X

കശ്മീരില്‍ സൈനിക സാന്നിധ്യം വര്‍ദ്ധിപ്പിക്കുന്നു, 10,000 പേരെ കൂടുതലായി വിന്യസിക്കും

കശ്മീര്‍ തെരഞ്ഞെടുപ്പ് നീളുമെന്ന് സൂചന.

കശ്മീരിലെ സൈനിക സാന്നിധ്യം വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി 10,000 സൈനികരെ താഴ്വരയിലേക്ക് അയക്കാനാണ് തീരുമാനം. ആഭ്യന്തര വകുപ്പ് ഇത് സംബന്ധിച്ച് ഉത്തരവായി. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍ കശ്മീര്‍ സന്ദര്‍ശിച്ചതിന് ശേഷമാണ് സൈനികരുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചു. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്ന് വ്യോമ മാര്‍ഗം സംസ്ഥാനത്തെത്തിക്കാന്‍ തുടങ്ങി. ഗവര്‍ണര്‍ ഭരണത്തിലുള്ള കശ്മീരിലെ ക്രമസമാധാന നിലയെക്കുറിച്ച് അജിത്ത് ഡോവല്‍ ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയിരുന്നു.

വടക്കന്‍ കശ്മീരില്‍ സൈനികരുടെ എണ്ണം കുറവാണെന്നും അതുകൊണ്ട് 100 കമ്പനി സൈനികരെ അങ്ങോട്ട് വിന്യസിച്ചിരിക്കയാണെന്നും സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. കൂടുതല്‍ സൈനികരെ വിന്യസിച്ചിതിന് പിന്നില്‍ മറ്റ് ഉദ്ദേശങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു.

100 സൈനികരാണ് ഒരു കമ്പനിയിലുണ്ടാവുക. അമര്‍നാഥ് യാത്രയ്ക്ക് വേണ്ടി 40,000 സുരക്ഷ സൈനികരെ ഈയിടെ വിന്യസിച്ചിരുന്നു. കശ്മീരിലെ വിഘടനവാദികളുമായി യാതൊരു തരത്തിലുമുള്ള ചര്‍ച്ചയ്ക്കും തയ്യാറല്ലെന്ന് നേരത്തെ ആഭ്യന്തര മന്ത്രി വ്യക്തമാക്കിയിരുന്നു.
ജനാധിപത്യത്തിന്റെയും മനുഷ്യത്വത്തിന്റെയും കശ്മീരി സംസ്‌ക്കാരത്തിന്റെയും അടിസ്ഥാനത്തിലാണ് സംസ്ഥാനത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നുമാണ് അമിത് ഷാ നേരത്തെ വ്യക്തമാക്കിയത്.

This post was last modified on July 27, 2019 10:09 pm