X

ജീവനുണ്ടെങ്കിലും ഇല്ലെങ്കിലും എല്ലാവരെയും പുറത്തെത്തിച്ചിരിക്കണം; ഓരോ നിമിഷവും സുപ്രധാനം: മേഘാലയ സർക്കാരിനോട് സുപ്രീംകോടതി

മേഘാലയയിലെ ഖനിയിൽ കുടുങ്ങിയ തൊഴിലാളികളെ പുറത്തെത്തിക്കാൻ സംസ്ഥാന സർക്കാർ‌ നടത്തിയ രക്ഷാപ്രവർത്തനങ്ങളിൽ തൃപ്തിയില്ലെന്ന് സുപ്രീംകോടതി. ഒരു പൊതുതാൽപര്യ ഹരജിയിൽ വാദം കേൾക്കവെയാണ് കോടതി ആശങ്ക പങ്കുവെച്ചത്. ഓരോ നിമിഷവും എണ്ണപ്പെടുന്നുണ്ടെന്നും ഖനിയിലകപ്പെട്ട എല്ലാവരെയും ജീവനുണ്ടെങ്കിലും ഇല്ലെങ്കിലും പുറത്തെത്തിച്ചിരിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.

എന്തെല്ലാം നടപടികളെടുത്തുവെന്ന് നാളെത്തന്നെ (വെള്ളിയാഴ്ച) ബോധിപ്പിക്കണമെന്നും സംസ്ഥാന സർക്കാരിനോട് സുപ്രീംകോടതി ഉത്തരവിട്ടു. അകപ്പെട്ടവരെല്ലാം ജീവനോടെ ഉണ്ടായിരിക്കണമേയെന്ന് തങ്ങൾ ദൈവത്തോട് പ്രാർത്ഥിക്കുന്നതായും ജഡ്ജി അർജുൻ കുമാര്‍ സിക്രി സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ചെത്തിയ സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് പറഞ്ഞു.

17 പേരോളം ഖനിയിൽ അകപ്പെട്ടിട്ടുണ്ടെന്നാണ് അനുമാനിക്കപ്പെടുന്നത്. ആകെ 22 പേർ ഇറങ്ങിയതിൽ അഞ്ചു പേർ രക്ഷപ്പെട്ടിരുന്നു. ഡിസംബർ 13ന് ഖനിയിൽ വെള്ളം കയറി തൊഴിലാളികൾ കുടുങ്ങിയിട്ടും സംസ്ഥാന സർക്കാർ വെള്ളം നീക്കാനുള്ള ശക്തിയേറിയ പമ്പുകൾ പോലും എത്തിച്ചിരുന്നില്ല. പിന്നീട് ദേശീയ-അന്തർദ്ദേശീയ മാധ്യമങ്ങളിൽ വാർത്തയായതിനു ശേഷമാണ് സർക്കാർ ഇടപെട്ടു തുടങ്ങിയത്.

370 അടി താഴ്ചയാണ് ഖനിക്കുള്ളത്. ഇതിൽ നിന്ന് പല കൈവഴികളായി അകത്തേക്ക് നീങ്ങുന്ന ഒരാൾക്കു മാത്രം നീങ്ങാവുന്ന മാളങ്ങളിലൂടെ ഉള്ളിലെത്തിയവരാണ് വെള്ളം കയറിയതോടെ പുറത്തെത്താനാകാതെ കുടുങ്ങിയത്. ഇവർക്ക് ശ്വാസം കിട്ടാൻ വഴിയൊന്നുമില്ല എന്ന് ഉറപ്പായ സാഹചര്യത്തിൽ ജീവനോടെ കിട്ടാനുള്ള സാധ്യത വളരെ കുറവാണ്.

Related Post
Leave a Comment