X

ജമ്മു കശ്മീരിൽ 10% സാമ്പത്തിക സംവരണം: ഭേദഗതി ബില്ലിന് കാബിനറ്റ് അംഗീകാരം

കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറാണ് ബില്ലിന് കാബിനറ്റ് അനുമതി നല്‍കിയ കാര്യം വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചത്‌.

ജമ്മു ആൻഡ് കശ്മീർ റിസർവ്വേഷന്‍ രണ്ടാം ഭേദഗതി ബില്ലിന് കാബിനറ്റ് അംഗീകാരം ലഭിച്ചു. സാമ്പത്തികമായി താഴ്ന്ന നിലയിലുള്ളവർക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർക്കാർ ജോലികളിലും 10% സംവരണം ഉറപ്പാക്കുന്നതാണ് ഈ ബിൽ.

കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറാണ് ബില്ലിന് കാബിനറ്റ് അനുമതി നല്‍കിയ കാര്യം വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചത്‌.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് മുമ്പോട്ടുള്ള പാത ഒരുക്കിക്കൊടുക്കുന്നതാണ് ഈ ബില്ലെന്ന് പ്രകാശ് ജാവദേക്കർ പറഞ്ഞു. ചിറ്റ് ഫണ്ട് ഭേദഗതി ബില്ലിനും മന്ത്രിസഭ അംഗീകാരം നൽകി. ചിറ്റ് ഫണ്ട് തട്ടിപ്പുകൾ തടയാനാണ് പുതിയ നിയമഭേദഗതി. സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം 30ൽ നിന്ന് 33 ആയി കൂട്ടാനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. കേസുകളുടെ ആധിക്യമുള്ളതിന്റെ സാഹചര്യത്തിലാണ് തീരുമാനം.

ഒന്നാം മോദി സർക്കാരിന്റെ കാലത്ത് പത്ത് ശതമാനം സാമ്പത്തിക സംവരണത്തിനായി ഭരണഘടനാഭേദഗതി കൊണ്ടു വന്നിരുന്നു. സംവരണം അമ്പത് ശതമാനത്തിൽ കവിയരുതെന്ന ഭരണഘടനാ നിർദ്ദേശത്തെ മറികടക്കാനായിരുന്നു ഇത്. വാർഷ്ക വരുമാനം 8 ലക്ഷത്തിൽ താഴെയുള്ളവരെല്ലാം സാമ്പത്തികമായി താഴെയുള്ളവരാണെന്ന നിർവ്വചനവും ബിൽ കൊടുക്കുകയുണ്ടായി.

മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെയാണ് പാർലമെന്റിന്റെ ഇരുസഭകളും ഭേദഗതി ബിൽ പാസ്സാക്കിയത്.

This post was last modified on July 31, 2019 4:52 pm