X

നേന്ത്രക്കായയുടെ പേറ്റന്റും കുത്തകകള്‍ കൊണ്ടുപോകുമോ? കേന്ദ്രം പ്രഖ്യാപിച്ച കര്‍ഷകക്ഷേമ പദ്ധതികള്‍ എവിടെപ്പോയി? -പിണറായി

"ഏതെങ്കിലും കൂട്ടര് വന്ന് നേന്ത്രക്കായ കാണിച്ച് ഇതിനി കൃഷിചെയ്യരുത്, ഇതിന്റെ പേറ്റന്റ് ഞങ്ങളുടേതാണ് എന്നുപറയുമോ എന്നറിയില്ല."

നേന്ത്രക്കായയുടെ പേറ്റന്റും ബഹുരാഷ്ട്ര കുത്തകകള്‍ കൊണ്ടുപോകുമോയെന്ന് ആശങ്ക പ്രകടിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള കര്‍ഷക സംഘം തൃശ്ശൂരില്‍ സംഘടിപ്പിച്ച യുവ കര്‍ഷക സംഗമത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ലെയ്‌സ് എന്ന ചിപ്‌സില്‍ ഉപയോഗിക്കുന്ന പ്രത്യേക ഇനം ഉരുളക്കിഴങ്ങുകള്‍ കൃഷി ചെയ്ത ഒമ്പത് കര്‍ഷകരില്‍ നിന്നും നഷ്ടപരിഹാരം ആവശ്യപ്പെട്ട് പെപ്‌സികോ കേസിനു പോയ സംഭവത്തെ സൂചിപ്പിച്ചായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന.

“ഏതെങ്കിലും കൂട്ടര് വന്ന് നേന്ത്രക്കായ കാണിച്ച് ഇതിനി കൃഷിചെയ്യരുത്, ഇതിന്റെ പേറ്റന്റ് ഞങ്ങളുടേതാണ് എന്നുപറയുമോ എന്നറിയില്ല. കാലമിപ്പോൾ അങ്ങനെയാണ്. ഈ പഴം ഞങ്ങളുടേതാണെന്നുപറഞ്ഞ് ആരെങ്കിലും രംഗത്തുവരുമോയെന്ന് ശങ്കിക്കേണ്ടിയിരിക്കുന്നു” -മുഖ്യമന്ത്രി പറഞ്ഞതായി മാതൃഭൂമി പോര്‍ട്ടല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

തങ്ങള്‍ കൃഷി ചെയ്തു കൊണ്ടിരിക്കുന്ന വിളകളുടെ ഉടമസ്ഥാവകാശത്തിന് കേസിനു പോകേണ്ട അവസ്ഥയാണ് രാജ്യത്തെ കര്‍ഷകര്‍ക്കെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കര്‍,കരുടെ ജീവിതം പ്രതിസന്ധിയിലാക്കുന്ന നയങ്ങളാണ് കേന്ദ്രം നടപ്പാക്കുന്നത്. കര്‍ഷകരെ സഹായിക്കുമെന്നു പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച കിസാന്‍ സമ്മാന്‍ നിധി പോലുള്ള പദ്ധതികള്‍ എവിടെപ്പോയെന്ന് മാധ്യമങ്ങള്‍ അന്വേഷിക്കാത്തതെന്തെന്ന് പിണറായി ചോദിച്ചു. വസ്തുതകള്‍ പുറത്തു കൊണ്ടുവരേണ്ട മാധ്യമങ്ങള്‍ ബിജെപി അനുകൂല ജിഹ്വകളായി മാറിയതായി അദ്ദേഹം ആരോപിച്ചു.

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ കര്‍ഷകര്‍ വലിയ ദുരിതമാണ് നേരിടുന്നതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പശുക്കളെ പാലെടുക്കാന്‍ കഴിയാത്ത അവസ്ഥയിലും പോറ്റുകയാണ് കര്‍ഷകര്‍. പശുവിന്റെ പേരില്‍ കര്‍ഷകരെ കൊല ചെയ്യുകയാണ് ബിജെപി സംസ്ഥാനങ്ങളില്‍ നടക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ 1991 മുതല്‍ നടപ്പാക്കിത്തുടങ്ങിയ നവ ഉദാരീകരണ നയങ്ങള്‍ക്കു ശേഷമാണ് ഈ സ്ഥിതിവിശേഷം ഉണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു.