X

വിവാഹസദ്യക്ക് ഉയർന്ന ജാതിക്കാരന്റെ അടുത്തിരുന്നതിന് ദളിത് യുവാവിനെ തല്ലിക്കൊന്നു

കൊല്ലപ്പെട്ട ജിതേന്ദ്ര ദാസിന്റെ ബന്ധുക്കൾ മൃതദേഹം പോസ്റ്റുമോർട്ടത്തിന് കൊണ്ടുവന്ന കോറൊണേഷൻ ആശുപത്രിയിൽ ധർണ നടത്തി.

വിവാഹപ്പന്തലിൽ ഉയർന്ന ജാതിക്കാരന്റെ കൂടെയിരുന്ന് ഭക്ഷണം കഴിച്ച ദളിത് യുവാവിനെ തല്ലിക്കൊന്നു. ഉത്തരാഖണ്ഡിൽ തേരി ജില്ലയിലാണ് സംഭവം. ഉയർന്ന ജാതിക്കാരുടെ തല്ലേറ്റ് അവശനായ ജിതേന്ദ്ര ദാസ് എന്ന 23കാരനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഏപ്രിൽ 26നാണ് അക്രമം നടന്നത്. നായിംബാഗ് താലൂക്കിൽ പെട്ട സ്ഥലത്തുള്ള ഉയർന്ന ജാതിക്കാരാണ് മകനെ തല്ലിക്കൊന്നതെന്ന് ബന്ധുക്കൾ ആരോപിച്ചു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ തൊട്ടടുത്തുള്ള ആശുപത്രിയിലാണ് ആദ്യനെത്തിച്ചത്. ഇവിടെവെച്ച് ആരോഗ്യനില വഷളായതിനെ തുടർന്ന് ശ്രീ മെഹന്ത് ഇന്ദിരേഷ് ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ വെച്ചാണ് മരണം സംഭവിച്ചത്.

കൊല്ലപ്പെട്ട ജിതേന്ദ്ര ദാസിന്റെ ബന്ധുക്കൾ മൃതദേഹം പോസ്റ്റുമോർട്ടത്തിന് കൊണ്ടുവന്ന കോറൊണേഷൻ ആശുപത്രിയിൽ ധർണ നടത്തി.

തന്റെ സഹോദരൻ ഉയർന്ന ജാതിക്കാരനായ ഒരാളുടെ അടുത്തിരുന്നതാണ് അക്രമത്തിന് പ്രകോപനമായതെന്ന് സംഭവത്തിന് സാക്ഷിയായ സഹോദരി പൂജ പറഞ്ഞു. “നീചജാതിക്കാരനായ നീ ഞങ്ങളുടെ അടുത്ത് ഇരിക്കാൻ പാടില്ല. ഇരുന്നാൽ അടി ഉറപ്പാണ്,” എന്ന് പറഞ്ഞുകൊണ്ടായിരുന്നു ആക്രമണം.

സംഭവത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്യാൻ പൊലീസ് തയ്യാറായിട്ടില്ല. ജിതേന്ദ്രയുടെ സഹോദരി നൽകിയ പരാതിയിൽ അക്രമം നടത്തിയവരുടെയെല്ലാം പേരുകളുണ്ട്. അക്രമികൾ ഗ്രാമത്തിൽ സ്വതന്ത്രമായി നടക്കുന്നുണ്ടെന്നും തങ്ങളോട് കേസ്സിന് പോകരുതെന്ന് സമ്മർദ്ദം ചെലുത്തുകയാണെന്നും ബന്ധുക്കൾ ആരോപിക്കുന്നു. ബന്ധുക്കൾ നടപടിയാവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് ചെയ്യാൻ ആലോചിച്ചിരുന്നു. ഇതെത്തുടർന്ന ശക്തമായ പൊലീസ് സന്നാഹം ഏർപ്പാടാക്കിയിരുന്നു. ബിജെപിയുടെ ത്രിവേന്ദ്ര സിങ് റാവത്താണ് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി. തേരി ഗഢ്‌വാൾ ലോകസഭാ മണ്ഡലത്തിലാണ് സംഭവം നടന്നിരിക്കുന്നത്. 91 മുതൽ ബിജെപി സ്ഥാനാർത്ഥികളാണ് ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. ഇവർ ഗഹ്‌വാൾ ഭരിച്ചിരുന്ന രാജകുടുംബത്തിലെ അംഗമാണ്.

This post was last modified on May 6, 2019 5:43 pm