X

പ്രധാനമന്ത്രി പേര് മാറ്റി ; ഇനി ‘ചൗക്കിദാർ നരേന്ദ്ര മോദി’

ട്വിറ്ററിൽ മാത്രമാണ് മോദി കാവൽക്കാരനായിട്ടുള്ളത്. ഫേസ്ബുക്ക് അക്കൗണ്ടിൽ പേരിൽ മാറ്റം വരുത്തിയിട്ടില്ല.

പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിലെ തന്റെ പ്രൊഫൈൽ പേര് മാറ്റി. ‘ചൗക്കിദാർ നരേന്ദ്ര മോദി’ എന്നാണ് ഇപ്പോഴത്തെ പേര്. കാവൽക്കാരൻ എന്നർത്ഥം വരുന്ന പേരാണ് ചൗക്കിദാർ എന്ന ഹിന്ദി വാക്ക് പേരിനു മുന്നിൽ ചേർത്തിരുക്കുന്നത്. ‘ചൗക്കിദാർ കള്ളനാണ്’ എന്ന കോൺഗ്രസ്സ് പ്രസിഡണ്ട് രാഹുൽ ഗാന്ധിയുടെ പ്രസ്താവന ഏറ്റെടുക്കപ്പെട്ടതോടെയാണ് ഇതിന് എതിർ പ്രചാരണവുമായി മോദിയും കൂട്ടരും ഇറങ്ങിയിരിക്കുന്നത്.

മോദി മാത്രമല്ല ഇങ്ങനെ പേര് മാറ്റിയിട്ടുള്ളത്. ബിജെപി ദേശീയാധ്യക്ഷൻ അമിത് ഷായുടെ പേര് ഇപ്പോൾ ‘ചൗക്കിദാർ അമിത് ഷാ’ എന്നാണ്. ഇതിനെ പിന്തുടർന്ന് കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ, ജെപി നദ്ദ, ഹർഷ് വർധൻ, ധര്‍മേന്ദ്ര പ്രധാൻ എന്നീ കേന്ദ്ര മന്ത്രിമാരും പേരിൽ മാറ്റം വരുത്തിയിട്ടുണ്ട്.

ഇക്കഴിഞ്ഞ ദിവസമാണ് മോദിയുടെ പ്രചാരണ സംഘം #MainBhiChowkidar എന്ന ഹാഷ്ടാഗ് പ്രചരിപ്പിക്കാൻ തുടങ്ങിയത്. ഇത് ആഗോള ട്രെൻഡാക്കി മാറ്റുകയും ചെയ്തു ഇവർ. ഇപ്പോൾ ബിജെപി അനുയായികൾ പലരും ചൗക്കിദാർ എന്ന് പേര് മാറ്റുന്നുണ്ട്.

അതെസമയം ട്വിറ്ററിൽ മാത്രമാണ് മോദി കാവൽക്കാരനായിട്ടുള്ളത്. ഫേസ്ബുക്ക് അക്കൗണ്ടിൽ പേരിൽ മാറ്റം വരുത്തിയിട്ടില്ല.

പ്രചാരണത്തിന്റെ ഭാഗമായി ഒരു പാട്ടും വീഡിയോയും പുറത്തിറക്കിയിട്ടുണ്ട് മോദി. രാജ്യത്തിനു വേണ്ടി ജോലിയെടുക്കുന്ന എല്ലാവരും ചൗക്കീദാർമാരാണ് എന്ന സന്ദേശമാണ് ഈ വീഡിയോ നൽകുന്നത്.

This post was last modified on March 17, 2019 12:33 pm