X

അലോക് വർമയ്ക്കെതിരായ അന്വേഷണം; കാര്യമായൊന്നും കണ്ടെത്താനായില്ലെന്ന് റിപ്പോർട്ട്

രാകേഷ് അസ്താനയും അലോക് വർമയും തമ്മിലുള്ള ഉൾപ്പോര് കടുത്തതിനെ തുടർന്നാണ് കേന്ദ്ര സർക്കാർ ഇരുവരെയും അവധിയിൽ പ്രവേശിപ്പിച്ചത്.

സിബിഐ ഡയറക്ടർ അലോക് വർമയ്ക്കെതിരായ അന്വേഷണത്തിൽ കാര്യമായൊന്നും കണ്ടെത്താനായില്ലെന്ന് റിപ്പോർട്ട്. മുൻ സുപ്രീംകോർട്ട് ജഡ്ജി എകെ പട്നായിക്കിന്റെ മേൽനോട്ടത്തിൽ നടന്ന അന്വേഷണത്തിൽ വർമ 2 കോടി രൂപ കൈക്കൂലി വാങ്ങിയെന്ന കേസിൽ അദ്ദേഹത്തെ കുറ്റം ചാർത്താൻ മതിയായതൊന്നും കിട്ടിയില്ലെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. ഒക്ടോബർ 23 മുതൽ നിർബന്ധിത അവധിയിൽ പ്രവേശിച്ചിപ്പിച്ചിരിക്കുകയാണ് അലോക് വർമയെ. ചീഫ് വിജിലൻസ് കമ്മീഷനാണ് വർമയ്ക്കെതിരായ അന്വേഷണം നടത്തിയത്.

സിബിഐ സ്പെഷ്യൽ ഡയറക്ടർ രാകേഷ് അസ്താനയും അലോക് വർമയും തമ്മിലുള്ള ഉൾപ്പോര് കടുത്തതിനെ തുടർന്നാണ് കേന്ദ്ര സർക്കാർ ഇരുവരെയും അവധിയിൽ പ്രവേശിപ്പിച്ചത്. ഇതിനെതിരെ അലോക് വർമ കോടതിയെ സമീപിക്കുകയായിരുന്നു. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗഗോയ് അധ്യക്ഷനായ ബഞ്ചാണ് ജഡ്ജിയുടെ മേൽ‍നോട്ടത്തിലുള്ള അന്വേഷണത്തിന് ഉത്തരവിട്ടത്.

ലാലുപ്രസാദ് യാദവ് ഐആർസിടിസി ഹോട്ടലുകൾ ലീസിനു കൊടുത്തതുമായി ബന്ധപ്പെട്ട കേസിൽ സിബിഐ റെയ്ഡ് തടയാൻ അലോക് വര്‍മ ശ്രമിച്ചെന്നാണ് രാകേഷ് അസ്താനയുടെ പരാതികളിലൊന്ന്. മറ്റൊന്ന്, ഐഎഎൻഎക്സ് മീഡിയ അഴിമതി അട്ടിമറിക്കാനും അലോക് വര്‍മ ശ്രമിച്ചെന്ന പരാതിയും ഉന്നയിക്കപ്പെട്ടു. ഹൈദരാബാദ് ബിസിനസ്സുകാരൻ സതീഷ് ബാബു സനയിൽ നിന്നും 2 കോടി രൂപ കോഴ അലോക് കൈപ്പറ്റിയെന്നായിരുന്നു മറ്റൊരാരോപണം. 12ലധികം ആരോപണങ്ങളാണ് അസ്താന, വര്‍മയ്ക്കും കൂട്ടര്‍ക്കുമെതിരെ ഉന്നയിച്ചിരിക്കുന്നത്. മാംസ വ്യാപാരി മോയിന്‍ ഖുറേയ്ഷിക്കെതിരായ അന്വേഷണം, സെന്റ് കിറ്റ്‌സ് പൗരത്വം തേടുന്ന രണ്ട് ബിസിനസുകാരുമായി ബന്ധപ്പെട്ട കേസ്, ഹരിയാനയിലെ ഭൂമി ഏറ്റെടുക്കല്‍ കേസ് തുടങ്ങിയവയും ഇതില്‍ ഉള്‍പ്പെടുന്നു.

കേസിൽ വർമയെ കുറ്റക്കാരനാണെന്ന് കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ കേന്ദ്ര സർക്കാരിന് അദ്ദേഹത്തിൽ നിന്നും നീക്കിയ അധികാരങ്ങൾ തിരിച്ചു കൊടുക്കേണ്ടതായി വരും. കോടതിയാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത്.