X

ഹിന്ദുത്വ ധ്രുവീകരണ പ്രചാരണത്തിന് ആവശ്യപ്പെട്ടത് 1000 കോടി; കോബ്ര ഓപ്പറേഷനിൽ കുടുങ്ങി ടൈംസ് ഓഫ് ഇന്ത്യ അടക്കമുള്ള വമ്പന്മാർ

ടൈംസ് ഓഫ് ഇന്ത്യ, ഇന്ത്യാ ടുഡേ, ഹിന്ദുസ്ഥാൻ ടൈംസ്, സീ ന്യൂസ്, നെറ്റ്‌വർക്ക് 18 തുടങ്ങിയ നിരവധി സ്ഥാപനങ്ങളാണ് സ്റ്റിങ് ഓപ്പറേഷനിൽ കുടുങ്ങിയിരിക്കുന്നത്.

ഇന്ത്യൻ മാധ്യമസ്ഥാപനങ്ങളിൽ കോബ്ര പോസ്റ്റ് നടത്തിയ ഒളി കാമറ ഓപ്പറേഷനുകളുടെ വീഡിയോകളും വിവരങ്ങളും പുറത്തായി. മാര്‍ച്ച് മാസത്തിൽ ആദ്യഘട്ടത്തിൽ പുറത്തു വിട്ട വീഡിയോകൾക്കു പിന്നാലെയാണ് രണ്ട് ഡസനോളം വരുന്ന പുതിയ വീഡിയോകൾ വരുന്നത്. മുഖ്യധാരയിലുള്ളതും അല്ലാത്തതുമായ നിരവധി മാധ്യമസ്ഥാപനങ്ങളുടെ മേധാവികളാണ് ഈ ഒളികാമറ ഓപ്പറേഷനിൽ കുടുങ്ങുന്നത്.

ടൈംസ് ഓഫ് ഇന്ത്യ, ഇന്ത്യാ ടുഡേ, ഹിന്ദുസ്ഥാൻ ടൈംസ്, സീ ന്യൂസ്, നെറ്റ്‌വർക്ക് 18, സ്റ്റാർ ഇന്ത്യ, എബി‍പി‌ ന്യൂസ്, ദൈനിക് ജൈഗരൺ, റേഡിയോ വൺ, റെഡ് എഫ്എം, ലോക്മാത്, എബിഎൻ ആന്ധ്ര ജ്യോതി, ടിവി5, ദിനമലർ, ബിഗ് എഫ്എം, കെ ന്യൂസ്, ഇന്ത്യ വോയ്സ്, ന്യൂ ഇന്ത്യൻ എക്സ്പ്രസ്സ്, എംവിടിവി, ഓപ്പൺ മാഗസിൻ എന്നിവരുൾപ്പെട്ട വീഡിയോകളാണ് ഇപ്പോൾ കോബ്ര പോസ്റ്റ് പുറത്തു വിട്ടു കൊണ്ടിരിക്കുന്നത്.

ദൈനിക് ഭാസ്കർ കൂടി ഈ പട്ടികയിൽ ഉൾപ്പെടേണ്ടതായിരുന്നുവെങ്കിലും ദില്ലി ഹൈക്കോടതിയുടെ ഇൻജങ്ഷർ ഓർഡർ വാങ്ങി അതിനെ തടയുകയായിരുന്നു.

രാജ്യത്ത് ഹിന്ദുത്വ ക്രോഡീകരണം നടത്തി വോട്ടുകൾ ധ്രുവീകരിക്കാൻ സഹായിക്കണമെന്നാണ് ഈ മാധ്യമങ്ങളോട് ഓപ്പറേഷൻ നടത്തിയ പുഷ്പ് ശർമ എന്ന മാധ്യമപ്രവര്‍ത്തകൻ ആവശ്യപ്പെട്ടത്. ഇതിനായി 6 കോടി മുതൽ 500 കോടി വരെ നൽകാൻ തയ്യാറാണെന്നും ഇദ്ദേഹം മാധ്യമങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥരോട് പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യയുടെ വിനീത് ജയിൻ അടക്കമുള്ളവർ ഈ ക്രിമിനൽ പ്രവർത്തനത്തിൽ പങ്കാളിയാകുന്ന വീഡിയോകളാണ് പുറത്തെത്തിയിരിക്കുന്നത്.

മാധ്യമസ്ഥാപനങ്ങളിലെ ഏറ്റവും സീനിയറായ ഉദ്യോഗസ്ഥരെയും ഉടമകളെയുമെല്ലാമാണ് തങ്ങളുടെ മാധ്യമപ്രവർത്തകനായ പുഷ്പ് ശർമ സമീപിച്ച് ഒളികാമറ ഓപ്പറേഷൻ നടത്തിയതെന്ന് കോബ്ര പോസ്റ്റ് വ്യക്തമാക്കി.

അതെസമയം, ദൈനിക് ഭാസ്കർ ഗ്രൂപ്പ്, പണത്തിനു പകരം ഹിന്ദുത്വ ധ്രുവീകരണമുണ്ടാക്കുന്ന വാർത്തകൾ പ്രസിദ്ധീകരിക്കാമെന്ന് സംഘപരിവാർ പ്രവർത്തകനെന്ന വ്യാജേന തങ്ങളെ സമീപിച്ച കോബ്ര പോസ്റ്റിന്റെ മാധ്യമപ്രവർത്തകനോട് സമ്മതിക്കുന്നതിന്റെ വീഡിയോകൾ പുറത്തു വിടുന്നത് താൽക്കാലികമായി മാറ്റി വെച്ചിട്ടുണ്ട്.

ഇതുമായി ബന്ധപ്പെട്ട് ദൈനിക് ഭാസ്കർ ദില്ലി ഹൈക്കോടതിയിൽ പോകുകയും ഇൻജങ്ഷൻ ഓർഡർ വാങ്ങുകയും ചെയ്തിരുന്നു. കോടതിയിൽ ഇൻജങ്ഷൻ ഓർഡറിനെതിരെ ഹരജി നൽകുമെന്നും ഇന്ന് മൂന്നു മണിക്കു മുമ്പ് അനുകൂല വിധിയുണ്ടാകുകയാണെങ്കിൽ വീഡിയോകൾ പുറത്തു വിടുമെന്നും കോബ്ര പോസ്റ്റ് പ്രഖ്യാപിച്ചിരുന്നു.

ഇതിനു പിന്നാലെയാണ് ദൈനിക് ഭാസ്കറിനെ മാത്രം ഒഴിവാക്കിയുള്ള വീഡിയോകൾ പുറത്തു വിട്ടിരിക്കുന്നത്.

കച്ചവടമുറപ്പിച്ചത് 500 കോടിക്ക്; ടൈംസ് ഓഫ് ഇന്ത്യ കുടുങ്ങിയത് ഇങ്ങനെ

This post was last modified on May 26, 2018 8:23 am