X

ജെഎന്‍യുവില്‍ എബിവിപിയുടെ അഴിഞ്ഞാട്ടം; വോട്ടെണ്ണല്‍ നിര്‍ത്തിവച്ചു

ഇന്നലെ രാത്രി വോട്ടെണ്ണല്‍ നടക്കുന്ന സ്കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ സ്റ്റഡീസ് കെട്ടിടത്തിലേക്ക് ഇരച്ചു കയറിയ എബിവിപി പ്രവര്‍ത്തകര്‍ ബാലറ്റ് പെട്ടികള്‍ പിടിച്ചെടുക്കാന്‍ ശ്രമിച്ചു

ഇന്നലെ വോട്ടെടുപ്പ് സമാപിച്ച ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്സിറ്റിയില്‍ വോട്ടെണ്ണലിനിടെ എബിവിപി അക്രമം. ഇതിനെ തുടര്‍ന്ന് വോട്ടെണ്ണല്‍ നിര്‍ത്തി വച്ചിരിക്കുകയാണ്. വ്യാപകമായ അക്രമം നടത്തുകയും ഇലക്ഷന്‍ കമ്മിറ്റി അംഗങ്ങളെ ആക്രമിക്കുകയും ചെയ്ത എബിവിപി പ്രവര്‍ത്തകര്‍ മാപ്പ് പറയാതെ വോട്ടെണ്ണല്‍ തുടരേണ്ടതില്ലെന്നാണ് തീരുമാനം.

ഇന്നലെ രാത്രി വോട്ടെണ്ണല്‍ നടക്കുന്ന സ്കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ സ്റ്റഡീസ് കെട്ടിടത്തിലേക്ക് ഇരച്ചു കയറിയ എബിവിപി പ്രവര്‍ത്തകര്‍ ബാലറ്റ് പെട്ടികള്‍ പിടിച്ചെടുക്കാന്‍ ശ്രമിച്ചു. വാതിലിന്റെ ചില്ലുകള്‍ പൊളിക്കുകയും കെട്ടിടത്തിനു നേര്‍ക്ക് കല്ലേറു നടത്തുകയും സുരക്ഷ ഉദ്യോഗസ്ഥരെയും മാധ്യമ പ്രവര്‍ത്തകര്‍ അടക്കമുള്ളവരെയും ആക്രമിക്കുകയുമായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. സെന്‍ട്രല്‍ പാനലിലേക്കുള്ള വോട്ടെണ്ണല്‍ സമയത്ത് തങ്ങളുടെ ഏജന്റുമാരെ ഉള്‍പ്പെടുത്തിയില്ല എന്നാരോപിച്ചായിരുന്നു അക്രമം. എന്നാല്‍ വിവിധ സ്കൂളുകളിലേക്കുള്ള കൌണ്‍സിലര്‍ പോസ്റ്റുകളിലെ വോട്ടെണ്ണല്‍ സമാപിച്ചതിന് ശേഷം സെന്‍ട്രല്‍ പാനലിലേക്കുള്ള വോട്ട് എണ്ണുന്നതിന് ഏജന്റുമാരെ അയയ്ക്കാന്‍ ഇലക്ഷന്‍ കമ്മിറ്റി അംഗങ്ങള്‍ നിരവധി തവണ അനൌണ്‍സ്മെന്റ് നടത്തിയെങ്കിലും എബിവിപി ഇതിനു തയാറായില്ല എന്നാണ് ആരോപണം. ഒടുവില്‍ അനുവദിച്ച സമയം അവസാനിച്ചതിനെ തുടര്‍ന്ന് വോട്ടെണ്ണല്‍ ആരംഭിച്ചതോടെ എബിവിപി അംഗങ്ങള്‍ കെട്ടിടത്തിലേക്ക് അതിക്രമിച്ചു കയറുകയായിരുന്നു.

സയന്‍സ് സ്കൂളുകളിലെ കൌണ്‍സിലര്‍ പോസ്റ്റിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ഒരെണ്ണം ഒഴികെ ബാക്കിയുള്ളതെല്ലാം നഷ്ടപ്പെട്ടതോടെ പരാജയ ഭീതിയില്‍ എബിവിപി അക്രമം അഴിച്ചു വിടുകയായിരുന്നുവെന്ന് എസ്എഫ്ഐ ആരോപിച്ചു. ലെഫ്റ്റ് യൂണിറ്റി എന്ന പേരില്‍ ഐസ, എസ്എഫ്‌ഐ, ഡിഎസ്എഫ്, എഐഎസ്എഫ് എന്നീ വിദ്യാര്‍ത്ഥി സംഘടനകള്‍ ഒരുമിച്ചാണ് ഇത്തവണ മത്സരിച്ചത്. വോട്ടിംഗ് ശതമാനം കഴിഞ്ഞ വര്‍ഷത്തെ 58.01 ശതമാനത്തില്‍ നിന്ന് ഇത്തവണ വോട്ടിംഗ് ശതമാനം 67.8 ശതമാനമായി ഉയര്‍ന്നിരുന്നു.

പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ഐസയില്‍ നിന്ന് എന്‍ സായ് ബാലാജി, വൈസ് പ്രസിഡന്റ് ആയി ഡിഎസ്എഫിലെ ശാരിക ചൗധരി, ജനറല്‍ സെക്രട്ടറി സ്ഥാനത്തേയ്ക്ക് എസ്എഫ്‌ഐയിലെ ഐജാസ് അഹമ്മദ് റാത്തര്‍, ജോയിന്റ് സെക്രട്ടറി സ്ഥാനത്തേയ്ക്ക് എഐഎസ്എഫിലെ അമുദ ജയദീപ് എന്നിവരാണ് ലെഫ്റ്റ് യൂണിറ്റി സ്ഥാനാര്‍ഥികളായി മത്സരിക്കുന്നത്. അമുദ മലയാളിയാണ്.

Also Read: മോഹന്‍ലാലിന് ഒരു ജെ എന്‍ യുക്കാരന്റെ തുറന്ന കത്ത്

ഇടതിനും വലതിനും അപ്പുറം ദലിതര്‍ക്ക് വേണ്ടി ശരിയായ പാത തിരഞ്ഞെടുക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ടാണ് ദലിത് – ആദിവാസി വിദ്യാര്‍ത്ഥി സംഘടന എന്ന് അവകാശപ്പെടുന്ന ബാപ്‌സ (ബിര്‍സ അംബേദ്കര്‍ ഫൂലെ സ്റ്റുഡന്റ് അസോസിയേഷന്‍) ഇത്തവണ മത്സരിച്ചത്. കാമ്പസിലെ അടിച്ചമര്‍ത്തപ്പെടുന്ന ശബ്ദങ്ങളെ പ്രതിനിധീകരിക്കുന്നത് തങ്ങളാണ് എന്ന് ബാപ്‌സ അവകാശപ്പെടുന്നു. തല്ലപ്പെള്ളി പ്രവീണ്‍ ആണ് ബാപ്‌സയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി.

ആര്‍ജെഡിയുടെ വിദ്യാര്‍ത്ഥി സംഘടനയായ ഛാത്ര ആര്‍ജെഡി ഇത്തവണ ആദ്യമായി ജെഎന്‍യു തിരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നു. ജയന്ത് കുമാര്‍ ആണ് സിആര്‍ജെഡി സ്ഥാനാര്‍ത്ഥിയായി പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിച്ചത്. എന്‍ എസ് യു ഐയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി വികാസ് യാദവ് ആണ്.

Also Read: വയനാട്ടിലെ തോട്ടം തൊഴിലാളിയുടെ മകന്‍; ജെഎന്‍യു വഴി ഇപ്പോള്‍ ഓക്സ്‌ഫോര്‍ഡില്‍; വി.ആര്‍ നജീബ്/അഭിമുഖം

2016ല്‍ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റായിരുന്ന കനയ്യ കുമാര്‍, വിദ്യാര്‍ഥി നേതാക്കളായ ഉമര്‍ ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ എന്നിവരെ രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുകയും തുടരെയുണ്ടായ വിദ്യാര്‍ഥി വേട്ടയുടെയും പശ്ചാത്തലത്തില്‍ വൈസ് ചാന്‍സലര്‍ ജഗദീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള അഡ്മിനിസ്‌ട്രേഷനുമായും നിരന്തര സംഘര്‍ഷത്തിലാണ് ഇടതുപക്ഷ സംഘടനകള്‍ നിയന്ത്രിക്കുന്ന വിദ്യാര്‍ത്ഥി യൂണിയന്‍. 2017 ഒക്ടോബറില്‍ എബിവിപി പ്രവര്‍ത്തകരുമായുള്ള സംഘര്‍ഷത്തിന് പിന്നാലെ കാണാതായ നജീബ് എന്ന വിദ്യാര്‍ത്ഥിയുടെ തിരോധാനമടക്കം സംഘര്‍ഷഭരിതവും കലുഷിതവുമായി തുടരുകയാണ് ജെഎന്‍യു കാമ്പസ്. സര്‍വകലാശാലയിലെ പ്രവേശന ചട്ടങ്ങളുടെ പരിഷ്‌കാരം, പ്രവേശനത്തിലെ സംവരണ തത്വങ്ങള്‍ അട്ടിമറിക്കല്‍, വിദ്യാര്‍ത്ഥികള്‍ക്കെതിരായ ഏകപക്ഷീയമായ അച്ചടക്ക നടപടികള്‍, ഉന്നത വിദ്യാഭ്യാസ ഫണ്ട് വെട്ടിക്കുറക്കുന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനം, യുജിസിയെ ഇല്ലാതാക്കാനുള്ള ശ്രമം തുടങ്ങിയവയ്‌ക്കെതിരെയെല്ലാം ശക്തമായ പ്രതിഷേധമാണ് ഇടത് വിദ്യാര്‍ത്ഥി യൂണിയനും എബിവിപി ഇതര വിദ്യാര്‍ത്ഥി സംഘടനകളും ഉയര്‍ത്തുന്നത്.

വിദ്യാര്‍ഥികള്‍ തമ്മില്‍ ആശയപരമായ പോരാട്ടം നടക്കാറുണ്ടെങ്കിലും ജെഎന്‍യുവില്‍ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഇത്തരത്തില്‍ അക്രമങ്ങള്‍ നടക്കുന്നത് ആദ്യമായാണെന്ന് മുന്‍വിദ്യാര്‍ഥികള്‍ ചൂണ്ടിക്കാട്ടുന്നു. സംഘപരിവാര്‍ ആശയക്കാരായ അധ്യാപകര്‍ എബിവിപി സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് അഭ്യര്‍ഥിച്ചു കൊണ്ട് വിദ്യാര്‍ഥികളെ സമീപിച്ചതിന്റെ തെളിവുകള്‍ ഇടതു വിദ്യാര്‍ഥി സംഘടനകള്‍ കഴിഞ്ഞ ദിവസം പുറത്തു വിട്ടിരുന്നു.  തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ ജെഎന്‍യുവില്‍ സ്ത്രീകള്‍ ഇറക്കം കുറഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുന്നത് നിരോധിക്കുമെന്നും ക്യാമ്പസിലെ നോണ്‍-വെജിറ്റേറിയന്‍ ഭക്ഷണശാലകള്‍ പൂട്ടുമെന്നും പ്രഖ്യാപിച്ചുള്ള പോസ്റ്ററുകള്‍ എബിവിപിയുടെതായി പുറത്തു വന്നിരുന്നു. എന്നാല്‍ എബിവിപി പിന്നീട് ഇത് നിഷേധിച്ചു.

മോഹന്‍ലാലിന് ഒരു ജെ എന്‍ യുക്കാരന്റെ തുറന്ന കത്ത്

വയനാട്ടിലെ തോട്ടം തൊഴിലാളിയുടെ മകന്‍; ജെഎന്‍യു വഴി ഇപ്പോള്‍ ഓക്സ്‌ഫോര്‍ഡില്‍; വി.ആര്‍ നജീബ്/അഭിമുഖം

ഒരു സർവ്വകലാശാലയെ തകർക്കുന്ന വിധം

ജെഎന്‍യു സമരമുഖത്ത് നിന്ന് വിസിക്ക് ഒരു തുറന്ന കത്ത്

സംഘപരിവാര്‍ അപഹസിച്ചത് എന്റെ മലയാളിസ്വത്വത്തെ/പ്രായത്തെ; ജെഎന്‍യു മാര്‍ച്ചില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥി എഴുതുന്നു

This post was last modified on September 15, 2018 11:11 am