X

കോൺഗ്രസ്സിൽ പച്ചക്കൊടി; ‘മുസ്ലിം ലീഗ് വൈറസ്’ ബാധിച്ചെന്ന് യോഗി ആദിത്യനാഥ്; എൻഡിഎയിലും പച്ചക്കൊടിയുണ്ടെന്ന് പികെ കുഞ്ഞാലിക്കുട്ടി

യോഗിക്ക് അറിവില്ലായ്മയാണെന്ന് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.

കോൺഗ്രസ്സിനെ മുസ്ലിം ലീഗ് വൈറസ് ബാധിച്ചിരിക്കുന്നുവെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ചൗക്കിദാർ യോഗി ആദിത്യനാഥ് എന്ന ട്വിറ്റർ ഹാൻഡിലിലൂടെയാണ് മുസ്ലിം ലീഗിനെ വർഗീയ കക്ഷിയാക്കി ചിത്രീകരിക്കുന്ന ട്വീറ്റ് വന്നിരിക്കുന്നത്. 1897ൽ മംഗൽ പാണ്ഡെക്കൊപ്പം ബ്രിട്ടീഷുകാരോട് എതിരിടാൻ രാജ്യം മുഴുവൻ നില കൊണ്ടിരുന്നുവെന്നും പിന്നീടാണ് മുസ്ലിം ലാഗ് എന്ന ‘വൈറസ്’ വന്നതെന്നും യോഗി ട്വീറ്റിൽ പറഞ്ഞു.

ഇന്ന് രാജ്യം മുഴുവൻ വിഭജിക്കപ്പെട്ട അവസ്ഥയിലായതിനു കാരണം മുസ്ലിം ലീഗാണെന്ന് യോഗി ആരോപിച്ചു. പച്ചക്കൊടി വീണ്ടും വീശിത്തുടങ്ങുന്നുണ്ടെന്നും കോൺഗ്രസ്സിനെ മുസ്ലിം ലീഗ് വൈറസ് ബാധിച്ചിരിക്കുകയാണെന്നും ജാഗ്രത പാലിക്കണമെന്നും യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടു.

മുസ്ലിം ലീഗ് എന്ന വൈറസ് ബാധിച്ച കോൺഗ്രസ്സ് വീണ്ടും ജയിച്ചു വന്നാൽ എന്താണ് സംഭവിക്കുകയെന്ന് ആലോചിക്കണമെന്ന് യോഗി ആദിത്യനാഥ് മറ്റൊരു ട്വീറ്റിൽ പറഞ്ഞു.

അതെസമയം എൻഡിഎയിലും പച്ചക്കൊടിയുണ്ടെന്ന് ചൂണ്ടിക്കാട്ടി യോഗിയുടെ പ്രസ്താവനയോട് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. യോഗിക്ക് അറിവില്ലായ്മയാണെന്നും അദ്ദേഹം പറഞ്ഞു.

വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിക്കുമെന്ന പ്രഖ്യാപനം വന്നതിനു ശേഷം പ്രചരിച്ച വീഡിയോകളിലും ചിത്രങ്ങളിലുമുള്ള മുസ്ലിം ലീഗ് കൊടികൾ പാകിസ്താൻ പതാകകളാണെന്ന തരത്തിൽ സന്ദേശങ്ങൾ പ്രചരിപ്പിക്കപ്പെടുന്നുണ്ട്. ഉത്തരേന്ത്യൻ നാടുകളിൽ നിന്നാണ് ഈ പ്രചാരണം ഏറെയും വരുന്നത്.

This post was last modified on April 5, 2019 2:33 pm