതെന്നും പാര്‍ട്ടിയുടെ ശൃംഗേരി എം.എല്‍.എ ഡി.എന്‍ ജീവരാജ് ഇന്നലെ ആരോപിച്ചു. വിവാദ പരാമര്‍ശം പ്രാദേശിക മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയില്‍ ജീവരാജിനെ പോലീസ് കേസെടുത്തു. എം.എല്‍.എയുടെ പരാമര്‍ശം തെളിയിക്കുന്നത് കൊലപാതകത്തിനു പിന്നില്‍ അവരാണെന്നാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യയും ഇതിനിടെ പറഞ്ഞു. എന്നാല്‍ തന്റെ വാക്കുകള്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ടു എന്നാണ് എം.എല്‍.എയുടെ ഇപ്പോഴത്തെ നിലപാട്
ചിക്ക്മംഗലുരില്‍ യുവമോര്‍ച്ച റാലിയെ അഭിസംബോധന ചെയ്യുമ്പോഴായിരുന്നു ജീവരാജിന്റെ പ്രസ്താവന. ബി.ജെ.പി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടപ്പോള്‍ ഗൗരി ലങ്കേഷ് സിദ്ധരാമയ്യയുടെ ഭരണത്തെ വിമര്‍ശിച്ചിരുന്നുവെങ്കില്‍ ഇപ്പോള്‍ അവര്‍ കൊല്ലപ്പെടില്ലായിരുന്നു. അവര്‍ അവരുടെ പത്രത്തില്‍ ഞങ്ങള്‍ക്കതിരെ എഴുതി. ഇത് ജനാധിത്യമാണ് എന്നതുശരി. എന്നാല്‍ ഇപ്പോള്‍ അവരുടെ ജീവന് ആരാണ് ഉത്തരം പറയുക. കോണ്‍ഗ്രസിനേക്കാള്‍ ബി.ജെ.പിയാണ് എല്ലാവരേയും സംരക്ഷിക്കുന്നത് എന്നും ജീവരാജ് പറഞ്ഞു.
ഗൗരി ലങ്കേഷ് എഴുതിയ ‘കാക്കി നിക്കറുകള്‍ക്ക് അന്ത്യകൂദാശ’ എന്ന ലേഖനമാണ് അവരുടെ മരണത്തിനു കാരണമായതെന്നും ജീവരാജ് തന്റെ പ്രസംഗത്തില്‍ പറഞ്ഞു. അവര്‍ അത്തരത്തില്‍ എഴുതിയില്ലായിരുന്നെങ്കില്‍ അവരിന്ന് ജീവനോടെ ഉണ്ടാകുമായിരുന്നു എന്നും ജീവരാജ് പറഞ്ഞു.
സംഭവം വന്‍ വിവാദമായതോടെ കോണ്‍ഗ്രസ് ജീവരാജിനെതിരെ പരാതി നല്‍കുകയും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു. ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിനു പിന്നില്‍ ആരാണെന്ന തര്‍ക്കം മുറുകുകയും അന്വേഷണം നടക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പുതിയ വിവാദവും.
ഗൗരി വിശ്വസിച്ചിരുന്ന കാര്യങ്ങള്‍ തന്നെയാണ് അവരുടെ മരത്തിന് കാരണമായതെന്ന് സഹോദരി കവിത ലങ്കേഷ് ഇന്നലെ പറഞ്ഞു. കവിതയ്ക്കു വേണ്ടി ഇക്കാര്യങ്ങള്‍ വിശദീകരിച്ച സഹോദരന്‍ ഇന്ദ്രജിത് പറഞ്ഞത് ഇങ്ങനെയാണ്: തീവ്ര വലതുപക്ഷത്തിന്റെ രൂക്ഷ വിമര്‍ശകയായിരുന്നു ഗൗരി. അവര്‍ക്കെതിരെ അവര്‍ നിരന്തം എഴുതി. ഇടതുപക്ഷ കാഴ്ചപ്പാടുള്ളയാളായിരുന്നു ഗൗരി. അതുകൊണ്ടു തന്നെ ഇത്തരത്തില്‍ എഴുതിയതാണോ കൊലപാതകത്തിന് കാരണമെന്ന കാര്യം പോലീസ് അന്വേഷിക്കുന്നുണ്ട്. നക്‌സലുകളെ പൊതുധാരയിലേക്ക് കൊണ്ടുവരാനുള്ള പദ്ധതിയുടെ ഭാഗമായി രുപീകരിച്ച കമ്മിറ്റിയുടെ അധ്യക്ഷയാകാന്‍ സിദ്ധരാമയ്യ പറഞ്ഞിരുന്നു. ഇതിന്റെ ഭാഗമായി ഗൗരി നിരവധി പേരെ അത്തരത്തില്‍ പുനരധിവസിപ്പിച്ചു. അതുകൊണ്ടു തന്നെ ഇത് മറ്റൊരു വിഷയമാണ്. സംഘപരിവാര്‍ ബന്ധമുള്ളവരാണ് കൊലപാതകത്തിന് പിന്നിലെന്നാണ് തുടക്കം മുതല്‍ കവിതയുടെ നിലപാട്.
ഗൗരിയുടെ കൊലപാതകത്തിനു പിന്നില്‍ സംഘപരിവാര്‍ ബന്ധമുള്ളവരാണ് എന്ന് അടുത്ത സുഹൃത്തുക്കളടക്കം പറഞ്ഞിട്ടും കൊലപാതകത്തിനു പിന്നില്‍ നക്‌സലുകളാകാം എന്നായിരുന്നു സഹോദരന്‍ ഇന്ദ്രജിത്തിന്റെ നിലപാട്. ഇക്കാര്യം റിപ്പബ്ലിക് ടി.വി അടക്കമുള്ള വലതുപക്ഷ മാധ്യമങ്ങള്‍ വന്‍ വാര്‍ത്തയാക്കുകയും ചെയ്തു. ഏറെക്കാലമായി സഹോദരനുമായി അടുപ്പമില്ലാതിരുന്ന ഗൗരി അഭിപ്രായ വ്യത്യാസം മൂലം ലങ്കേഷ് പത്രികയ്ക്ക് പകരം ഗൗരി ലങ്കേഷ് പത്രിക ആരംഭിക്കുകയായിരുന്നു. ആര്‍.എസ്.എസിനെ എഴുതുന്നതും മാവോയിസ്റ്റ് വേട്ടയ്‌ക്കെതിരെ എഴുതുന്നതുമായിരുന്നു ഇന്ദ്രജിത്തിനെ പ്രകോപിപ്പിച്ചത്. ഇത് അംഗീകരിക്കാന്‍ ഗൗരി തയാറായുമില്ല. അന്നു മുതല്‍ ബി.ജെ.പിയുമായി അടുപ്പം പുലര്‍ത്തുന്ന ആളാണ് ഇന്ദ്രജിത്.
This post was last modified on September 8, 2017 5:19 pm
Leave a Comment