അഭിനന്ദൻ വർധമാൻ വെറും രണ്ടുദിവസം കൊണ്ട് തിരിച്ചെത്തിയ കാര്യം എല്ലാവർക്കും അറിവുള്ളതാണെന്നും അതെക്കുറിച്ച് കൂടുതലൊന്നും പറയാൻ താനാഗ്രഹിക്കുന്നില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. തമിഴ്നാട്ടുകാരൻ എന്തു പ്രശ്നം നേരിട്ടാലും സഹായിക്കാൻ തന്റെ സർക്കാർ മുന്നിലുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. ചെന്നൈയിൽ കാഞ്ചിപുരം ജില്ലയിലെ കിലമ്പാക്കത്ത് എൻഡിഎ തെരഞ്ഞെടുപ്പു പ്രചാരണങ്ങൾക്ക് തുടക്കമിട്ടുള്ള റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷന് എംജിആറിന്റെ പേരിടുമെന്ന് മോദി പ്രഖ്യാപിച്ചു. എഐഎഡിഎംകെയുമായി തെരഞ്ഞെടുപ്പ് സഖ്യത്തിലേർപ്പെട്ടതിനു ശേഷമുള്ള വലിയ പ്രഖ്യാപനമാണിത്. ഈ പേരുമാറ്റം തെരഞ്ഞെടുപ്പിനു മുമ്പ് നടക്കുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല. തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി, ഉപമുഖ്യമന്ത്രി ഒ പന്നീർസെൽവം എന്നിവർ വേദിയിലിരിക്കെയാണ് ഈ പ്രഖ്യാപനം മോദി നടത്തിയത്. ബിജെപി സംസ്ഥാന അധ്യക്ഷ തമിളിസൈ സൗന്ദർരാജൻ, കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ എന്നിവരും വേദിയിലുണ്ടായിരുന്നു.
എഐഎഡിഎംകെ സ്ഥാപകനായ എംജിആറിനെ പുകഴ്ത്തി മോദി ഏറെനേരം സംസാരിച്ചു. എംജിആർ, ജയലളിത വികാരം തെരഞ്ഞെടുപ്പ് റാലികളിൽ സജീവമാക്കി നിർത്തി നേട്ടമുണ്ടാക്കാമെന്ന് എൻഡിഎ കരുതുന്നുണ്ട്.
തമിഴ്നാട്ടിലേക്കുള്ള വിമാനങ്ങളിൽ തമിഴില്‍ അനൗൺസ്മെന്റ് വരുമെന്ന് മോദി പ്രഖ്യാപിച്ചു. തമിഴ് വൈകാരികതയെ മുതലെടുക്കാനുള്ള ശ്രമം തമിഴ്നാട്ടിൽ തെരഞ്ഞെടുപ്പു വേദികളിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കുറച്ചുനാളായി നടത്തിവരുന്നുണ്ട്. സംസ്ഥാനത്ത് ഹിന്ദി അടിച്ചേൽപ്പിക്കാൻ ബിജെപി സർക്കാർ ശ്രമിച്ചുവെന്ന ആരോപണം നിലനില്‍ക്കെയാണ് മോദിയുടെ ഈ ശ്രമങ്ങളെന്നത് ശ്രദ്ധേയമാണ്.
കഴിഞ്ഞ 40 ദിവസത്തിനിടെ മോദി നാലാമത്തെ തവണയാണ് തമിഴ്നാട് സന്ദർശിക്കുന്നത്. 5010 കോടി രൂപയുടെ പദ്ധതികളാണ് ഇത്തവണ മോദി പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ മാസത്തിലാണ് എഐഎഡിഎംകെ-ബിജെപി സഖ്യം നിലവിൽ വന്നത്. അഞ്ച് സീറ്റുകളിൽ ബിജെപി മത്സരിക്കുമെന്നാണ് ധാരണ. ഇവിടങ്ങളിൽ എഐഎഡിഎംകെ സഹായമുണ്ടാകും. ആകെ 40 സീറ്റുകളാണ് തമിഴ്നാട്ടിലും പുതുച്ചേരിയിലുമായി ഉള്ളത്.
This post was last modified on March 7, 2019 7:42 am
Leave a Comment