X

ഉന്നാവോ: ബലാത്സംഗത്തിനും കൊലക്കുറ്റത്തിനും കേസ് നേരിടുന്ന കുല്‍ദീപ് സെന്‍ഗറിനെ പുറത്താക്കാന്‍ എന്തുകൊണ്ട് ബിജെപി രണ്ട് വര്‍ഷമെടുത്തു

ബിജെപിയില്‍ സെന്‍ഗറിനുള്ള സ്വാധീനം വ്യക്തമാക്കുന്നതാണ് ഈ നടപടിയെടുക്കാന്‍ കാണിച്ച വൈമുഖ്യം.

കുല്‍ദീപ് സിംഗ് സെന്‍ഗര്‍ ഉന്നാവോ ബലാത്സംഗ കേസില്‍ ആരോപണ വിധേയനായിട്ട് രണ്ട് വര്‍ഷമായി. ജയിലിലടക്കപ്പെട്ട് ഒരു വര്‍ഷവും മൂന്ന് മാസവുമായി. സെന്‍ഗറിനെ ബിജെപി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്നത് ഇന്ന് യുപി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച്, ഉന്നാവോ കൂട്ടബലാത്സംഗവുമായി ബന്ധപ്പെട്ട കേസുകള്‍ യുപിക്ക് പുറത്തേയ്ക്ക് മാറ്റിക്കൊണ്ടുള്ള ഉത്തരവിന് ശേഷമാണ്. പാര്‍ലമെന്റിന്റെ ഇരു സഭകളിലും ബിജെപിക്കെതിരെ ഉന്നാവോ വിഷയത്തില്‍ പ്രതിപക്ഷം ശക്തമായി പ്രതിഷേധിച്ചിരുന്നു.

ഈ വര്‍ഷം ആദ്യം കുല്‍ദീപ് സിംഗ് സെന്‍ഗറെ സസ്‌പെന്‍ഡ് ചെയ്തതായി ഒഴുക്കന്‍ മട്ടില്‍ ബിജെപി അറിയിച്ചിരുന്നെങ്കിലും ഇത് സംബന്ധിച്ച് വ്യക്തതയൊന്നുമുണ്ടായിരുന്നില്ല. ഈയടുത്ത് സെന്‍ഗറിനെതിരായ നടപടിയെക്കുറിച്ച് ചോദിച്ചപ്പോള്‍ അത് തല്‍ക്കാലം വിട്ടേക്കൂ എന്നായിരുന്നു ഒരു മുതിര്‍ന്ന ബിജെപി നേതാവിന്റെ മറുപടി. ഇരയുടെ പിതാവിനെ ആയുധ നിയമ കേസില്‍ അറസ്റ്റ് ചെയ്ത് ജയിലിലിട്ട് പീഡിപ്പിക്കുകയാണ് യോഗി സര്‍ക്കാര്‍ ചെയ്തത്. ജയിലില്‍ വച്ച് സെന്‍ഗറുടെ സഹോദരന്‍ പെണ്‍കുട്ടിയുടെ പിതാവിനെ മര്‍ദ്ദിച്ചുകൊല്ലുകയായിരുന്നു എന്ന ആരോപണമുണ്ട്. 12ഓളം കേസുകളില്‍ പ്രതി ചേര്‍ത്താണ് പെണ്‍കുട്ടിയുടെ അമ്മാവനെ എട്ട് മാസത്തിലധികമായി ജയിലിലടച്ചിരിക്കുന്നത്. ഇവയെല്ലാം കള്ളക്കേസുകളാണ് എന്ന് കുടുംബം ആരോപിക്കുന്നു.

കൊല്ലാന്‍ ലക്ഷ്യമിട്ട് റോഡ് അപകടം ആസൂത്രണം ചെയ്തു എന്ന പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ പരാതിയില്‍ പൊലീസും പിന്നീട് സിബിഐയും കൊലക്കുറ്റം ചുമത്തി കേസെടുത്തിട്ടും സെന്‍ഗറിനെ പുറത്താക്കാന്‍ ബിജെപി തയ്യാറായില്ല. സെന്‍ഗറിനെ എന്തുകൊണ്ട് ബിജെപി പുറത്താക്കുന്നില്ല എന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ചോദിച്ചിരുന്നു. അതേസമയം ഇതിനോട് പ്രതികരിക്കാന്‍ ബിജെപി വക്താക്കളാരും തയ്യാറായിരുന്നില്ല. സാധാരണയായി പാര്‍ട്ടിക്കെതിരായ ആരോപണങ്ങള്‍ക്ക് ഉടന്‍ ട്വിറ്ററില്‍ പ്രത്യാക്രമണമ നടത്തുകയാണ് ബിജെപിയുടെ പതിവ്. എന്നാല്‍ സെന്‍ഗറിന്റെ വിഷയം ചര്‍ച്ചയാക്കാതിരിക്കാനാണ് ബിജെപി താല്‍പര്യപ്പെട്ടത്.

ബിജെപിയില്‍ സെന്‍ഗറിനുള്ള സ്വാധീനം വ്യക്തമാക്കുന്നതാണ് ഈ നടപടിയെടുക്കാന്‍ കാണിച്ച വൈമുഖ്യം. സമാജ് വാദി പാര്‍ട്ടിയിലും ബി എസ് പിയും പ്രവര്‍ത്തിച്ചിട്ടാണ് കുല്‍ദീപ് സിംഗ് സെന്‍ഗര്‍ ബിജെപിയിലെത്തുന്നത്. 2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷം ബിജെപി നേതാവ് സാക്ഷി മഹാരാജ് സീതാപൂര്‍ ജയിലിലത്തി കുല്‍ദീപ് സെന്‍ഗറെ കണ്ടു. ഇത്തവണ ബിജെപി ദേശീയ നേതൃത്വം ടിക്കറ്റ് നല്‍കില്ല എന്ന് കരുതിയിരുന്ന സാക്ഷി മഹാരാജ് മത്സരിക്കുകയും നാല് ലക്ഷത്തില്‍ പരം വോട്ടിന് ജയിച്ചു. നന്ദി പറയാനാണ് സാക്ഷി ജയിലില്‍ പോയി സെന്‍ഗറിനെ കണ്ടത്.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സെന്‍ഗറിന്റെ ഭാര്യ സാക്ഷി മഹാരാജിനൊപ്പം വേദി പങ്കിട്ടു. ലോക്‌സഭ നിയന്ത്രിച്ച ബിഹാറില്‍ നിന്നുള്ള വനിത എംപി രമേ ദേവിയോട് സമാജ്‌വാദി പാര്‍ട്ടി എംപി അസം ഖാന്‍ സ്ത്രീവിരുദ്ധവും അശ്ലീലവുമായ പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ആരോപിച്ച് കേന്ദ്ര മന്ത്രിമാരായ സ്മൃതി ഇറാനിയും നിര്‍മ്മല സീതാരാമനും അടക്കമുള്ള ബിജെപി എംപിമാര്‍ ലോക്‌സഭയേയും രാജ്യസഭയേയും പ്രക്ഷുബ്ധമാക്കിയിരുന്നു. എന്നാല്‍ ഉന്നാവോ കേസില്‍ ബിജെപി നിശബ്ദത പാലിച്ചു.

2002ല്‍ ബി എസ് പി ടിക്കറ്റില്‍ നിയമസഭയിലേയ്ക്ക് വിജയിച്ച കുല്‍ദീപ് സിംഗ് സെന്‍ഗര്‍ 2007ലും 2012ലും സമാജ്‌വാദി പാര്‍ട്ടി എംഎല്‍എയായി. 2017ല്‍ നാലാം ജയം ബിജെപി ടിക്കറ്റില്‍. മൂന്ന് മണ്ഡലങ്ങളില്‍ നിന്ന് നിയമസഭയിലെത്തി. 2002ല്‍ ഉന്നാവോ സദര്‍ സീറ്റില്‍. 2007ല്‍ ബംഗാര്‍മാവു. 2012ല്‍ ഭഗ്വന്ത് നഗര്‍. 2017ല്‍ വീണ്ടും ബംഗാര്‍മാവു.

2017ല്‍ ഭഗ്വന്ത്‌നഗറില്‍ ഹൃദയ് നാരായണ്‍ ദീക്ഷിത് ജയിച്ചത് കുല്‍ദീപ് സിംഗ് സെന്‍ഗറിന്റെ പിന്തുണ കൊണ്ടാണ് എന്നാണ് പൊതുവായ വിലയിരുത്തല്‍. ബ്രാഹ്മണരുടെ ആധിപത്യം ശക്തമായ ഉന്നാവോ മേഖലയിലാണ് ഠാക്കൂര്‍ ആയ കുല്‍ദീപ് സിംഗ് മത്സരിച്ച് ജയിച്ചത്. യുപിയിലെ ജാതിസമവാക്യങ്ങളെ വെല്ലുവിളിച്ച കുല്‍ദീപ് സിംഗ് സെന്‍ഗര്‍ ബിജെപിയെ സംബന്ധിച്ച് ആവശ്യമായിരുന്നു.