X

ബിജെപി യുദ്ധവെറി പടര്‍ത്തി തിരഞ്ഞെടുപ്പ് ജയിക്കാന്‍ നോക്കുന്നു; എഫ് 16 സംബന്ധിച്ച യുഎസ് മാധ്യമ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി ഇമ്രാന്‍ ഖാന്‍

ഫോറിന്‍ പോളിസി റിപ്പോര്‍ട്ടിനെ ഇന്ത്യ തള്ളിക്കളഞ്ഞതിന് പിന്നാലെയാണ് ഇമ്രാന്‍ ഖാന്‍ ഇക്കാര്യം പറഞ്ഞത്.

ബിജെപി യുദ്ധവെറി പടര്‍ത്തി തിരഞ്ഞെടുപ്പ് ജയിക്കാന്‍ നോക്കുകയാണ് എന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. എഫ് 16 യുദ്ധ വിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമസേന വെടിവച്ച് വീഴ്ത്തിയിട്ടില്ല എന്ന യുഎസ് മാധ്യമം ഫോറിന്‍ പോളിസിയുടെ റിപ്പോര്‍ട്ട് ഉദ്ധരിച്ചാണ് ഇമ്രാന്‍ ഖാന്‍ ഇക്കാര്യം പറഞ്ഞത്. ബിജെപി ഇത്തരം വ്യാജ അവകാശവാദങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത് എന്ന് ഇമ്രാന്‍ ഖാന്‍ കുറ്റപ്പെടുത്തി. ഫോറിന്‍ പോളിസി റിപ്പോര്‍ട്ടിനെ ഇന്ത്യ തള്ളിക്കളഞ്ഞതിന് പിന്നാലെയാണ് ഇമ്രാന്‍ ഖാന്‍ ഇക്കാര്യം പറഞ്ഞത്.

ഫെബ്രുവരി 27ന്റെ ആക്രമണത്തില്‍ പാകിസ്താന് ഇന്ത്യന്‍ ആക്രമണത്തില്‍ എഫ് 16 വിമാനങ്ങളൊന്നും നഷ്ടപ്പെട്ടിട്ടില്ല എന്നാണ് ഫോറിന്‍ പോളിസി റിപ്പോര്‍ട്ട് ചെയ്തത്. യുഎസ് പ്രതിരോധ ഉദ്യോഗസ്ഥരും ഇത് തന്നെയാണ് പറഞ്ഞത്. രണ്ട് മുതിര്‍ന്ന യുഎസ് പ്രതിരോധ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് ഫോറിന്‍ പോളിസി ഇക്കാര്യം പറഞ്ഞത്. യുഎസ് ഉദ്യോഗസ്ഥര്‍ പാകിസ്താന്റെ എഫ് 16 വിമാനങ്ങളുടെ എണ്ണമെടുത്തിട്ടുണ്ടെന്നും ഒന്ന് പോലും കുറവില്ലെന്നുമാണ് ഇവര്‍ പറഞ്ഞത്.

സത്യം എല്ലായ്‌പ്പോഴും നിലനില്‍ക്കുമെന്നും അതാണ് ഏറ്റവും നല്ല നയമെന്നും ഇമ്രാന്‍ ഖാന്‍ ട്വീറ്റ് ചെയ്തു. വ്യാജ അവകാശവാദങ്ങള്‍ കൊണ്ടും യുദ്ധവെറി പടര്‍ത്തിക്കൊണ്ടും തിരഞ്ഞെടുപ്പ് ജയിക്കാന്‍ കഴിയുമോ എന്നാണ് ബിജെപി നോക്കുന്നത് – ഇമ്രാന്‍ ഖാന്‍ പറയുന്നു.

ഫോറിന്‍ പോളിസി റിപ്പോര്‍ട്ടിനെ തള്ളിക്കളഞ്ഞ് ഇന്ത്യന്‍ എയര്‍ഫോഴ്‌സ് ഇന്നലെ രംഗത്തെത്തിയിരുന്നു. എഫ് 16 വിമാനത്തെ ഇന്ത്യ വെടിവച്ച് വീഴ്ത്തിയെന്ന് എയര്‍ഫോഴ്‌സ് ആവര്‍ത്തിച്ചു. പാക് പിടിയിലായ ശേഷം മോചിപ്പിക്കപ്പെട്ട വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാന്‍ പറത്തിയ മിഗ് 21 വിമാനം, എഫ് 16നെ വീഴ്ത്തിയതായാണ് ഇന്ത്യന്‍ വ്യോമസേന പറയുന്നത്. നിയന്ത്രണരേഖയ്ക്ക് സമീപമുള്ള സംഘര്‍ഷത്തിനിടെ നൗഷേര സെക്ടറിന് സമീപമാണ് എഫ് 16 വീഴ്ത്തിയത് എന്ന് എയര്‍ഫോഴ്‌സ് പറയുന്നു. തെളിവായി റഡാര്‍ ഇമേജുകളുണ്ട് എന്ന് വ്യോമസേന പറയുന്നു.

This post was last modified on April 6, 2019 8:25 pm

Related Post
Leave a Comment